സമഗ്രമായ പ്രീ സ്കൂൾ നിയമം തയ്യാറാക്കി നടപ്പിലാക്കുക

0

ജനനം മുതൽ 5 – 6 വർഷം വരെ കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.

ജനനം മുതൽ 5 – 6 വർഷം വരെ കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.മറ്റൊരു പ്രായഘട്ടത്തിലും ഉണ്ടാകാത്ത വിധം വര്ധിച്ച തോതിലുള്ള മസ്തിഷ്കവളർച്ച നടക്കുന്ന കാലമാണിത്.ഇക്കാലത്തെ പരി ചരണം,പോഷണം,ആരോഗ്യസംരക്ഷണം,വികാസ മേഖലകളുടെ ശാസ്ത്രീയമായ വികസനം എന്നിവ ഏറെ പ്രാധാന്യമർഹിക്കുന്നു.
സമ്പുഷ്ടമായ പോഷകാഹാരവും പരിചരണവും സമഗ്രമായ പഞ്ചേന്ദ്രിയാനുഭവങ്ങളും ചുറ്റുപാടുകളോടും കൂട്ടുകാരോടും കുടുംബാംഗങ്ങളോടും ഇടപെട്ട് അനുഭവങ്ങൾ ആർജ്ജിക്കാനുള്ള സമൃദ്ധമായ അവസരങ്ങളുമാണ് ഇക്കാലത്ത് ഒരുക്കേണ്ടത്.
കേരളത്തിൽ വിവിധ ഏജൻസികൾ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്.ഏറ്റവും വിപുലമായ ശിശു പരിചരണ കേന്ദ്രമായ അങ്കണവാടികൾ, സ്കൂളുകളോട് ചേർന്നതും അല്ലാതെയുള്ള എൽ.കെ.ജി – യു.കെ. ജി.കള്,പട്ടികജാതി -പട്ടികവർഗ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ എന്നിങ്ങനെ അമ്പതിനായിരത്തിലധികം വരും ഇവ.സ്കൂളുകളോടനുബന്ധിച്ചുള്ള സ്ഥാപനങ്ങളിൽ അംഗീകാരം ഇല്ലാത്തവയാണ്ഏറെയും.അങ്കണവാ ടികളിൽ വനിത-ശിശു വികസന വകുപ്പ് തയ്യാറാക്കിയ പ്രവർത്തനപുസ്തകവും ചിത്രപുസ്തകവും ഉണ്ട്.സർക്കാർ അംഗീ കാരമുള്ള സ്കൂളുകളോടനുബന്ധിച്ചുള്ള സ്ഥാപനങ്ങളിൽ എസ് സി ഇ ആർ ടി അംഗീകരിച്ച അധ്യാപക കൈ പ്പുസ്തകവും ചിത്രപുസ്തകങ്ങളും പിന്തുടരുന്നു. എന്നാൽ ശേഷിക്കുന്ന ആയിരക്കണക്കിനുള്ള ശിശുവിദ്യാഭ്യാസ കേ ന്ദ്രങ്ങളിൽ പിന്തുടരുന്ന പഠനസമീപനങ്ങളോ ഉപയോഗിക്കുന്ന സാമഗ്രികളോ ഏതാണെന്ന് പോലും സര്ക്കാ രിന് അറിയില്ല. ജാതി – മത – വാണിജ്യ ശക്തികൾക്ക് ഒരു പ്രതിബന്ധവുമില്ലാതെ ഇടപെടാനാവുന്ന സാഹച ര്യം ദീർഘകാലമായി ഇവിടെ നിലനിൽക്കുകയാണ്. ഗുരുതരമായ ഈ സ്ഥിതിവിശേഷം എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട്.
വ്യത്യസ്തമായ രീതിയിൽ വിവിധ ഏജൻസികളുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീസ്കൂൾ സംവിധാനത്തെ ഒരു കുടക്കീഴിലാക്കി ശാസ്ത്രീയമായ ശിശുപരിചരണവും ശ്രദ്ധയും അനുഭവങ്ങളും നൽകാൻ ഇനിയും വൈകിക്കൂടാ. അങ്കണവാടി, പ്രീ സ്കൂൾ എന്ന വ്യത്യാസമില്ലാതെ എല്ലാ കുഞ്ഞുങ്ങൾക്കും പോഷകാഹാരവും രോഗപ്രതിരോധ സൗകര്യങ്ങളും ശാരീരിക – മാനസിക പരിമിതികൾ കണ്ടെത്താനുള്ള മാർഗങ്ങളും നടപ്പാക്കണം. ശൈശവ കാലത്തിന്റെ ആദ്യഘട്ടത്തില് (3 – 5 വയസ്സ് )എല്ലാ കുഞ്ഞുങ്ങളെയും അങ്കണവാടികളിൽ എത്തിക്കണം. അവിടങ്ങളില് കളിയനുഭവങ്ങളും സമ്പുഷ്ടമായ പോഷകാഹാരവും ലഭ്യമാക്കണം.ഇതിന് ഉതകും വിധം അങ്ക ണവാടികളെ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കണം.ഒന്നാം ക്ലാസിന് തൊട്ടുമുൻപുള്ള ഒരു വർഷ ക്കാലം കുട്ടികള്ക്ക് സ്കൂളുകളോട് അനുബന്ധിച്ചുള്ള പ്രീ സ്കൂളുകളില് പ്രവേശനം നല്കാം. പക്ഷേ ഇത് ഒന്നാം തരത്തിന്റെ താഴോട്ടുള്ള വലിച്ചുനീട്ടല് ആകരുത്.ഇപ്രകാരം 3 – 6 വയസ്സുവരെയുള്ള അങ്കണവാടി – പ്രീ സ്കൂള് അനുഭവ ങ്ങൾ എല്ലാ ഘട്ടത്തിലും മാതൃഭാഷയിൽ ആയിരിക്കണം.പ്രാദേശിക ഭാഷകള്ക്ക് ഈ ഘട്ടത്തില് മുന്തിയ പരി ഗണന ലഭിക്കുകയും വേണം.
അങ്കണവാടി – പ്രീ സ്കൂള് അധ്യാപകരുടെ യോഗ്യത,പരിശീലനം,സേവന വേതന വ്യവസ്ഥകൾ,ഭൗതി കസൗകര്യങ്ങൾ,ശാസ്ത്രീയമായ പ്രവർത്തന പദ്ധതി,പൊതുസമീപനം തുടങ്ങിയവ കൃത്യതപ്പെടുത്തുന്ന സമഗ്രമായ ഒരു പ്രീ സ്കൂള് നിയമം ആവശ്യമാണ്.ഇതുണ്ടെങ്കില് മാത്രമേ ഈ രംഗത്തെ അശാസ്ത്രീയതകള്ക്ക് തടയിടാനും ഔപചാരിക വിദ്യാഭ്യാസത്തിന് ശാസ്ത്രീയമായ അടിത്തറ രൂപ്പെടുത്താനും അതുവഴി കേരളത്തിലെ വിദ്യാഭ്യാസ ത്തെ അന്തര്ദേശീയ നിലവാരത്തിലേക്ക് നയിക്കാനുമാവൂ.
ഇതിനുള്ള ബില്ല് തയ്യാറാക്കി അടിയന്തിരമായി വ്യാപകമായ ജനകീയ ചർച്ചയ്ക്ക് വിധേയമാക്കണമെന്നും എത്രയും വേഗം കേരളത്തിലെ പ്രീ സ്കൂൾ വിദ്യാഭ്യാസത്തെ പ്രസ്തുത നിയമത്തിനു കീഴിൽ കൊണ്ടുവരണമെന്നും ശാസ്ത്രീയമായി പരിഷ്കരിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 58-ാം സംസ്ഥാന വാർഷികസമ്മേളനം സർക്കാരിനോട് അഭ്യർഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *