പരിഷത്തിനെ ജനകീയമാക്കുന്നതിൽ വി.കെ.എസിന് പ്രധാന പങ്ക് – പ്രൊഫ.സി.പി.നാരായണൻ
vks fest11
ഏതാനും ശാസ്ത്രമെഴുത്തുകാരുടെയും ശാസ്ത്രാധ്യാപകരുടെയും സംഘടനയായിരുന്ന ശാസ്ത്രസാഹിത്യ പരിഷത്തിനെ ജനകീയ സംഘടനയാക്കുന്നതിന് കലയെന്ന മാധ്യമത്തിലൂടെ ശ്രമിച്ചയാളാണ് വി.കെ.എസ് എന്ന് മുതിർന്ന പരിഷത്ത് പ്രവർത്തകനും മുൻ എം.പിയും എഴുത്തുകാരനുമായ പ്രൊഫ.സി.പി.നാരായണൻ പറഞ്ഞു. വി.കെ.എസ് ശാസ്ത്ര സാംസ്കാരികോത്സവത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം കണ്ട ഏറ്റവും ലാളിത്യമുള്ള സാംസ്കാരിക പ്രവർത്തകരിലൊളായിരുന്നു വി കെ എസ് എന്ന് കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. സയൻസാണ് സമൂഹത്തിൻ്റെ മോചനമാർഗമെന്ന് പറഞ്ഞു കൊടുത്തത് പരിഷത്താണ്. കൊറോണയിൽ നിന്ന് നമ്മെ രക്ഷപ്പെടുത്തിയത് ഒരു തുണ്ട് സോപ്പും ഒരു കഷണം തുണിയുമാണ്.ഇത് പറഞ്ഞു തന്നത് സയൻസാണ്. പുരോഹിതൻമാരല്ല. അവരും മാസ്ക് ധരിച്ചാണ് നടന്നത്. അദ്ദേഹം പറഞ്ഞു.
പരിഷത്ത് പ്രസിഡൻ്റ് ബി.രമേശ് അധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ സുവനീർ പ്രകാശിപ്പിച്ചു.കെ.വരദരാജൻ ഏറ്റുവാങ്ങി.വി.കെ.എസിൻ്റെ ഛായാചിത്രം ആർ.എസ്.ബാബുവിൽ നിന്ന് കുടുംബാംഗമായ സതീശൻ ഏറ്റുവാങ്ങി.പരിഷത്ത് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ സെമിനാറുകൾ അവലോകനം ചെയ്തു. അഡ്വ.വി.രാജേന്ദ്രബാബു സ്വാഗതവും ജി.സുനിൽകുമാർ നന്ദിയും പറഞ്ഞു.
മൈനാഗപ്പള്ളി രാധാകൃഷ്ണനും ആദ്യ ശാസ്ത്ര കലാജാഥയിൽ വി.കെ.എസിനോടൊപ്പം മാനേജരായി പ്രവർത്തിച്ച എം എസ് മോഹനനും വി.കെ.എസ് ഈണം നൽകിയ പാട്ടുകൾ അവതരിപ്പിച്ചു.