പ്രതിരോധകുത്തിവയ്പിനായുള്ള കാമ്പയിൻ ശക്തിപ്പടുത്തുക
മലപ്പുറം ജില്ലയിൽ ഡിഫ്തീരിയ രോഗലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. കോളറയും തിരനോട്ടം നടത്തിയിരിക്കുന്നു. ദൈവകോപം കൊണ്ടാണ് പകർച്ചവ്യാധികൾ പിടിപെടുന്നതെന്നു വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആധുനിക വിദ്യാഭ്യാസം വ്യാപിക്കുകയും ശുദ്ധജല ലഭ്യത വർധിക്കുകയും ചികിത്സാസൗകര്യം ലഭ്യമാവുകയും പ്രതിരോധ കുത്തിവയ്‌പ് വ്യാപകമാവുകയും ചെയ്തതോടെ പകർച്ചവ്യാധികൾ നിയന്ത്രണ വിധേയമാവുകയും അതുമൂലമുള്ള മരണം വളരെയേറെ കുറയുകയും ചെയ്തു. അതുവഴി പകർച്ചവ്യാധികൾ ദൈവകോപം മൂലമാണെന്ന അന്ധവിശ്വാസം ഇല്ലാതാക്കാനുമായി.
90 ശതമാനത്തിലധികം ആളുകള്‍ കുത്തിവയ്പ് എടുത്തിട്ടുള്ള ഒരു സമൂഹത്തിൽ ഡിഫ്തീരിയ വരാനുള്ള സാധ്യത വളരെ കുറവാണ്. ഡിഫ്തീരിയ കണ്ടെത്തിയ പ്രദേശങ്ങളിൽ കുത്തിവയ്പ് ഈ അളവിൽ എത്തിയിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 1970കളിലാണ് ഡിഫ്തീരിയക്കെതിരെ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചത്. അതിനു മുമ്പ് ജനിച്ചവർക്ക് ഈ രോഗത്തിനെതിരെ പ്രതിരോധശക്തി കുറവായിരിക്കും. അതുകൊണ്ട് ഒരു സ്ഥലത്ത് രോഗം പൊട്ടിപ്പുറപ്പെട്ടാൽ അത് മുതിർന്നവരെ ബാധിക്കുന്നതിനുള്ള സാധ്യത വളരെയേറെയാണ്. അങ്ങനെ നോക്കുമ്പോൾ ഇപ്പോൾ രോഗം തലപൊക്കിയിരിക്കുന്നതിനെ ഒരു സൂചനയായി കാണണം. വരാൻ പോകുന്ന വലിയ വിപത്തിനെക്കുറിച്ചുള്ള സൂചന. ഇതിനെ മലപ്പുറത്തെ ഒരു പ്രശ്നം മാത്രമായി കുറച്ചു കാണാനാവില്ല.
രോഗലക്ഷണങ്ങളോടെ ചികിത്സതേടുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുമ്പോഴും അത്യപൂർവമായി മാത്രം കാണുന്ന പാർശ്വഫലങ്ങളെ പെരുപ്പിച്ച് കപടശാസ്ത്രവും അന്ധവിശ്വാസവും കൂട്ടിച്ചേർത്ത് ആധുനിക സാങ്കേതിക വിദ്യകൾ യഥേഷ്ടം പ്രയോജനപ്പെടുത്തി പ്രതിരോധ കുത്തിവയ്പ് എടുക്കാതിരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. പ്രതിരോധ കുത്തിവയ്പുകൾക്കെതിരായ ഈ പ്രചരണത്തെ ഫലപ്രദമായി തടയേണ്ടതുണ്ട്.
സൂക്ഷ്മജീവികളായ രോഗാണുക്കളാണ് രോഗം പരത്തുന്നതെന്ന് നമുക്കറിയാം. ആഗസ്റ്റ് 17 മുതല്‍ 23 വരെ നടക്കുന്ന ഈ വർഷത്തെ വിജ്ഞാനോത്സവത്തിന്റെ വിഷയം സൂക്ഷ്മജീവികളാണ്. വിജ്ഞാനോത്സവത്തിനായി ആഗസ്റ്റ് ലക്കം ശാസ്ത്രകേരളവും ആഗസ്റ്റ് ആദ്യ ലക്കം യുറീക്കയും സൂക്ഷ്മജീവികളെക്കുറിച്ചുള്ള സ്പെഷൽ പതിപ്പുകളായിട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സൂക്ഷ്മജീവികള്‍ പരത്തുന്ന രോഗങ്ങളെക്കുറിച്ചും അവയെ തുരത്തുന്ന വാക്സിനുകളെക്കുറിച്ചുമുള്ള വിജ്ഞാനപ്രദവും രസകരവുമായ നിരവധി വിഭവങ്ങള്‍ ഇവയിലുണ്ട്. ഇതുപയോഗിച്ച് വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കും രക്ഷിതാക്കൾക്കുമിടയിലും ശക്തമായ പ്രചാരണം സംഘടിപ്പിക്കാനാകും. കഴിയാവുന്നത്ര സ്കൂളുകളിൽ പ്രാദേശികമായി ലഭ്യമാകുന്ന ഡോക്ടർമാരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേക പതിപ്പിന്റെ പ്രകാശനം നടത്തണം.
അതിനു പുറമെ മാസികാ ദിനത്തിൽ സ്ക്വാഡു പ്രവർത്തനം കഴിഞ്ഞ് മേഖലയിൽ സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ (കഴിയുമെങ്കിൽ എല്ലാ യൂണിറ്റുകളിലും) പ്രവർത്തകർ ഒത്തുചേർന്ന് സൂക്ഷ്മജീവി പതിപ്പിന്റെ പ്രകാശനം സംഘടിപ്പിക്കണം. പ്രാദേശികമായി ലഭ്യമാകുന്ന ആരോഗ്യപ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് എളുപ്പത്തിൽ ഇത് സംഘടിപ്പിക്കാനാകും. ഈയിടെ പുറത്തിറക്കിയ പകർച്ചവ്യാധികളും പ്രതിരോധ കുത്തിവയ്പും എന്ന ലഘുലേഖയും ഇതിനുപയോഗിക്കാവുന്നതാണ്. അങ്ങനെ ഈ വർഷത്തെ മാസികാദിനത്തിൽ മാസിക പ്രചാരണത്തോടൊപ്പം പ്രതിരോധ കുത്തിവയ്പുകൾക്കായുള്ള പ്രചാരണവും നടത്താൻ എല്ലാ യൂണിറ്റുകളിലും പരിപാടി തയ്യാറാക്കണമെന്നും എല്ലാ പ്രവര്‍ത്തകരും ഇതില്‍ അണിനിരക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
മുരളീധരന്‍.പി
ജനറല്‍ സെക്രട്ടറി