ജനറല്‍ സെക്രട്ടറിയുടെ കത്ത് -ആഗസ്റ്റ് 2016

0

സുഹൃത്തുക്കളേ

ആഗസ്റ്റ് 17 മുതല്‍ 23 വരെയാണല്ലോ വിജ്ഞാനോത്സവം. ഈ കത്ത് കിട്ടുമ്പോള്‍ വിജ്ഞാനോത്സവത്തിന്റെ തിരക്ക് തലയ്ക് പിടിച്ചിരിക്കുന്ന സമയമായിരിക്കും എന്നറിയാം. ക്ലാസില്‍ പ്രദര്‍ശിപ്പിക്കാനുള്ള പാനലുകള്‍, സൂക്ഷ്മദര്‍ശിനികള്‍, സ്ലൈ‍ുകള്‍, വി‍‍ഡിയോ പ്രദര്‍ശനത്തിനുള്ള സംവിധാനങ്ങള്‍, സൂക്ഷ്മജീവികളെക്കുറിച്ച് ക്ലാസ്സെടുക്കാനുള്ള വിദഗ്ധര്‍ തുടങ്ങി നൂറുകൂട്ടം കാര്യ‍ങ്ങള്‍ സംഘടിപ്പിക്കേണ്ടതല്ലേ? യൂണിറ്റ് പ്രദേശത്തെ എല്ലാ സ്കൂളുകളിലും വിജ്ഞാനോത്സവം നടത്തുന്നതിനുള്ള സംഘാടനപ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായിരിക്കും എന്ന് കരുതട്ടെ. നാം സംഘടിപ്പിച്ച അധ്യാപക പരിശീലനങ്ങളില്‍നിന്നും മാസികകളുടെ പ്രത്യേകപതിപ്പുകളില്‍നിന്നുമെല്ലാംകൂടി ഈവര്‍ഷത്തെ വിജ്ഞാനോത്സവത്തിന് ഒരു പ്രത്യേക ഊര്‍ജം ലഭിച്ചിട്ടുണ്ട്. അധ്യാപക പരിശീലനങ്ങള്‍ക്കായി കോളേജുകളിലും ഹയര്‍സെക്കന്ററി സ്കൂളുകളിലുമുള്ള സംവിധാനങ്ങളെല്ലാം ഉപയോഗിക്കാനായി. അവിടങ്ങളിലെ അധ്യാപകര്‍ പരിശീലനത്തില്‍ സഹകരിക്കുന്നതിനും താല്പര്യപൂര്‍വം തയ്യാറായി. ഇതെല്ലാം സൂചിപ്പിക്കുന്നത് ശാസ്ത്രപ്രചാരസംഘം എന്നനിലയില്‍ പരിഷത്ത് അതിന്റെ പ്രാഥമിക ഉത്തരവാദിത്തത്തില്‍ ഊന്നിനിന്ന് സാമൂഹിക പ്രസക്തിയുള്ള പ്രവര്‍ത്തനപരിപാടികള്‍ ആവിഷ്കരിച്ചാല്‍ അത് ഏറ്റെടുക്കാന്‍ തയ്യാറുള്ള വലിയൊരു സമൂഹം ഇന്നും ഇവിടെയുണ്ട് എന്നുതന്നെയാണ്.

പലസ്ഥലങ്ങളിലും ഡിഫ്തീരിയ രോഗം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ സൂക്ഷ്മജീവികള്‍ വിഷയമായ വിജ്ഞാനോത്സവത്തിന് വലിയ സാമൂഹിക പ്രാധാന്യം കൈവന്നിരിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ വിജ്ഞാനോത്സവം വിദ്യാലയങ്ങള്‍ക്കകത്തുമാത്രമല്ല പുറത്തും നടക്കേണ്ടതുണ്ട്. ആഗസ്റ്റ് 23ന് സ്കൂളിനകത്തുള്ള പ്രവര്‍ത്തനം സമാപിക്കുന്നതോടെ സൂക്ഷ്മജീവികളുടെ ലോകം എന്ന വിഷയത്തിനുള്ള സാമൂഹികപ്രസക്തി ഉള്‍ക്കൊണ്ട് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഡിഫ്തീരിയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്രവിരുദ്ധമായ പ്രചരണങ്ങളെ തുറന്നുകാണിക്കുന്നതിനും ശാസ്ത്രബോധം പ്രചരിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിലേക്ക് വ്യാപിപ്പിക്കണം. ക്ലാസ്സ് മുറികളില്‍ അവതരിപ്പിച്ച പാനലുകള്‍, പ്രദര്‍ശിപ്പിച്ച വീഡിയോ, ക്ലാസ് തുടങ്ങിയവയെല്ലാം പൊതുസ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്നതിന് വലിയ സാധ്യതയുണ്ട്. കുടുംബശ്രീവേദികളും വായനശാലകളും അങ്കണവാടികളിലെ അമ്മമാരുടെ യോഗങ്ങളും തെരുവുമൂലകളുമെല്ലാം ഈപ്രവര്‍ത്തനത്തിന് വേദിയാകണം.

ആരും കാണാതെ ആരുടേയും ശ്രദ്ധയില്‍പ്പെടാതെ മനുഷ്യജീവിതത്തെയാകെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന സൂക്ഷ്മജീവികളെ നാട്ടുകാരെല്ലാം കാണട്ടെ. സൂക്ഷ്മജീവികളും അവയുടെ പ്രവര്‍ത്തനങ്ങളും സമൂഹത്തിലാകെ ചര്‍ച്ചാവിഷയമാകട്ടെ. രോഗാണുക്കളും രോഗാണുസിദ്ധാന്തവും കെട്ടുകഥയാണെന്നും രോഗപ്രതിരോധപ്രവര്‍ത്തനം സാമ്രാജ്യത്വഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രചരിപ്പിക്കുന്ന പ്രകൃതിമൗലികവാദികള്‍ക്കുള്ള ശക്തമായ മറുപടിയാകണം ഈവര്‍ഷം സ്കൂളുകളിലും തുടര്‍ന്ന് പുറത്തും നടക്കുന്ന വിജ്ഞാനോത്സവപ്രവര്‍ത്തനങ്ങള്‍.

പാരിഷത്തികാഭിവാദനങ്ങളോടെ

മുരളീധരന്‍ പി

ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *