ഞാനും ശാസ്ത്രഗതി കുടുംബാംഗം – മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്
ശാസ്ത്രമാസമാസികകളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും പ്രചാരണം വര്‍ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ശാസ്ത്രഗതിയുടെ വരിസംഖ്യ നല്‍കി വാര്‍ഷിക വരിക്കാരനായിക്കൊണ്ട് തൃശ്ശൂര്‍ ശാസ്ത്രസാഹിത്യ പരിഷത്ത് പരിസരകേന്ദ്രത്തില്‍ വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രബോധത്തിന്റെ അഭാവം സാംസ്കാരികമണ്ഡലത്തില്‍ ശക്തമായി അനുഭവപ്പെടുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമില്ലാതെ പുതിയ തലമുറയെ വളര്‍ത്തുന്നതിന് ശാസ്ത്രാവബോധം വിദ്യാഭ്യാസപ്രക്രിയയുടെ ഭാഗമാക്കേണ്ടതുണ്ട്. തന്റെ ഓഫീസിലെ മുഴുവന്‍ ജീവനക്കാരെയും ശാസ്ത്രഗതിയുടെ വരിക്കാരാക്കും, താനും ശാസ്ത്രഗതി കുടുംബത്തിലെ അംഗമാണെന്നും മന്ത്രി പറഞ്ഞു.
ഡോ.എം.പി.പരമേശ്വരന്‍ മന്ത്രിയില്‍നിന്ന് വരിസംഖ്യ സ്വീകരിച്ചു. ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.പി.അരവിന്ദന്‍, ജനറല്‍സെക്രട്ടറി പി.മുരളീധരന്‍, പ്രൊഫ.കെ.ആര്‍.ജനാര്‍ദനന്‍, ഡോ.എന്‍.കെ.ശശിധരന്‍പിള്ള, പ്രൊഫ.ബേബി ചക്രപാണി, ടി.കെ.മീരാഭായ്, അഡ്വ.കെ.പി.രവിപ്രകാശ്, പി.കെ.നാരായണന്‍, പി.കെ.വിജയന്‍, എ.എ.മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.
തൃശ്ശൂര്‍ ജില്ലയില്‍ 5000 ശാസ്ത്രഗതി വരിക്കാരെ ചേര്‍ക്കുമെന്ന് മുഖ്യചുമതലക്കാരന്‍ ജില്ലാപ്രസിഡണ്ട് എം.എ.മണി അറിയിച്ചു. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍, സെക്രട്ടറി കെ.പി.മോഹനന്‍, കേന്ദ്ര സാഹിത്യ അക്കാദമി യുവസാഹിത്യ പ്രതിഭ ആര്‍.ലോപ എന്നിവരും ശാസ്ത്രഗതി വരിക്കാരായി.