സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ്: ഉദ്ഘാടന പ്രസംഗം

0

ഒഞ്ചിയം:  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്ത് “ജനകീയാസൂത്രണത്തിൻ്റെ മൂന്ന് പതിറ്റാണ്ട് – അനുഭവങ്ങളും ഭാവിയും” എന്ന വിഷയമവതരിപ്പിചച്ച്  ജിജു പി അലക്സ് മടപ്പള്ളി ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടത്തിയ ഉദ്ഘാടന പ്രസംഗം.

കേരള വികസന ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരേടാണ് ജനകീയാസൂത്രണം, ഏറെ പ്രയത്നിച്ച് സൃഷ്ടിച്ചെടുത്ത മാതൃക നന്നായി നടപ്പാക്കേണ്ടതുണ്ട്. പല രംഗങ്ങളിലും വ്യക്തമായ മാറ്റങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.ഇതിൻ്റെ ഒരു ശതമാനം പോലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ സാദ്ധ്യമായില്ല. പതിനാലാം പദ്ധതി മാർഗ്ഗരേഖയിലും ഇക്കണോമിക്സ് ടൈംസ് ലേഖനങ്ങളിലും വിശദാംശങ്ങളുണ്ട്. 1996-ലെ പ്രണ്ട് ലൈൻ വാരികയിലും മറ്റും വിശദമായ ലേഖനങ്ങളുണ്ടായിരുന്നു. ജനങ്ങളുടെ പങ്കാളിത്തമെന്നാൽ വോട്ടു ചെയ്യൽ മാത്രമല്ലെന്നും അത് സമഗ്രവും പ്രായോഗികവും ക്രിയാത്മകവുമായി വികസന പ്രക്രിയയിൽ ഉപയോഗിക്കാമെന്നും കാണിച്ച മാതൃകയായിരുന്നു ജനകീയാസൂത്രണം.എന്നാൽ ഈ വികസന നേട്ടങ്ങൾ ചൂണ്ടിക്കാണിച്ച് നമുക്ക് ലഭിക്കേണ്ട സാമ്പത്തിക വിഹിതം നൽകാതിരിക്കുകയാണ് കേന്ദ്രം ചെയ്യുന്നത് .ഇത് നമ്മുടെ മുന്നേറ്റം തടയുന്നു എന്നു മാത്രമല്ല സാമൂഹ്യ സേവനങ്ങൾ പോലും മുടങ്ങുന്ന നിലയിലേക്കെത്തുന്നു.മറ്റു സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾ ചെയ്യുമ്പോലെ മതിയെന്നാ പറയുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം ബജറ്റിൽ തന്നെ നീക്കിവയ്ക്കുന്ന സംസ്ഥാനമാണ് കേരളം. ഉദ്യോഗസ്ഥരെ പുനർവിന്യാസം നടത്തി പദ്ധതി നടത്തിപ്പ് സുഗമമാക്കി.

30 വർഷം കൊണ്ട് എന്ത് നേടി….

വൻ പ്രളയങ്ങളൊഴിച്ച് പ്രകൃതിദുരന്തങ്ങളെ മിറ്റിഗേറ്റ് ചെയ്യാൻ പഞ്ചായത്തുകൾക്ക് കഴിയുന്നുണ്ട്. പുനരധിവാസ ക്യാമ്പുകൾ നന്നായി നടത്തുന്നു. കോവിഡ് കാലത്തും നിയന്ത്രണങ്ങൾ വിജയിപ്പിക്കാൻ കഴിഞ്ഞു. വാക്സിൻ ലഭ്യമാവുന്നതിന് മുമ്പ് മരണസംഖ്യ നന്നായി കുറയ്ക്കാൻ കഴിഞ്ഞു. വാക്സിൻ വന്നപ്പോൾ വളരെ വേഗത്തിൽ എല്ലാവർക്കും എത്തിക്കുന്നതിലും തദ്ദേശ സ്ഥാപനങ്ങളാണ് മുൻകൈയെടുത്തത്. വാക്സിൻ ഡോസ് നഷ്ടമാവാതെ കാര്യക്ഷമമായി (11/vial) ഉപയോഗിക്കുന്നതിലും നമ്മൾ വിജയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ 7-8 ഡോസ് മാത്രമാണ് ഒരു case ൽ നിന്ന് ഉപയോഗിക്കാൻ കഴിഞ്ഞത്.

പൊതുജനാരോഗ്യ സംരക്ഷണത്തിൽ വലിയ പങ്ക് വഹിക്കാൻ കഴിഞ്ഞു.ദരിദ്രരായവർക്ക് ഡയാലിസിസ് സഹായം വ്യാപകമാക്കാൻ കഴിഞ്ഞു. ജീവിത ശൈലീ രോഗങ്ങളുടെ കണക്കെടുപ്പും നിയന്ത്രണമാർഗ്ഗങ്ങൾ, വ്യായാമത്തെക്കുറിച്ചുള്ള അവബോധമുണ്ടാക്കൽ എല്ലാം നന്നായി ചെയ്യുന്നു. വിദ്യാഭ്യാസ രംഗത്ത് സൂക്ഷ്മമായി ഇടപെടാനുള്ള തുറസ്സുകൾ കിട്ടി. പൊതുവിദ്യാഭ്യാസത്തിലെ തദ്ദേശ സ്ഥാപന വിഹിതം 2016-17 ലെ 23% ൽ നിന്ന് 2021-22 ൽ 52% ആയി.

അതിദരിദ്രരുടെ എണ്ണം വെറുംo.7% ആണ്.കുടുംബശ്രീ പദ്ധതികൾ, ആശ്രയ എന്നിവ ഇക്കാര്യത്തിൽ നല്ല പങ്കു വഹിക്കുന്നു. ഇവിടെ നിരന്തരമായ വിലയിരുത്തൽ നടത്തി തിരിച്ച് പോക്ക് തടയാൻ കഴിയണം. വയോജന നയം അടുത്ത് വരാനിരിക്കയാണ്. അയൽ സഭ തുടങ്ങിയ ഘടകങ്ങൾക്ക് ഇവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സഹായിക്കാൻ കഴിയും.

ഉദ്ദേശിച്ച പോലെ എങ്ങുമെത്താതെ പോയത് അവശജനവിഭാഗ(SC/ST)ങ്ങളുടെ ഉന്നമനവും പരിചരണവുമാണ്. അതൊരു കറുത്ത പൊട്ടായി നിൽക്കുന്നു. പദ്ധതികളും അലോക്കേഷൻസും ഉണ്ടെങ്കിലും അവരെ ഗുണമേന്മയിലേക്ക്, പൊതുധാരയിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ല.

പശ്ചാത്തല മേഖലയിലാണ് ഏറ്റവും കൂടുതൽ വികസനം നടന്നത്. എന്നാൽ ഇത് വിശദമായ പദ്ധതികളുടെയും പഠനങ്ങളുടെ പിൻബലത്തിലല്ല. വേണ്ടത്ര ഗുണദോഷവിശകലനം നടക്കുന്നുമില്ല. 19% പ്ലാൻ ഫണ്ടും റോഡുകൾക്കാണ് ഉപയോഗിക്കുന്നത്. വികസനത്തിൻ്റെ പ്രാഥമിക തല മായ ഉദ്പാദന രംഗത്ത് കാര്യമായ ചലനമുണ്ടാക്കാൻ ജനകീയാസൂത്രണത്തിന് കഴിഞ്ഞില്ല. അതുമല്ല അതിൻ്റെ സ്കെയിൽ താഴോട്ടാണ് താനും.

സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്ന മറ്റൊരു കാര്യം ഭവന നിർമ്മാണമാണ്. Life പദ്ധതിയെക്കൂടാതെ, കേന്ദ്ര പദ്ധതിയിലും 75% ത്തിലധികം സംസ്ഥാനമാണ് ചെലവഴിക്കേണ്ടത്. മലിന്യ സംസ്കരണരംഗത്തും വേണ്ടത്ര മുന്നേറാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് 32% ജൈവവിഘടനം സാദ്ധ്യമല്ലാത്ത മാലിന്യമാണ്.25 ടൺ ഒരു ദിവസം ഉണ്ടാവുന്നു. ആദ്യമൊക്കെ ക്ഷീരമേഖലയിൽ നല്ല മുന്നേറ്റമുണ്ടായിരുന്നു.എന്നാൽ പ്രളയവും കോവിഡുമൊക്കെ വല്ലാതെ തളർത്തി.പ്രതീക്ഷ നൽകുന്നുമില്ല.

ഉദ്പാദനരംഗത്ത് വലിയ നിക്ഷേപം ആവശ്യമാണ്. വലിയ വ്യാപ്തിയിൽ (പാട്ടത്തിനെടുത്തായാലും) കൃഷി ചെയ്യാൻ തയ്യാറുള്ളവരെ എങ്ങനെ സഹായിക്കാം, ചെറുകിട കൃഷിക്കാരുടെ ഉൽപന്നങ്ങൾ എങ്ങനെ ശേഖരിക്കാം, അവരുടെ സാമ്പത്തിക ഭദ്രത എങ്ങനെ മെച്ചപ്പെടുത്താം, മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കാൻ പദ്ധതികൾ എന്നിവ എങ്ങനെ നടപ്പാക്കാം എന്ന് ആലോചിക്കണം.

ഗ്രാമസഭകൾ സക്രിയമാക്കാൻ കഴിയണം.അനുഭവങ്ങളെ ക്രിസ്റ്റലൈസ് ചെയ്യാൻ, കോൺക്രീറ്റൈസ് ചെയ്യാൻ കഴിയണം.യുവതയെ സക്രിയമായി ഉപയോഗിച്ച് ഉദ്പാദന രംഗം വൈവിധ്യവൽക്കരിക്കാനും തദ്ദേശ സ്ഥാപനങ്ങളെ സാമ്പത്തിക മുന്നേറ്റത്തിലേക്ക് നയിക്കാനും കഴിയണം.

Leave a Reply

Your email address will not be published. Required fields are marked *