കേരളീയ നവോത്ഥാനത്തിന്റെ കീഴാളധാര വീണ്ടെടുക്കണം – ഡോ.അനിൽ ചേലേമ്പ്ര

0

vks fest 9

കൊല്ലം: കേരളീയ നവോത്ഥാനത്തിൻ്റെ മേലാള കീഴാള ധാരകളിൽ കീഴാളധാര വീണ്ടെടുത്ത് മുന്നോട്ട് പോയാലേ ആധുനികത സാധ്യമാകൂ എന്ന് പ്രമുഖ സാംസ്കാരിക പ്രവർത്തകൻ ഡോ.അനിൽ ചേലേമ്പ്ര പറഞ്ഞു. വി.കെ.എസ് ശാസ്ത്ര സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായുള്ള ‘കേരളീയ നവോത്ഥാനത്തിൻ്റെ പരിമിതികൾ ‘ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ദുലേഖയിലെ പാശ്ചാത്യ വേഷധാരിയായ മാധവൻ നരിയെ വെടിവെക്കാൻ തോക്കെടുക്കുന്നതിനിടെ തൊപ്പി താഴെ വീഴുമ്പോൾ പുറത്തുചാടുന്ന കുടുമ മേലാളനവോത്ഥാനത്തിൻ്റെ സ്വഭാവമാണ് വെളിവാകുന്നത്.പുറത്തേക്കുള്ള തൊപ്പിയും അകത്തുള്ള കുടുമയുമാണ് നവോത്ഥാനത്തിൻ്റെ പരിമിതി.പുതിയ അധികാരിവർഗമായി മാറാനാണ് അവർ നവോത്ഥാനാശയങ്ങളെ സ്വീകരിച്ചത്.എന്നാൽ കീഴാളർക്ക് അത് വിമോചനത്തിനുള്ള ഉപാധിയായിരുന്നുവെന്ന് ‘സരസ്വതീവിജയം’ എന്ന നോവലിലെ മരത്തൻ്റെ ഉദാഹരണത്തിലൂടെ അദ്ദേഹം വരച്ചുകാട്ടി.
ഭീരുത്വത്തിൽ നിന്ന് ധീരതയിലേക്കുള്ള വരവാണ് യഥാർഥ സ്വാതന്ത്ര്യം.എന്നാൽ സമകാലിക ഇന്ത്യൻ അവസ്ഥയെന്നത് ഭീരുത്വത്തിൻ്റേതാണ്. ധീരത പ്രകടിപ്പിക്കുന്നവർ വെടിയേറ്റ് കൊല്ലപ്പെടുകയോ ജയിലറകളിലടയ്ക്കപ്പെടുകയോ ചെയ്യുകയാണ്. ഇരുൾ പരക്കുന്ന ഇന്ത്യനവസ്ഥയിൽ വെളിച്ചം കാത്തുവെക്കുന്നത് കേരളമാണെന്നും ആ വെളിച്ചം എത്ര കാലം സൂക്ഷിക്കാൻ കഴിയുമെന്നത് ഒരു പ്രധാന ചോദ്യമാണ്.അദ്ദേഹം പറഞ്ഞു. നവോത്ഥാനം ഒരു പ്രത്യേക കാലഘട്ടത്തിൽ സംഭവിച്ചതോ സംഭവിക്കുന്നതോ ആയ ഒരു കാര്യമല്ലെന്നും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ആധുനികതയാണെന്നും അനിൽ ചേലേമ്പ്ര പറഞ്ഞു. അത് സംഭവിക്കുന്നുണ്ടോ എന്ന് മനസിലാക്കാൻ നാം നമ്മളിലേക്കും നമ്മുടെ പേരുകളിലേക്കും പ്രവൃത്തികളിലേക്കും നോക്കിയാൽ മതി. പേരുകളിൽ ജാതിവാൽ മുളയ്ക്കുന്നതും ജാതി കൂട്ടായ്മകളായ കുടുംബയോഗങ്ങൾ വർദ്ധിച്ചു വരുന്നതുമൊക്കെ നവോത്ഥാനമല്ല അധ:പതനമാണ് വെളിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെ എസ് എഫ് ഇ ചെയർമാൻ കെ.വരദരാജൻ അധ്യക്ഷനായി.എസ്.നാസർ, കെ.അനിൽകുമാർ, ഡോ.ജോർജ് ഡിക്രൂസ് എന്നിവർ സംസാരിച്ചു. പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.ലിസി സ്വാഗതവും പി.എസ്.സാനു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *