ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണം
23 ഓഗസ്ത് 2024
വയനാട്
സുൽത്താൻ ബത്തേരി, മീനങ്ങാടി : ദുരന്ത സാധ്യത പ്രദേശങ്ങളിലുള്ളവരെ സുരക്ഷിതരാക്കാനുള്ള ശാസ്ത്രീയ നടപടികൾ കൈക്കൊള്ളണമെന്ന് കൽപ്പറ്റ ഹ്യൂം സെൻ്റർ ഡയറക്ടർ ശ്രീ. സി കെ വിഷ്ണുദാസ് അഭിപ്രായപ്പെട്ടു. മീനങ്ങാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന സയൻസ് ടെക്നോളജി എഡ്യൂക്കേഷൻ ആൻറ് റിസർച്ച് സെൻ്റർ, കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂം സെൻറർ ഫോർ ഇക്കോളജി ആൻ്റ് ബയോളജി, മീനങ്ങാടി ഗവ.പോളിടെക്നിക്ക് കോളേജ് എൻ.എസ്.എസ് യൂണിറ്റ് എന്നിവർ ചേർന്ന് 22-8-24 ന് മീനങ്ങാടി ഗവ.പോളിടെക്നിക്ക് കോളേജ് ഹാളിൽ “വയനാടും പ്രകൃതിദുരന്തങ്ങളും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശാസ്ത്ര ക്ലാസിലാണ് വിഷയം ചർച്ചയായത്.
ആഗോള താപനത്തിൻ്റെ ഫലമായി ഇപ്പോൾ കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർത്ഥ്യമാണ്. 12 കിലോമീറ്റർ വരെ ഉയരമുള്ള “കൂമ്പാര മേഘങ്ങൾ ” രൂപപ്പെട്ട് ചുരുങ്ങിയ സമയം കൊണ്ട് അതിതീവ്ര മഴയായി പെയ്തിറങ്ങുന്നത് കുറച്ചു വർഷങ്ങളായി നിരന്തരമായി കണ്ടു വരുന്നു. മഴയിൽ കുതിർന്ന് ജല പൂരിതമായ ചെരിവുള്ള ദുർബല പ്രദേശങ്ങളിൽ ചുരുങ്ങിയ സമയത്ത് അതിതീവ്ര മഴ പെയ്യുമ്പോൾ ഉരുൾപൊട്ടലും, മണ്ണിടിച്ചിലും, ഭൂമി താഴ്ന്ന് പോകലും സംഭവിക്കുന്നു. 2018 മുതൽ ഇത്തരം പ്രതിഭാസങ്ങൾ വയനാട് ജില്ലയിലെ ദുർബല പ്രദേശങ്ങളിൽ സംഭവിച്ചു വരുന്നുണ്ട്. സ്വാഭാവിക നീരൊഴുക്കിനുണ്ടാവുന്ന വിഘാതങ്ങളും ദുരന്തങ്ങൾക്ക് കാരണമാവുന്നു.
മീനങ്ങാടി ഗവ: പോളിടെക്നിക്ക് കോളേജ് എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ശ്രീ. എം സി നിഖിൽ ചർച്ചകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും ചർച്ചകളിൽ പങ്കെടുത്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്തും ഹ്യൂം സെൻ്ററും ചേർന്ന് പഠനം നടത്തി പ്രസിദ്ധീകരിച്ച “വയനാട്ടിൽ ഇനി വേണ്ടത് ജാഗ്രത ” എന്ന പുസ്തകം പോളിടെക്നിക്കിന് സമ്മാനിച്ചു. ക്യാമ്പസ് ശാസ്ത്രസമിതികളുടേയും, യുവ സമിതികളുടെയും പ്രാധാന്യം സംബന്ധിച്ച് സ്റ്റെർക്ക് ചെയർമാൻ ശ്രീ. കെ ബാലഗോപാലൻ വിശദീകരിച്ചു. സ്റ്റെർക്ക് വൈസ് ചെയർമാൻ ശ്രീ. പി ആർ മധുസൂദനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പരിഷത്ത് മേഖല സെക്രട്ടറി ശ്രീ. പി കെ രാജപ്പൻ സ്വാഗതവും മീനങ്ങാടി യൂണിറ്റ് സെക്രട്ടറി ശ്രീ. കെ ആർ സുരേഷ് നന്ദിയും പറഞ്ഞു.