ജലസുരക്ഷ, ജീവസുരക്ഷ പരിശീലനങ്ങള്‍ കഴിഞ്ഞു, ഇനി പ്രവര്‍ത്തിപഥത്തിലേക്ക്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇത്തവണ ഏറ്റെടുത്തിട്ടുള്ള പരിസ്ഥിതിരംഗത്തെ കാമ്പയിനായ ജലസുരക്ഷ, ജീവസുരക്ഷ എന്ന പരിപാടിയുടെ സംസ്ഥാനതല പരിശീലനങ്ങള്‍ കായംകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടന്നു. 14 ജില്ലകളിലായി 262 പേര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു. കായംകുളം കേന്ദ്രത്തിലെ പരിശീലനം ഡോ.അജയകുമാര്‍ വര്‍മയും തൃശ്ശൂര്‍ കേന്ദ്രത്തിലെ പരിശീലനം ഡോ.എസ്.ശ്രീകുമാറും കോഴിക്കോട് പരിശീലനം ഡോ.എ.അച്ച്യുതനും ഉദ്ഘാടനം ചെയ്തു. ടി.പി.ശ്രീശങ്കര്‍, ജോജി കൂട്ടുമ്മേല്‍, ഡോ.കെ.വിദ്യാസാഗര്‍, പ്രൊഫ.പി.കെ.രവീന്ദ്രന്‍, പി.മുരളീധരന്‍, ടി.ഗംഗാധരന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. സെപ്തംബര്‍ 10ന് പരിഷത്ത് ജന്മദിനത്തില്‍ മേഖലയിലെ രണ്ട് പഞ്ചായത്തുകളിലെങ്കിലും ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയും വിധം പരിപാടികള്‍ ആസൂത്രണം ചെയ്തു. ജലസംരക്ഷണം, മാലിന്യസംസ്കരണം എന്നിവ ബന്ധപ്പെടുത്തി വലിയ ഒരു ബഹുജന കാമ്പയിനാണ് പരിഷത്ത് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ ഓരോ പഞ്ചായത്തിലും പഞ്ചായത്തുതല പരിസരസമിതികള്‍ക്ക് രൂപം നല്‍കി. തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുടെ സഹായത്തോടെ ജലത്തെ മണ്ണിലുറപ്പിക്കുന്നതിനും ജലത്തിന്റെ ദുരുപയോഗത്തിനും ജലത്തെ ദുഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ കഴിയുന്നത്ര ഇല്ലാതാക്കുന്നതിനും ഉതകുന്ന വിധത്തില്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കും. ജനകീയ ബോധവല്‍കരണത്തിനായി വിശദമായ ലഘുലേഖയും തയ്യാറായിട്ടുണ്ട്.