‘ജല സംവാദങ്ങള്‍’ ആരംഭിച്ചു
കല്‍പ്പറ്റ : ‘ജലസുരക്ഷ ജീവസുരക്ഷ’ ക്യാമ്പയിന്റെ ഭാഗമായി പരിഷത് സംഘടിപ്പിക്കുന്ന ജല സംവാദങ്ങള്‍ക്ക് തുടക്കമായി. കല്‍പ്പറ്റയില്‍ നടന്ന ജില്ല തല ഉദ്ഘാടനം മുനി ചെയര്‍മാന്‍ ബിന്ദു ജോസ് ഉദ്ഘാടനം ചെയ്തു. പരിഷത് കേന്ദ്ര നിര്‍വാഹക സമിതി അംഗം കെ മനോഹരന്‍ വിഷയവതരണം നടത്തി.
ദേശീയ ശരാശരിയുടെ 3 ഇരട്ടി മഴ ലഭിക്കുന്ന കേരളം ജല ലഭ്യതയിലും ഗുണ നിലവാരത്തിലും വലിയ ഭീഷണി നേരിടുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. പെയ്ത്തു വെള്ളം ഭൂമിയിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിയുന്നില്ല. വന നശീകരണവും കുന്നിടിക്കലും വയല്‍ നികത്തലും എല്ലാം ഇതിനു കാരണമാണ്. നശിപ്പിക്കപ്പെട്ട കുളങ്ങളും കിണറുകളും അടിയന്തിരമായി വീണ്ടെടുത്ത് സംരക്ഷിക്കണം.ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന്റെ അഭാവം ജല സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്നു. ജനങ്ങളുടെ ജല ഉപയോഗ ശീലത്തില്‍ കാതലായ മാറ്റം വരേണ്ടതുണ്ട്. ജല സാക്ഷരത വര്‍ദ്ദിപ്പിച്ചു കൊണ്ടേ ഈ ലക്ഷ്യം നേടാനാകു. കുടി വെള്ളം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കര്‍ശനമയി തടയണം. കുടി വെള്ളത്തിനു ഏറ്റവും മുന്‍ഗണന നല്‍കി ജലനയം രൂപീകരിക്കണം. വരും തലമുറകള്‍ക്ക് ഭൂമിയില്‍ ജീവിതം അസാധ്യമാക്കുന്ന രീതിയില്‍ പ്രക്യതി വിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അത്തരം നീക്കങ്ങളെ ജനകീയമായി ചെറുക്കുന്നതിനും പ്രാദേശിക പരിസര സമിതികള്‍ രൂപീകരിച്ചു വരുന്നു.
യോഗത്തില്‍ പരിഷത്ത് ജില്ല പ്രസിഡന്റ് പി സുരേഷ് ബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം പി ഇസ്മായില്‍ ബി ജെ പി മുന്‍ ജില്ലാ പ്രസിഡന്റ് കെ സദാനന്ദന്‍ പരിഷത് നിര്‍വാഹക സമിതി അംഗം പ്രൊ കെ ബാലഗോപാലന്‍ പരിഷത് ജില്ലാ സെക്രട്ടറി ബിജോ പോള്‍ കെ സച്ചിദാനന്ദന്‍, ജി ഹരിലാല്‍ കെ ടി ശ്രീവത്സന്‍ എന്നിവര്‍ സംസാരിച്ചു.