വാഴച്ചാല്‍ മൺസൂൺ ക്യാമ്പ്
വാഴച്ചാല്‍ : ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ പരിസരവിഷയസമിതിയുടെ ആഭിമുഖ്യത്തിൽ വാഴച്ചാലിൽ വച്ച് രണ്ട് ദിവസങ്ങളായി മണ്‍സൂണ്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജൂലൈ 22 വെള്ളിയാഴ്ച വൈകീട്ട് 6.30ന് വാഴച്ചാലിലെ ഫോറസ്റ്റ് ഡോർമെട്രിയിൽ ഡോ.എ.പി.ജെ.അബ്ദുൾകലാമിന്റെ “വരുമൊരു കാലം (ഭൂമി 2070ൽ)” എന്ന പവർപോയിന്റ് പ്രസന്റേഷൻ പ്രദർശിപ്പിച്ചുകൊണ്ടാണ് ക്യാമ്പ് ആരംഭിച്ചത്. തുടർന്ന് ക്യാമ്പ് ഡയറക്ടർ ഡോ.കെ.എം.സംഗമേശന്റെ അധ്യക്ഷതയില്‍ എറണാകുളം ജില്ലാ പരിസര കൺവീനർ എം.എസ്.മോഹനൻ അംഗങ്ങളെ ക്യാമ്പിലേയ്ക്ക് സ്വാഗതം ചെയ്തു. വാഴച്ചാൽ ഫോറസ്റ്റ് റേഞ്ചിലെ റേഞ്ച് ഓഫീസർ സദാനന്ദൻ, പരിഷത്തിന്റെ സംസ്ഥാന നിർവാഹകസമിതി അംഗം ശാന്തിദേവി എന്നിവർ ആശംസയർപ്പിച്ചു. തുടർന്ന്, ആലപ്പുഴ മുന്‍സിപ്പാലിറ്റിയിലെ മാലിന്യസംസ്കരണ പ്രോജക്ടിലെ മുഴുവൻ സമയ പ്രവർത്തകനായിരുന്ന കോലഞ്ചേരിയിലെ ഹരിലാൽ “മാലിന്യസംസ്കരണം : സാമൂഹ്യവും രാഷ്ട്രീയവും ” എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. തുടർന്ന് ക്യാമ്പംഗങ്ങൾ വിശദമായി പരിചയപ്പെട്ടതോടെ ആദ്യദിവസ പരിപാടികൾക്ക് സമാപനമായി.
രണ്ടാം ദിവസം രാവിലെ ആറര മണിയ്ക്ക് വനാതിർത്തിയിലൂടെ ഒരു പുലർകാലനടത്തവുമായിട്ടായിരുന്നു പരിപാടികളുടെ തുടക്കം.ക്യാമ്പ് ഡയറക്റ്റർ സംഗമേശൻ മാഷിന്റെ നേതൃത്വത്തിൽ വനത്തിലെ അന്തരീക്ഷത്തിൽ വച്ചുനടത്തിയ മെഡിറ്റേഷൻ എല്ലാവർക്കും നല്ലൊരു അനുഭവമായിരുന്നു.തന്നേയുമല്ല ആ മെഡിറ്റേഷൻ പകർന്നുനൽകിയ അനുഭൂതിയും അപാരമായിരുന്നു.പിന്നീട് നടന്നത് വാഴച്ചാൽ റേഞ്ചിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശ്രീ.രമേശ് വാഴച്ചാൽ കാടുകളെക്കുറിച്ച് ക്ലാസ്സെടുത്തു. ഉച്ചഭക്ഷണത്തിനുശേഷം കുറച്ചുനേരം കളികളും മറ്റും നടത്തി. മൂന്നുമണിക്ക് ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹകസമിതി അംഗം ജോജി കൂട്ടുമ്മേൽ “പ്രകൃതിയും മനുഷ്യനും” എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടെന്ന് നാം വിചാരിക്കുന്ന സംഘർഷങ്ങൾ യഥാർഥത്തിൽ മനുഷ്യനും മനുഷ്യനും തമ്മിലുള്ളതാണെന്ന് അദ്ദേഹം ലളിതമായ ചരിത്രപരമായ ഉദാഹരണങ്ങളിലൂടെ വരച്ചുകാണിച്ചു. തുടർന്ന് കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിയും അദ്ദേഹം പറഞ്ഞു. രാത്രി മഴയായതിനാൽ ക്യാമ്പ്ഫയർ നടത്താനായില്ലെങ്കിലും അംഗങ്ങളുടെ വിവിധകലാപരിപാടികൾ അരങ്ങേറി.
മൂന്നാം നാൾ രാവിലെ മഴനനഞ്ഞുകൊണ്ടുള്ള മലകയറ്റമായിരുന്നു.കഴിഞ്ഞ ദിവസത്തെപ്പോലെതന്നെ രാവിലെ ആറരയ്ക്ക് ആരംഭിച്ച നടത്തം പത്തുമണിവരെ നീണ്ടുനിന്നു.തുടർന്ന് പരിസര കൺവീനർ ജില്ലയിലെ പരിസരപ്രശ്നങ്ങളെ സ്പർശിച്ചുകൊണ്ട് സംസാരിച്ചു.അതുപോലെതന്നെ പരിസരസമിതി ചെയ്യണമെന്നാഗ്രഹിക്കുന്ന കാര്യങ്ങളും വിശദീകരിച്ചു.തുടർന്ന് ക്യാമ്പംഗങ്ങളെ മൂന്നായി തിരിച്ച് ഗ്രൂപ്പ് ചർച്ചയായിരുന്നു.ഭാവനാസമ്പന്നവും പ്രോത്സാഹജനകവുമായിട്ടുള്ള നിരവധി നിർദേശങ്ങൾ ഈ ചർച്ചയിലൂടെ ഉയർന്നുവന്നു.ഇതിനോട് പ്രതികരിച്ചുകൊണ്ട് കൺവീനർ സംസാരിച്ചു. ക്യാമ്പവലോകനമായിരുന്നു പിന്നീട്. ക്യാമ്പ് അവലോകനം ചെയ്ത് കുട്ടികളും പിന്നീട് സംഘാടകരായ ഡോ.സംഗമേശൻ, ശാന്തിദേവി , എം.എസ്. മോഹനൻ എന്നിവരും പ്രതികരിച്ചു. കൂട്ടപ്പാട്ടോടെ ക്യാമ്പ് രണ്ട് മണിക്ക് അവസാനിച്ചു.
എറണാകുളം ജില്ലയിലെ വിവിധമേഖലകളിൽ നിന്നായി 14 യുവാക്കളും സംഘാടകരായി മൂന്നുപേരുമടക്കം 17 പേർ ആണ് ക്യാമ്പിൽ മുഴുവൻ സമയവും ഉണ്ടായിരുന്നത്.