പുല്പള്ളി-മുള്ളൻകൊല്ലി പഞ്ചായത്ത് പരിസരസമിതി രൂപീകരിച്ചു ജലസംരക്ഷണം പ്രധാന അജണ്ട
പൂല്‍പള്ളി : കടുത്ത വരൾച്ചയെ അഭിമുഖീകരിക്കാൻ പോകുന്ന പുൽപ്പള്ളി-മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ ഗ്രാമസഭകളിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ അതീവഗൗരവത്തോടെ ചര്‍ച്ച ചെയ്യുകയും നടപ്പാക്കുകയും വേണം. ഓരോ ഗ്രാമസഭയിലും പരിസരസമിതി രൂപീകരിച്ച് വരൾച്ചയിലേക്ക് നയിക്കുന്ന പരിസ്ഥിതി നാശവും,ജലലഭ്യതയുടെ കുറവും പരിഹരിക്കുന്നതിനായി നിലവിലുള്ള ചെക്ക്ഡാമുകൾ,തടയണകൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവ സംരക്ഷിക്കുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നതിനൊപ്പം മഴവെള്ളക്കൊയ്‌ത്തിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് മുള്ളൻകൊല്ലി പഞ്ചായത്തിലും പുൽപ്പള്ളി പഞ്ചായത്തിലും ചേർന്ന പരിസരസമിതി രൂപീകരണ കൺവെൻഷൻ പഞ്ചായത്ത് ഭരണ സമിതികളാട് ആവശ്യപ്പെട്ടു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പരിസരസമിതി രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് കൺവെൻഷൻ നടത്തിയത്. േമൽക്കൂരയിലെ ജലം സംഭരിച്ച് കിണറുകൾ റീ ചാർജ്ജ് ചെയ്യുന്നതിനും ജലത്തിന്റെ അമിതചൂഷണത്തിനും, മലിനീകരണത്തിനും, ദുരുപയോഗത്തിനുമെതിരെയുള്ള ജലസാക്ഷരത നടപ്പാക്കാന്‍ തീരുമാനിച്ചു. ‘ജലസുരക്ഷ-ജീവസുരക്ഷ’ എന്ന സംസ്ഥാനതല പ്രമേയത്തെ അടിസ്ഥാനമാക്കി ‘ജലം സംരക്ഷിക്കൂ, പുല്പള്ളിയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം പരിസരസമിതിഉയർത്തിപ്പിടിക്കും. കൺവെൻഷൻ പുൽപ്പള്ളി പഞ്ചായത്തിൽ പനമരം ബ്ലോക്ക് പ്രസിഡണ്ട് ദീലീപ് കുമാറും മുള്ളൻകൊല്ലി പഞ്ചായത്തിൽ പ്രസിഡണ്ട് ഗിരിജാ കൃഷ്ണനും ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി പഞ്ചായത്തിൽ പ്രസിഡണ്ട് ബിന്ദു പ്രകാശും, മുള്ളൻകൊല്ലി പഞ്ചായത്തിൽ വൈസ് പ്രസിഡണ്ട്ശിവരാമൻ പാറക്കുഴിയും അധ്യക്ഷത വഹിച്ചു. സ്വാമിനാഥൻ ഫൗണ്ടേഷനിലെ ഗവേഷക സുമവിഷ്ണുദാസ് വയനാടിന്റെ സവിശേഷ കാലാവസ്ഥയും പ്രശ്നങ്ങളും എന്ന വിഷയം അവതരിപ്പിച്ചു. പരിസരസമിതി ചെയർമാൻ കെ.എൻ. സുബ്രഹ്മണ്യൻ (മുള്ളൻകോല്ലി) ഉഷാ ബേബി (പുല്പള്ളി), കൺവീനര്‍മാര്‍ എ.സി.ഉണ്ണികൃഷ്ണൻ (പുൽപ്പള്ളി) എൻ.സത്യാനന്ദൻ (പുൽപ്പള്ളി) എന്നിവർ ഭാരവാഹികളായി 17 അംഗ കമ്മറ്റി രൂപീകരിച്ചു. പുൽപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ.പോൾ, ഗ്രാമപഞ്ചായത്ത് അംഗം സണ്ണി തോമസ്, പി.സി. മാത്യു, എം.എം.ടോമി, സി.ജി.ജയപ്രകാശ്, ഒ.കെ.പീറ്റർ, എ.സി.ഉണ്ണികൃഷ്ണൻ, എൻ.സത്യാനന്ദൻ എന്നിവർ പ്രസംഗിച്ചു.