കുടിവെളളം വിഷലിപ്തമാക്കിയ സെന്റ് ആന്റണീസ് ജ്വല്ലറി വര്‍ക്സിനെതിരെ അടിയന്തിര നടപടി വേണം. – പരിഷത്ത് തൃശ്ശൂര്‍ ജില്ലാകമ്മിറ്റി
തൃശ്ശൂര്‍ ജില്ലയിലെ അവിണിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചെറുവത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ആന്റണീസ് ജ്വല്ലറി വര്‍ക്സ് എന്ന സ്വര്‍ണാഭരണ നിര്‍മാണശാല തദ്ദേശീയ വാസികളുടെ കുടിവെള്ളം മുട്ടിച്ചിരിക്കുകയാണ്. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന പ്രസ്തുത സ്ഥാപനത്തില്‍നിന്നും പുറത്തു വിടുന്ന ആസിഡ് മാലിന്യം തദ്ദേശവാസികളുടെ കിണറുകളിലും കുളങ്ങളിലും ആഴ്ന്നിറങ്ങി ജലത്തിന്റെ ഗുണനിലവാരം കുടിവെള്ളത്തിന് അനുയോജ്യമല്ലാതാക്കി തീര്‍ത്തിരിക്കുന്നു. കഴിഞ്ഞ രണ്ടര വര്‍ഷക്കാലമായി തദ്ദേശീയവാസികള്‍ സമരത്തിലാണ്. ഭരണകൂടത്തിന്റെ നാളിതുവരെയുളള വാക്കാലുള്ള ഉറപ്പുകള്‍ നിരന്തരം പാഴ് വാക്കായി മാറിക്കൊണ്ടിരിക്കുന്നു. വിവിധ അംഗീകൃത ലബോറട്ടറികളില്‍ നടത്തിയ പരിശോധനകളിൽ നിന്നും വെള്ളം വലിയതോതില്‍ മലിനീകരിക്കപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ ചെറുവത്തേരി പ്രദേശത്തെ 10,11,12 വാര്‍ഡുകളിലെ കിണറുകളിലെ ജലം ആസിഡ് കലര്‍ന്ന് മലിനീകരിക്കപ്പെട്ടതായി റീജിയണല്‍ അനാലിറ്റിക്കല്‍ ലബോറട്ടറി കാക്കനാട്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലെപ്മെന്റ് & മാനേജ്‌മെന്റ്,( CWRDM കോഴിക്കോട്) തൃശ്ശൂര്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ഗ വണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശ്ശൂര്‍, ഭൂഗര്‍ഭജലവകുപ്പ് (കൃഷി), സോയിൽ & അഗ്രികള്‍ച്ചറൽ കെമിസ്ട്രി വിഭാഗം (കാര്‍ഷികസര്‍വകലാശാല) എന്നീ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിട്ടുള്ളതാണ്.
ജലമലിനീകരണത്തിന് ഹേതുവായ രാസമാലിന്യത്തിന്റെ ഉറവിടം സെന്റ് ആന്റണീസ് ജ്വല്ലറി വർക്സ് തന്നെയാണ് എന്ന് CWRDM, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവ സംശയത്തിനിട നൽകാത്തവണ്ണം റിപ്പോർട്ട് ചെയ്തിട്ടുളളതുമാണ്.
ജീവിക്കാനുള്ള അവകാശം ഭരണഘടനാപരമായി ഇന്ത്യയിലെ പൗരന് അനുവദിച്ച് തന്നിട്ടുള്ളതാണ്. കുടിവെള്ളം മുട്ടിക്കുന്ന ഇത്തരം പ്രവൃത്തികൾ പൊറുക്കാനാവാത്ത മനുഷ്യാവകാശ ലംഘനങ്ങളാണ്. അധികൃതര്‍ക്ക് നിരന്തരം നിവേദനങ്ങള്‍ നല്‍കിയിട്ടും സമരങ്ങള്‍ സംഘടിപ്പിച്ചിട്ടും കളക്ടറടക്കമുള്ളവര്‍ മൗനവൃതത്തിലാണ്. ഈ സാഹചര്യത്തില്‍ കളക്ടറേറ്റില്‍ തദ്ദേശീയവാസികള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന അനിശ്ചിത കാല സത്യഗ്രഹ സമരത്തിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു.
ഈ സാഹചര്യത്തില്‍ ക മ്പനി പൂട്ടുന്നതിനും തെറ്റുചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും കുടിവെള്ളത്തിന്റെ ഗുണനിലവാരം പഴയപടി ആക്കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളണ മെന്ന് സംസ്ഥാന ജില്ലാ അധികൃതരോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.