ഡിജിറ്റൽ ജനാധിപത്യത്തിനായുള്ള മുന്നേറ്റങ്ങൾ ശക്തമാക്കണം : സി.എസ് വെങ്കിടേശ്വരൻ
മലപ്പുറം : യുവജനങ്ങളുടെ നേതതൃത്വത്തിൽ ഉള്ള സ്വതന്ത്ര വിജ്ഞാന സമൂഹങ്ങൾ ഡിജിറ്റൽ ജനാധിപത്യത്തിനായുള്ള മുന്നേറ്റങ്ങൾ ശക്തിപ്പെടുത്താന്‍ നേതൃത്വം കൊടുക്കണമെന്ന് പ്രശസ്ത ചലച്ചിത്ര നിരൂപകൻ സി.എസ് വെങ്കിടേശ്വരൻ അഭിപ്രായപ്പെട്ടു. ശാസത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തില്‍ മലപ്പുറം ഗവ. കോളേജ് ഫിലിം ക്ലബ്, മൊണ്ടാഷ് മൂവിക്ലബ് മഞ്ചേരി എന്നിവയുടെ സഹകരണത്തോടെ ഒക്ടോബര്‍ 28, 29, 30 തിയ്യതികളില്‍ മലപ്പുറം ഗവ. കോളേജില്‍ വച്ച് സംഘടിപ്പിച്ച നെയ്തല്‍ –ചലച്ചിത്ര ആസ്വാദന സംഘാടന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 26 കലാലയങ്ങളില്‍ നിന്നായി 53 ഫിലിം ക്ലബ് ഭാരവാഹികള്‍ ക്യാമ്പില്‍ പങ്കെടുത്തു. നവമാധ്യമസംസ്‌കാരം (ഡോ. സി. എസ്. വെങ്കിടേശ്വരന്‍), ചലച്ചിത്രാവബോധരൂപീകരണത്തില്‍ കാംപസ് ഫിലിംസൊസൈറ്റികളുടെ പങ്ക് (മമ്മദ് മൊണ്ടാഷ്), ജനാധിപത്യസംസ്‌കാരവും പുതിയ മലയാള സിനിമയും (ജി.പി. രാമചന്ദ്രന്‍), ചലച്ചിത്ര സംഘാടനത്തിലെ പെണ്‍ പങ്കാളിത്തം (സോണിയ ഇ പി), ബഹുസ്വരതാ കാലത്തെ ഫിലിം ഫെസ്റ്റിവല്‍ സംഘാടനം (ഫാ. ബെന്നി ബെനെഡിക്റ്റ്), ക്യാമ്പസില്‍ നിന്ന് സിനിമയുണ്ടാകുമ്പോള്‍ (ഡോ. ഗോപു) എന്നീ വിഷയങ്ങള്‍ ക്യാമ്പില്‍ അവതരിപ്പിച്ച് ചര്‍ച്ചചെയ്തു. ആർത്തവം പ്രമേയമായ ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത “വുമെൺസസ് “, ഗിരീഷ് കുമാര്‍ സംവിധാനം ചെയ്ത “രണ്ടുകുറിപ്പുകൾ” എന്നിവ ഉൾപ്പെടെ ഡോക്യുമെന്ററി, ഹ്രസ്വചിത്രം, അനിമേഷന്‍, മ്യൂസിക് വീഡിയോ എന്നീവിഭാഗങ്ങളില്‍ തെരഞ്ഞെടുത്തചലച്ചിത്രങ്ങള്‍ പ്രദർശിപ്പിച്ചു. ക്യാമ്പിന്റെ തുടർച്ചയായി ജില്ലയിലെ 20 കലാലയങ്ങളെ ബന്ധിപ്പിച്ചു ഡിസംബർ മാസത്തിൽ ക്യാംപസ് സിനിമാസംവാദ യാത്ര സംഘടിപ്പിക്കും.
ക്യാമ്പില്‍ നിന്നുള്ള ചിത്രങ്ങള്‍
സോണി. ഇ.പി. സംസാരിക്കുന്നു
ക്യാമ്പംഗങ്ങളുമായി സംവദിക്കുന്ന ഗിരീഷ്