പത്തനംതിട്ടയിൽ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്
കേരളം നേടിയ നേട്ടങ്ങൾ നിലനിർത്തുക, സാമൂഹ്യ സാമ്പത്തിക തുല്യത കൈവരിക്കുക, ജണ്ടർ ഇക്വിറ്റി നേടുക, പരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് വികസന നേട്ടങ്ങൾ എല്ലാവരിലും എത്തിക്കുക,
30/07/2023
പത്തനംതിട്ട : ജില്ലയിലെസംഘടനാ വിദ്യാഭ്യാസ ക്യാമ്പ് , 28, 29 ജൂലൈ വെള്ളി, ശനി ദിവസങ്ങളിൽ പ്രവർത്തകരുടെ മികച്ച പങ്കാളിത്തത്തോടെ നടന്നു. “വിതരണ നീതിയിലധിഷ്ടിതമായ രാഷ്ട്രീയ നയമാണ് കേരളത്തിന്റെ നിസ്തുലമായ വികസനത്തിന് അടിസ്ഥാന”മെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പത്തനംതിട്ട ജില്ലാതല സംഘടനാവിദ്യാഭ്യാസ ക്യാമ്പ് കൊടുമൺ അങ്ങാടിക്കൽ എസ്.എൻ.വി. ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന സെക്രട്ടറി ജോജി കൂട്ടുമ്മൽ പ്രസ്താവിച്ചു. കേരളം നേടിയ നേട്ടങ്ങൾ നിലനിർത്തുക, സാമൂഹ്യ സാമ്പത്തിക തുല്യത കൈവരിക്കുക, ജണ്ടർ ഇക്വിറ്റി നേടുക, പരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് വികസന നേട്ടങ്ങൾ എല്ലാവരിലും എത്തിക്കുക, ഇവയെല്ലാം നേടിയെടുക്കുന്നതിനായി ശാസ്ത്ര ബോധം സാർവ്വജനീനമാക്കുക എന്നിവയാണ് പരിഷത്തിന്റെ ഭാവി പ്രവർത്തന ലക്ഷ്യങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഉത്ഘാടന സമ്മേളനത്തിൽ സംഘടനാ വിദ്യാഭ്യാസത്തിന്റെ ജില്ലാതല ചുമതല വഹിക്കുന്ന ശ്രീ. വി.എൻ. അനിൽ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ ശ്രീ. രാജൻ ഡി ബോസ് സ്വാഗതം ആശംസിക്കുകയും ജില്ലാ സെക്രട്ടറി ശ്രീ. രമേശ് ചന്ദ്രൻ ക്യാമ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.
പരിസരം , വികസനം ,ജൻഡർ , വിദ്യാഭ്യാസം , ഐ ടി ,എന്നിങ്ങനെ വിഷയങ്ങളിൽ, രണ്ട് ദിവസങ്ങളിലായി വളരെ ആഴത്തിലുള്ള ചർച്ചകൾ നടന്നു.പ്രവർത്തകർ ആവേശത്തോടെ ഏറ്റടുത്ത പരിപാടിയുടെ സംഘാടനത്തിൽ സംഘാടക സമിതി ശ്രദ്ധേയമായ പങ്ക് വഹിച്ചു. രണ്ടാം ദിവസം 5 മണിയോടെ പരിപാടികൾ അവസാനിച്ചു.