ലിംഗപദവി ശില്പശാല

0

പെരുമ്പാവൂര്‍: എറണാകുളം ജില്ലാ ജന്റര്‍ വിഷയസമിതി സംഘടിപ്പിച്ച ജന്റര്‍ ശില്പശാല ജൂലൈ 31ന് പെരുമ്പാവൂര്‍ ഗേള്‍സ് ഹൈസ്കൂളില്‍ നടന്നു. വിഷയസമിതി ചെയര്‍പേഴ്സണ്‍ കൂടിയായ പ്രൊഫ.ജയശ്രീയുടെ അധ്യക്ഷതയില്‍ നടന്ന ശില്പശാലയില്‍ ആദ്യക്ലാസ്സ് യു സി കോളേജിലെ പ്രൊഫ. ട്രീസ ദിവ്യയുടേതായിരുന്നു. വ്യത്യസ്തമായ ജൈവിക ഘടനകളാല്‍ നിര്‍മിതമാണ് ഓരോ സമൂഹവും. അതുകൊണ്ട് തന്നെ ഈ ഘടനയില്‍ മാറ്റം വരുത്തുക എന്നത് ശ്രമകരവുമാണ്. സമൂഹസൃഷ്ടിയുടെ ഒരു അടിസ്ഥാനഘടന എന്നു പറയുന്നതു തന്നെ ലിംഗപദവിയാണ്. മനുഷ്യന്‍ എന്ന സ്വത്വത്തെ ‘സ്ത്രീ-പുരുഷന്‍’ എന്ന ലിംഗാടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയും ഈ ലിംഗപദവി അടിസ്ഥാനപ്പെടുത്തി ഒരു സമൂഹം കെട്ടി പടുക്കുകയുമാണ് ചെയ്തിരുന്നത്. ഇത് ചരിത്രപരമായ ഒരു സാമൂഹ്യനിര്‍മിതിയാണ്. ലിംഗം- ലിംഗപദവി, സമൂഹം- സാമൂഹ്യനിര്‍മിതി എന്നീ ആശയങ്ങളെ പുനപരിശോധിക്കുകയും എങ്ങനെ പുതിയ സമൂഹസൃഷ്ടിക്കായി ശ്രമിക്കണമെന്ന് ബോധ്യപ്പെടുത്തുന്നതുമായിരുന്നു ക്ലാസ്സ്. കൗമാരക്കാര്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍, ദാമ്പത്യജീവിതത്തിലെ മനശാസ്ത്ര പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളില്‍ യു സി കോളേജ് മനശാസ്ത്ര വിഭാഗം മുന്‍ മേധാവി ഫാദര്‍ തോമസ് ജോണ്‍ ക്ലാസ്സെടുത്തു. നമ്മുടെ വീടുകളിലും വിദ്യാലയങ്ങളിലും ഇല്ലാതെ പോകുന്ന ജനാധിപത്യസംസ്കാരത്തെ കുറിച്ച് അദ്ദേഹം എടുത്ത് പറഞ്ഞു. എല്ലാവരും സ്വയം പാലിക്കേണ്ട ജനാധിപത്യം അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല.

തുടര്‍ന്ന് ഒരു മുന്നറിയിപ്പ് എന്ന ഹ്രസ്വ സിനിമയുടെ പ്രദര്‍ശനമായിരുന്നു. അതിനു ശേഷം ആറു ഗ്രൂപ്പുകളിലായി പ്രൊഫ. ചന്ദ്രമതി രചിച്ച രാധവീയം, വൈവാഹികം, അഞ്ചാമന്റെ വരവ്, ജനകീയകോടതി, ആര്യാവര്‍ത്തനം, അമലയുടെ മോചനം എന്നീ ചെറുകഥകള്‍ വായിച്ചു ചര്‍ച്ച ചെയ്തു. ചര്‍ച്ച വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതും കഥകളിലെ വിവേചനങ്ങളും പീഡനങ്ങളും തിരിച്ചറിയുന്നതായിരുന്നു. തുടര്‍ന്ന് ജാഗ്രതാസമിതിയുടെ സാധ്യതകള്‍ സി.ഡി.എസ് ചെയര്‍പേഴ്സണായ സുഷമ വേണു അവതരിപ്പിച്ചു. ജില്ലയിലെ വിവിധ മേഖലകളിലായി രൂപീകരിച്ച ജനകീയജാഗ്രതാ സമിതികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്നതിനെ കുറിച്ച് ജില്ലാ വിഷയസമിതി കണ്‍വീനര്‍ എം.കെ. രാജേന്ദ്രന്‍ അവതരിപ്പിച്ചു. പ്രതിനിധികള്‍ അഞ്ചു ഗ്രൂപ്പുകളിലായി ചര്‍ച്ച ചെയ്ത് തുടര്‍പ്രര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. സമാപനയോഗത്തില്‍ ജില്ലാകമ്മറ്റി അംഗം ജയ എം സ്വാഗതവും ഡോ. കെ എം സംഗമേശന്‍ നന്ദിയും പറഞ്ഞു. ജില്ലാസെക്രട്ടറി കെ.കെ.ഭാസ്കരന്‍ സംസാരിച്ചു. പെരുമ്പാവൂര്‍ മേഖല സംഘാടന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കെ.രവി കണ്‍വീനറായി പ്രവര്‍ത്തിച്ചു. ശില്പശാലയില്‍ 49 സ്ത്രീകളും 25 പുരുഷന്മാരുമുള്‍പ്പെടെ 74 പേര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed