ശാസ്ത്ര സംരക്ഷണ സദസ്
23/09/23 തൃശൂർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുന്നംകുളം മേഖലയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രം കെട്ടുകഥയല്ല എന്ന മുദ്രാവാക്യം വച്ചു കൊണ്ട് “ശാസ്ത്ര സംരക്ഷണ സദസ്” 10 കേന്ദ്രങ്ങളിൽ നടന്നു. കാട്ടകാമ്പാൽ പഞ്ചായത്തിലെ ചിറയ്ക്കൽ സെന്ററിൽ നിന്നും രാവിലെ 9 മണിക്ക് തുടങ്ങിയ വാഹനജാഥ വൈകീട്ട് 7.30ന് കുന്നംകുളം . സെന്ററിൽ സമാപിച്ചു. ഭരണഘടനയുടെ 51എ ( എച്ച്) വിഭാവനം ചെയ്തിട്ടുളള ശാസ്ത്രീയ മനോഭാവം വളർത്തുക എന്ന ആർട്ടിക്കിൾ ദുർബലപ്പെടുത്തുന്ന വിധത്തിലാണ് പാഠപുസ്തകങ്ങളിൽ നിന്നും പരിണാമ സിദ്ധാന്തം, ആവർത്തന പട്ടിക എന്നിവ ഒഴിവാക്കാനുള്ള തീരുമാനം. പകരം പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുള്ള ദശാവതാരം, പഞ്ചഭൂത സിദ്ധാന്തം എന്നിവ പഠിപ്പിക്കുന്നത് അന്ധവിശ്വാസങ്ങളിൽ പുതിയ തലമുറയെ കെട്ടിയിടാനും അവരുടെ അന്വേഷണ മനോഭാവത്തെ തളർത്താനും വഴിവെക്കും.
ശാസ്ത്ര സംരക്ഷണ സദസിൽ പരിഷത് കേന്ദ്ര നിർവാഹക സമിതിയംഗം വി മനോജ്കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ഡോ. സി.എൽ. ജോഷി, ജയറാം സന്തോഷ്, ടി രാജഗോപാൽ, പികെ. രാജൻ മാസ്റ്റർ, എം.അർ. രാഗേഷ് , ലാർസൻ സെബാസ്റ്റ്യൻ, ടി.എ. പ്രേമരാജൻ എന്നിവർ സംസാരിച്ചു പരിഷത്ത് ബാലവേദി ഗായക സംഘത്തിലെ അനഘ, നന്ദന, ശിവാനി എന്നിവർ ശാസ്ത്ര ഗാനങ്ങൾ ആലപിച്ച് സദസ് സമ്പുഷ്ടമാക്കി