തിരുവനന്തപുരം ഭവൻ പുനരുദ്ധാരണം പ്രാഥമിക ചർച്ചകൾക്ക് തുടക്കമായി
തിരുവനന്തപുരം: പരിഷദ് ഭവന്റെ പുനരുദ്ധാരണത്തെക്കുറിച്ച് ചർച്ച സജീവമാക്കി തിരുവനന്തപുരം ജില്ലാകമ്മിറ്റി. നിലവിലുള്ള കെട്ടിടത്തിന്റെ അസൗകര്യവും ശോചനീയാവസ്ഥയും പരിഹരിക്കണമെന്ന ദീർഘകാലത്തെ ആഗ്രഹം സഫലീകരിക്കാനുള്ള ശ്രമത്തിലാണ് പ്രവർത്തനങ്ങൾ ആലോചിക്കുന്നത്. പ്രാഥമിക ചർച്ചകളുടെ തുടക്കമെന്നോണം കോസ്റ്റ്‌ഫോർഡ് അസിസ്റ്റന്റ് ഡയറക്ടർ പി.ബി. സാജൻ നിലവിലുള്ള കെട്ടിടത്തിൽ വരുത്താനാവുന്ന മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജില്ലയിലെ മുതിർന്ന പ്രവർത്തകരുടെയും സംസ്ഥാനസമിതിയുടെ അഭിപ്രായങ്ങളെക്കൂടി പരിഗണിച്ചായിരിക്കും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയെന്ന് ജില്ലാ പ്രസിഡന്റ് കെ.ജി. ഹരികൃഷ്ണൻ അഭിപ്രായപ്പെട്ടു. പി. ഗോപകുമാർ, അഡ്വ. വി.കെ. നന്ദനൻ, എസ്. എൽ. സുനിൽകുമാർ, എസ്. ജയകുമാർ, ജെ. ശശാങ്കൻ, ടി.പി. സുധാകരൻ, എസ്. ബിജുകുമാർ എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി എസ്. രാജിത്ത് സ്വാഗതവും ജോ. സെക്രട്ടറി പി. പ്രദീപ് നന്ദിയും പറഞ്ഞു.