പുസ്തകസമ്മാനം
കാലടി :- ശിശുദിനസമ്മാനമായി 10,000 രൂപയുടെ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി പരിഷത്ത് അങ്കമാലി മേഖല മാതൃകയായി. ശ്രീമൂലനഗരം ഗവ.എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ക്ക് വായിക്കുന്നതിന് ചിത്രങ്ങളും കഥകളുമുളള അക്ഷരപ്പൂമഴ അടക്കമുളള 200 പുസ്തകങ്ങളാണ് സ്‌കൂളിന് സമ്മാനമായി നല്‍കിയത്. പരിഷത്തിന്റെ എറണാകുളം ജില്ലാ പ്രവര്‍ത്തക ക്യാമ്പിന്റെ ഭാഗമായി സമാഹരിച്ച ശാസ്ത്രപുസ്തകങ്ങളാണ് സ്‌കൂളിന് നല്‍കിയത്. യോഗം ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് അല്‍ഫോന്‍സ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. നാടകകൃത്ത് ശ്രീമൂലനഗരം മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാപ്രസിഡന്റ് കെ.എസ്.രവി പുസ്തകങ്ങള്‍ പ്രധാന അദ്ധ്യാപിക കെ.സി. വത്സയ്ക്ക് നല്‍കി. അങ്കമാലി മേഖല പ്രസിഡന്റ് എം.ആര്‍.വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എ. സന്തോഷ്, പി.ടി.എ. പ്രസിഡന്റ് കെ.എ. നൗഷാദ്, മുന്‍ പി.ടി.എ. പ്രസിഡന്റ് വി.പി.സുകുമാരന്‍, ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ കമ്മിറ്റിയംഗം രാധാമുരളീധരന്‍, സീനിയര്‍ അദ്ധ്യാപിക സുജാത എ.എസ്. തുടങ്ങിയവര്‍ സംസാരിച്ചു.
കേരളശാസ്ത്രസാഹിത്യപരിഷത്ത് എറണാകുളം ജില്ലാപ്രവര്‍ത്തക ക്യാമ്പ് ഒക്‌ടോബര്‍ 29,20 തീയതികളില്‍ അങ്കമാലി മേഖലയുടെ ആതിഥേയത്വത്തില്‍ കാലടി യൂണിറ്റില്‍ നടന്നു. ക്യാമ്പിന്റെ നടത്തിപ്പിനായി രൂപീകരിച്ച സംഘാടകസമിതിയാണ് 10,000 രൂപയുടെ പുസ്തകങ്ങള്‍ ശ്രീമൂലനഗരം ഗവ.എല്‍.പി.സ്‌കൂളിന് നല്‍കിയത്. ഇതിനുമുമ്പ് മറ്റൂര്‍ ഗവ.എല്‍.പി. സ്‌കൂള്‍, കൈപ്പട്ടൂര്‍ ഗവ.യു.പി. സ്‌കൂളില്‍ എന്നീ സ്‌കൂളുകള്‍ക്ക് 10,000 രൂപ വീതം വില വരുന്ന 20,000 രൂപയുടെ പുസ്തകങ്ങള്‍ രണ്ട് സ്‌കൂളുകള്‍ക്കും നല്‍കി.