അനീതികൾക്കെതിരെയുള്ള ശക്തമായ ഉപാധികളാണ് കലയും സാഹിത്യവും – സച്ചിദാനന്ദൻ.

0

vks fest2

വർദ്ധിച്ചു വരുന്ന സാമൂഹ്യ അനീതികൾക്കെതിരെ ജനങ്ങളെ ഉണർത്തുന്നതിന് ശക്തമായ ഉപാധികളാണ് കലയും സാഹിത്യവുമെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ.സച്ചിദാനന്ദൻ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ജനാധിപത്യമെന്നത് അദൃശ്യരായ മനുഷ്യരെ ദൃശ്യരാക്കുന്ന വ്യവസ്ഥയാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ കലയെ പ്രതിരോധ ആയുധമാക്കേണ്ടതുണ്ട്.

വസ്തുനിഷ്ഠമായ ശാസ്ത്രത്തെ ആത്മനിഷ്ഠമായ കലയുമായി യോജിപ്പിച്ച് ജനകീയമാക്കിയതിൽ സുപ്രധാന പങ്ക് വഹിച്ചയാളാണ് വി.കെ.ശശിധരൻ എന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഡോ.തോമസ് ഐസക് പറഞ്ഞു. സവിശേഷമായ ശൈലിയിലൂടെയും സ്വരവിന്യാസങ്ങളിലൂടെയും
കരചലനങ്ങളിലൂടെയും അദ്ദേഹം ജനങ്ങൾക്കിടയിൽ പാടി നടക്കുകയും അവരെക്കൊണ്ട് പാടിക്കുകയും ചെയ്തു.

ബ്രെഹ്തിൻ്റെ അർഥപൂർണമായ സംഗീതമെന്ന സങ്കല്പത്തെ (meaningful music)പ്രൊമിത്യൂസിനെപ്പോലെ കടത്തിക്കൊണ്ടു വന്നയാളാണ് വി.കെ.എസ് എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കരിവെള്ളൂർ മുരളി പറഞ്ഞു. വികാരനിർഭരമായ  പ്രസംഗത്തിലുടനീളം വി കെ എസുമായി ചേർന്ന് സൃഷ്ടിച്ച ഉജ്ജ്വലമായ ഗാനങ്ങളുടെ വരികൾ അദ്ദേഹം ആലപിച്ചു.

കെ.പി.രാമകൃഷ്ണൻ, വി.കെ.കുഞ്ഞികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വി.കെ.എസ് ഈണം നൽകിയ ടാഗോറിൻ്റെ ‘ പൂർണമായീലെങ്കിലും…’ എന്ന കവിത ചൊല്ലിയാണ് പരിപാടികൾ ആരംഭിച്ചത്.
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രമ.ടി.മോഹനും സംഘവും തയ്യാറാക്കിയ നൃത്തശില്പങ്ങളും അവതരിപ്പിക്കുകയുണ്ടായി.

സംഘാടക സമിതി ചെയർമാൻ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷനായിരുന്നു.
മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്,  ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് ബി.രമേശ്,എം. നൗഷാദ് എം.എൽ.എ ,എൻ.എസ്.ഹോസ്പിറ്റൽ സൊസൈറ്റി പ്രസിഡന്റ്‌ പി. രാജേന്ദ്രൻ, കടപ്പാക്കട സ്‌പോർട്‌സ്‌ ക്ലബ്ബ്‌ സെക്രട്ടറി
ആർ. എസ്. ബാബു, എ.പി. സരസ്വതി  എന്നിവർ സംസാരിച്ചു.സംഘാടക സമിതി ജനറൽ കൺവീനർ കൊട്ടിയം രാജേന്ദ്രൻ സ്വാഗതവും
ശാസ്തസാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹക സമിതിയംഗം. ജി. രാജശേഖരൻ കൃതജ്ഞതയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *