“കൊച്ചിയുടെ മാലിന്യസംസ്കരണം എങ്ങനെ? ” സെമിനാർ

0

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82

എറണാകുളം : “കൊച്ചിയുടെ മാലിന്യസംസ്കരണം എങ്ങനെ “ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സെമിനാർ ഒക്ടോബര്‍ 16ന് ഞായർ രാവിലെ 10 മണിയ്ക്ക് ഹൈക്കോടതി വളപ്പിലുള്ള ബാർകൗൺസിൽ ഹാളിൽ നടന്നു.ബ്രഹ്മപുരത്ത് കാലങ്ങളായി കോർപറേഷന്റേയും അടുത്ത മുനിസിപ്പാലിറ്റികളിലേയും മാലിന്യം കുന്നുകൂട്ടി അവിടുത്തെ ജനജീവിതം ദുസ്സഹമാക്കുന്ന വേളയിലാണ് അതിനൊരു പരിഹാരം തേടി പരിഷത്ത് സെമിനാർ സംഘടിപ്പിച്ചത്. മുഖ്യപ്രഭാഷണം പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പരിഷത്ത് പ്രവർത്തകനുമായ പ്രൊഫ. എം.കെ.പ്രസാദ്. മാലിന്യം എങ്ങനെയുണ്ടാകുന്നു,അതെങ്ങനെ സംസ്കരിക്കണം എന്ന് പവർ പോയിന്റ് പ്രസന്റേഷന്റെ സഹായത്തോടെ വിശദീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാനനിർവാഹകസമിതി അംഗം പ്രൊഫ.വി ആർ രഘുനന്ദനൻ ആണ് ആദ്യവിഷയാവതരണം നടത്തിയത്
തുടർന്ന് ബ്രഹ്മപുരത്ത് കൊണ്ടുവരാൻ പോകുന്ന “മാലിന്യത്തിൽ നിന്ന് വൈദ്യുതി” എന്ന പ്രോജക്റ്റിന്റെ ഗുണദോഷങ്ങൾ കോളേജ് ഓഫ് മറൈൻ സയൻസസിലെ ഡോ.ഷൈജു അവതരിപ്പിച്ചു. ബ്രഹ്മപുരത്തേയും സമീപപ്രദേശങ്ങളിലേയും മാലിന്യമുപയോഗിച്ച് 10 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതാണ് പദ്ധതി.300 ടൺ വേർതിരിക്കാത്ത മാലിന്യം വേനൽക്കാലത്തും മഴക്കാലത്ത് 450 ടൺ മാലിന്യവുമാണ് ഇവർക്കാവശ്യം.ഇതിന്റെ അളവ് കുറഞ്ഞാൽ കോർപറേഷൻ നഷ്ടം കൊടുക്കേണ്ടിവരും. അതുപോലെ തന്നെ ഈ മാലിന്യം തരം തിരിക്കേണ്ടതില്ല എന്ന് പ്രോജക്റ്റിന്റെ ഒരു ഭാഗത്തും തരം തിരിക്കാത്ത മാലിന്യം കത്തിയുണ്ടാകുന്ന അപകടങ്ങൾക്ക് കമ്പനി ഉത്തരവാദിയല്ല എന്ന് മറ്റൊരിടത്തും പറയുന്നതുപോലുള്ള വൈരുധ്യം പ്രോജക്റ്റിനേക്കുറിച്ചുള്ള റിപ്പൊർട്ടിൽ പലയിടത്തും കാണാം. അതുപോലെ തന്നെ ഈർപ്പമുള്ള ഈ മാലിന്യം ഉണക്കുമെന്ന് പറയുന്നതിലും അവ്യക്തത നിലനിൽക്കുന്നു.ഇതുപോലെ പ്രോജക്റ്റിനേക്കുറിച്ചുള്ള കാതലായ പല കാര്യങ്ങളിലും അവ്യക്തത നിലനിൽക്കുന്നു.തന്നേയുമല്ല ലോകത്തൊരിടത്തും ഇതിനു മാതൃകകളില്ല.
തുടർന്ന് പൊതുജനങ്ങളുടെ പ്രതികരണമായിരുന്നു.ആദ്യപ്രതികരണം പ്ലാന്റ് വരുന്ന പുത്തൻകുരിശ് പഞ്ചായത്തിന്റെ പ്രസിഡണ്ടിന്റേതായിരുന്നു. തന്റെ പഞ്ചയത്തിലെ ജനങ്ങളനുഭവിക്കുന്ന പ്രശ്നങ്ങളിൽ പഞ്ചായത്ത് ജനങ്ങളോടൊപ്പം നിൽക്കുമെന്ന് പ്രസിഡണ്ട് പി.കെ.വേലായുധൻ പറഞ്ഞു.തുടർന്ന് ബ്രഹ്മപുരത്തെ കടമ്പ്രയാർ നദീസംരക്ഷണസമിതി കൺവീനർ കെ.എ.അബ്ദുൾ ബഷീർ തന്റെ നാട്ടുകാരനുഭവിക്കുന്ന വിഷമതകൾ എണ്ണമിട്ടുപറഞ്ഞു.നാറ്റം കാരണം പലദിവസങ്ങളിലും തങ്ങൾക്ക് ഭക്ഷണം കഴിക്കാനാവാത്ത അവസ്ഥയുണ്ടായതായി അദ്ദേഹം പറഞ്ഞു.തുടർന്ന് കോർപറേഷന്റെ ഹെൽത്ത് ഇൻസ്പെക്റ്റർ ശശികുമാർ ഈ രംഗത്ത് കോർപറേഷൻ നടത്തിയ പ്രവർത്തനങ്ങൾ എടുത്തുപറയുകയുണ്ടായി.തുടർന്ന് സംസാരിച്ച എഡ്രാക്കിന്റെ (കോർപറേഷനിലെ റെസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മ) സെക്രട്ടറി. അജിത്ത് കുമാർ തങ്ങളെന്നും ഉറവിട മാലിന്യ സംസ്കരണത്തിന് അനുകൂലമായിരുന്നെന്ന് പറഞ്ഞു.മുഴുവനാളുകളേയും കാര്യം പറഞ്ഞു മനസ്സിലാക്കി നഗരസഭ മുൻകൈ എടുത്താൽ തങ്ങളിനിയും സഹകരിക്കാൻ റെഡിയാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ചന്ദ്രമോഹൻ കുമാർ (സിൻഡിക്കേറ്റ് മെമ്പർ , കുസാറ്റ് കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാല), കോർപറേഷനും കമ്പനിയും കാര്യങ്ങൾ മറച്ചുവയ്ക്കുന്നെന്നും, എന്തുകൊണ്ടാണിതെന്ന് മനസ്സിലാവുന്നില്ലെന്നും പറഞ്ഞു.കാര്യങ്ങൾ മുഴുവൻ ജനങ്ങളെ കാണിക്കാൻ തയ്യാറാവണമെന്നും കാര്യങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തുടർന്ന് ഈ പ്ലാന്റിന്റെ എല്ലാ കാര്യങ്ങളും ജനങ്ങളുടെ ഇടയിൽ ചർച്ച ചെയ്ത് അംഗീകരിക്കുന്നതുവരെ ഈ പ്ലാന്റുമായി ബന്ധപെട്ട എല്ലാ പ്രവർത്തനങ്ങളും ഉടൻ തന്നെ നിറുത്തിവയ്ക്കണമെന്ന പ്രമേയവും യോഗം അംഗീകരിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജില്ലാ പരിസരവിഷയസമിതി കൺവീനർ എം എസ് മോഹനൻ സ്വാഗതവും എറണാകുളം മേഖലാ കമ്മിറ്റി സെക്രട്ടറി എ.കൃഷ്ണൻ കുട്ടി കൃതജ്ഞതയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *