മൂന്നാംലോക രാജ്യങ്ങളെ നയിക്കാന്‍ പ്രാപ്തമാണ് കേരളം: ഗൗഹാര്‍ റാസ
മലപ്പുറം : ശാസ്ത്രസാഹിത്യപരിഷത്ത് യുവസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സ്‌ക്രൈബ്‌സ് ശാസ്ത്രസാംസ്‌കാരികോത്സവത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 11ന് മലപ്പുറം സെന്റ് ജെമ്മാസ് സ്കൂളില്‍ വച്ച് പ്രസിദ്ധ ഉറുദുകവിയും ശാസ്ത്രജ്ഞനും ഡോക്യുമെന്ററി ആക്റ്റിവിസ്റ്റുമായ ഗൗഹര്‍ റാസ നിര്‍വഹിച്ചു.
സാംസ്‌കാരിക മേഖലയിലെ ഫാസിസ്റ്റ് അതിക്രമങ്ങളെ ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിരോധിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. മൂന്നാംലോകരാജ്യങ്ങളുടെ മുന്നേറ്റങ്ങളെ മുഴുവന്‍ ശക്തിപ്പെടുത്തി മുന്നോട്ട് നയിക്കാന്‍ പ്രാപ്തിയുള്ള പൊതുമണ്ഡലമാണ് കേരളത്തിന്റേതെന്ന് ഗൗഹാര്‍ റാസ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വളര്‍ച്ചയില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലുകള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട് എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
‘അറിവനുഭൂതിയുടെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ ശ്രീചിത്രന്‍ എം.ജെ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിന് പരിഷത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് ഇ വിലാസിനി അധ്യക്ഷത വഹിച്ചു. പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി വി.വിനോദ് സ്വാഗതവും സ്‌ക്രൈബ്‌സ് ജനറല്‍ കണ്‍വീനര്‍ റിസ്വാന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് മലപ്പുറം സെന്റ് ജെമ്മാസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ച് ശ്രീജ ആറങ്ങോട്ടുകര അവതരിപ്പിച്ച ഏകപാത്രനാടകം ‘പ്രേമഭോജനം’, കൊളത്തൂര്‍ ലിറ്റില്‍ എര്‍ത്ത് തിയ്യറ്റേഴ്സിന്റെ മൂന്നുനാടകങ്ങള്‍ ചേര്‍ന്ന ‘തിയ്യറ്റര്‍ കൊളാഷ്’, ട്രാന്‍സ്‌ജെന്റര്‍ ആക്റ്റിവിസ്റ്റ് ഇഷ കിഷോറിന്റെ ‘നൃത്താവിഷ്‌കാരം’, മേലാറ്റൂര്‍ രാമകൃഷ്ണന്റെ ‘പുള്ളുവന്‍പാട്ട്’, പസ്‌കിയും സംഘവും അവതരിപ്പിച്ച നാടകം ‘റീത്ത്’ എന്നിവ അരങ്ങേറി.