മാനവീയം വീഥിയില്‍ വനിതാ സായാഹ്നം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖല ജെന്‍ഡര്‍ വിഷയസമിതിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8-ന് തിരുവനന്തപുരം മാനവീയം വീഥിയില്‍ വനിതാ കൂട്ടായ്മ ‘വനിതാ സായാഹ്നം’ സംഘടിപ്പിച്ചു. വൈകിട്ട് ആരംഭിച്ച പരിപാടി പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡണ്ട് ടി രാധാമണി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ‘വനിതകളും ശാസ്ത്രബോധവും’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഐആര്‍ടിസി മുന്‍ ഡയറക്ടര്‍ ഡോ. എം ലളിതാംബിക വിഷയാവതരണം നടത്തി. ഡോ. ആര് ബി രാജലക്ഷ്മി, കൃഷ്ണ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. മേഖലാ വൈസ്പ്രസിഡന്റ് സി റോജ അദ്ധ്യക്ഷയായി. പരിഷത്ത് കലാവിഭാഗം മുന്‍ പ്രവര്‍ത്തക തങ്കമണി അവതരിപ്പിച്ച പരിഷത്ത് ഗാനങ്ങളുടെ അവതരണം പരിപാടിയെ ആവേശകരമാക്കി. ടൈറ്റാനിയം യൂണിറ്റ് സെക്രട്ടറി ജ്യോതിലക്ഷ്മി കവിത ആലപിച്ചു. 1857 മാര്‍ച്ച് 8 ന് ന്യൂയോര്‍ക്കില്‍ വനിതാ തൊഴിലാളികള്‍ നടത്തിയ ചരിത്ര സമരം, തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വനിതാ സമരങ്ങള്‍, കേരളത്തില്‍ നടന്ന മാറുമറയ്ക്കല്‍ സമരം, പഞ്ചമിയുടെ സ്കൂള്‍ പ്രവേശം, ഇന്ത്യയിലെ പ്രശസ്തരായ വനിതാ ശാസ്ത്രജ്ഞര്‍ എന്നിങ്ങനെ വിവിധങ്ങളായ ഫോട്ടോകളുടെ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. മേഖലാകമ്മിറ്റി അംഗം മീരാ സുമം സ്വാഗതവും ടൈറ്റാനിയം യൂണിറ്റ് പ്രസിഡന്റ് ഡോ അമ്പിളി തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി. മെഴുകുതിരി തെളിക്കല്‍, പ്രതിജ്ഞ എന്നിവയും രാത്രി നടത്തവും ഉണ്ടായിരുന്നു.