പൊതു വായനയും സമൂഹവായനയുമാണ് കേരളത്തെ മാറ്റി തീർത്തത്. പി. എൻ ഗോപികൃഷ്ണൻ
പൊതു വായനയും സമൂഹവായനയുമാണ് കേരളത്തെ മാറ്റി തീർത്തതെന്ന് എഴുത്തുകാരനും സാംസ്ക്കാരിക പ്രവർത്തകനുമായ പി.എൻ ഗോപി കൃഷ്ണൻ അഭിപ്രായപ്പെട്ടു. കുട്ടികളിലും അധ്യാപകരിലുംശാസ്ത്രവായന വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കണ്ണൂർ പരിഷദ് ഭവനിൽ സംഘടിപ്പിച്ച യുറീക്കാ ശിൽപ്പശാല ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
സമൂഹത്തെ പുന:സംഘടിപ്പിക്കലാണ് ജനാധിപത്യ രാജ്യത്തിന്റെ പ്രധാന ദൗത്യം. ഇതിന് സമൂഹത്തെ സോഷ്യൽ സമൂഹമാക്കി മാറ്റണം. അല്ലെങ്കിൽ രാജ്യം രാജഭരണത്തേക്കാൾ ഭീകരമായിരിക്കും. ടെക്‌നോളജി മുഴുവൻ ഭരണകൂടത്തിന്റെ കൈയ്യിലാണ്. ടെക്നോളജി ഉപയോഗിച്ച് ഭരണകൂടത്തിന് എന്തും ചെയ്യാൻ സാധിക്കും. ഇതിൽ നിന്നും രാജ്യത്തെ രക്ഷിക്കണമെങ്കിൽ സോഷ്യൽ സമൂഹം വേണം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വ്യത്യസ്തമായി നിൽക്കാൻ കാരണം ഇതാണ്. നവോത്ഥാന പ്രസ്ഥാനങ്ങൾ കേരളത്തിന്റെ പുതു ചിന്തക്ക് വലിയ സംഭാവന നൽകിയിട്ടുണ്ട്. എന്നാൽ തമിഴ്‌നാട്ടിലും കർണാടകയിലുമൊക്കെ ഇതിലേറെ വലിയ നവോത്ഥാന ചിന്തകളും പ്രസ്ഥാനങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ കേരളം അവരിൽ നിന്ന് വ്യത്യസ്തമാകുന്നത് പൊതു വിദ്യാഭ്യാസത്തിന്റെയും പൊതു ഇടങ്ങളുടെയും മികവാണ്. സ്‌കൂളുകളും വായനശാലകളും കേരളത്തെ മാറ്റി തീർത്തു. ഇപ്പോൾ രാജ്യത്ത് ചരിത്രം തന്നെ മാറ്റിയെഴുതുകയാണ്. ഗാന്ധിജിയുടെ ജിവിതം എഴുതി വെച്ച മ്യുസിയത്തിൽ ഗാന്ധിജി എങ്ങിനെ കൊല്ലപ്പെട്ടു എന്ന് മാത്രം സൂചിപ്പിച്ചിട്ടില്ല, സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം ചരിത്ര വസ്തുതകളെ മാറ്റുകയാണ്. ഇതാണ് ഭാവിതലമുറയെ പഠിപ്പിക്കുന്നത്. അത് കൊണ്ട് കേരളത്തിൽ ശാസ്ത്രവായനക്കും കൂട്ടായ വായനക്കും വലിയ പ്രസക്തിയും ഉത്തരവാദിത്തവുമുണ്ടെന്ന് ഗോപീകൃഷ്ണൻ പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ ഒ.എം ശങ്കരൻ അധ്യക്ഷനായി. മാസികാ മാനേജിംഗ് എഡിറ്റർ പി.എം വിനോദ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി പി. വി ദിവാകരൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ വിനോദ്കുമാർ സ്വാഗതവും ജില്ലാ പ്രസിഡന്റ് കെ. പി പ്രദീപ്കുമാർ നന്ദിയും പറഞ്ഞു.
ബാല പ്രസിദ്ധീകരണങ്ങളും യുറീക്കായും എന്ന വിഷയത്തിൽ ഡോ പിവി പുരുഷോത്തമനും യൂറിക്കായിലെ വിഭവങ്ങൾ എന്ന വിഷയത്തിൽ പത്രാധിപ സമിതി അംഗം എൻ പി സിന്ധുവും അവതരണം നടത്തി. വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ ഡോ എം വി ഗംഗാധരൻ മോഡറേറ്ററായി. ഉള്ളടക്കം, ആവിഷ്‌കരണ രീതി, പേജ് സെറ്റിംഗ്, പ്രചാരണം എന്നീ ഗ്രൂപ്പുകളിൽ ചർച്ചയും അവതരണവും നടന്നു. യൂറിക്കാ എഡിറ്റർ കെ ആർ അശോകൻ, ഡോ രമേശൻ കടൂർ എന്നിവർ ക്രോഡീകരിച്ച് സംസാരിച്ചു. പ്രൊഫ കെ പാപ്പൂട്ടി, പരിഷത് ട്രഷറർ പി പി ബാബു, കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ടി ഗംഗാധരൻ, ടിവി നാരായണൻ, ജില്ലാ സെക്രട്ടറി പിടി രാജേഷ് പത്മനാഭൻ ബ്ലാത്തൂർവിലാസിനി ടി .വി ലത ചിറ്റൂർ,രാഹുൽഎന്നിവർ സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത 70 പേരാണ് ശിൽപ്പശാലയിൽ പങ്കെടുത്തത്.