അറിവ് ആഹ്ലാദമാക്കിയ അമ്പത് വര്‍ഷങ്ങള്‍

0

കുട്ടികളുടെ പ്രിയപ്പെട്ട ശാസ്ത്രപ്രസിദ്ധീകരണമായ യുറീക്ക ദ്വൈവാരിക പ്രസിദ്ധീകരണത്തിന്റെ അമ്പതാമാണ്ടിലേക്ക് കടന്നു. 1970 ജൂണ്‍ ഒന്നിന് ഡോ കെ എന്‍ പിഷാരടി ചീഫ് എഡിറ്ററും ടി ആര്‍ ശങ്കുണ്ണി മാനേജിങ്ങ് എഡിറ്ററുമായി തൃശൂരില്‍ നിന്നാണ് യുറീക്ക പിറന്നത്. പരിഷത്തിന്റെ തൃശൂര്‍ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ആദ്യകാല പ്രവര്‍ത്തനങ്ങള്‍. 1970 ന് കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കോട്ടയം, ഷൊര്‍ണൂര്‍, മലപ്പുറം, ബാംഗ്ലൂര്‍, എന്നിങ്ങനെ എട്ടിടങ്ങളിലായാണ് പ്രകാശനം നടന്നത്. കോഴിക്കോട് ബാലാമണിയമ്മയും എറണാകുളത്ത് കെ എ ദാമോദരമേനോനുമാണ് പ്രകാശനം നടത്തിയത്.
ആദ്യ ലക്കത്തില്‍ ബാലാമണിയമ്മയാണ് യുറീക്കയുടെ ദര്‍ശനം വായനക്കാര്‍ക്ക് മുന്നിലവതരിപ്പിച്ചത്. കുട്ടികളുടെ ജന്തുലോകം (ഡോ കെ ജി അടിയോടി), കലയും ശാസ്ത്രവും (ഡോ കെ എന്‍ പിഷാരോടി), ചോരയുടെ കഥ (ഡോ കെ പവിത്രന്‍), ശാസ്ത്രം നിത്യജീവി തത്തില്‍ ‍(ബി വിജയകുമാര്‍), തിമിംഗല സ്രാവ് (ഓ ടി പീറ്റര്‍), ബലതന്ത്രത്തിലെ തമാശകള്‍ (പ്രൊഫ എ അച്യതന്‍), നമ്മുടെ ബഹിരാകാശം (എം സി നമ്പൂതിരിപ്പാട്), യുറീക്കയുടെ കഥ (രേവതി), കളിയിലെ കാര്യങ്ങള്‍ (എം സോമന്‍) എന്നീ ലേഖനങ്ങളും ഏതാനും ചെറുകുറിപ്പുകളും ലളിതാംബിക അന്തര്‍ജനത്തിന്റെ മോഹം എന്ന കഥയുമായിരുന്നു ആദ്യലക്കത്തിലെ ഉള്ളടക്കം. ഒരു കോപ്പിക്ക് മുപ്പത് പൈസയും വാര്‍ഷിക വരിസംഖ്യ മൂന്ന് രൂപയുമായിരുന്നു.
ഇത്രയും കാലം മുടക്കമില്ലാതെ യുറീക്ക വായനക്കാരുടെ കൈകളിലെത്തി എന്നത് തികച്ചും അഭിമാനാര്‍ഹമായ കാര്യമാണ്. ലോകമെങ്ങും ശാസ്ത്രപ്രസിദ്ധീകരണങ്ങള്‍ മുന്നോട്ടുപോവാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന ഒരു സാഹചര്യത്തിലാണ് ഈ നേട്ടമെന്നത് ചില്ലറക്കാര്യമല്ല. മാസികയായി ആരംഭിച്ച യുറീക്ക 2002 ആഗസ്റ്റ് മുതല്‍ ദ്വൈവാരികയായി മാറി. ചെറിയ 1/8 സൈസില്‍ നിന്ന് നിലവിലുള്ള ഡിമെ 1/4 ലേക്ക് മാറിയത് 2009 ഒക്ടോബറിലാണ്.
നിരവധി തലമുറകള്‍ ഇതിനിടയില്‍ യുറീക്കയിലൂടെ കടന്നുപോയി. ശാസ്ത്രീയ സമീപനത്തിനും ശാസ്ത്രബോധത്തിനും ഊന്നല്‍ നല്‍കുന്ന യുറീക്ക മലയാളത്തിലെ മറ്റു ബാലപ്രസിദ്ധീകരണങ്ങളില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്നു. യുറീക്ക കുട്ടികളെ അന്വേഷണത്തിന് പ്രേരിപ്പിക്കുന്നു. മാത്തന്‍ മണ്ണിരക്കേസ്, ഇടിയന്‍ മുട്ടന്‍, മാഷോടു ചോദിക്കാം, ഹരീഷ് മാഷും കുട്ട്യോളും, ഭൂമിയിലെത്തിയ വിരുന്നുകാര്‍ തുടങ്ങി കുട്ടികളുടെയിടയില്‍ ഹിറ്റായ നിരവധി രചനകള്‍ യുറീക്കയില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.
യുറീക്കയുടെ എഡിറ്റര്‍ യുറീക്കാമാമന്‍ എന്ന പേരിലാണ് കുട്ടികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഡോ കെഎന്‍ പിഷാരടി, എം സി നമ്പൂതിരിപ്പാട്, പ്രൊഫ എസ് ശിവദാസ്, സി ജി ശാന്തകുമാര്‍, കേശവന്‍ വെള്ളികുളങ്ങര, ഡോ കെ കെ രാഹുലന്‍, ഡോ കെ പവിത്രന്‍, എ വി വിഷ്ണുഭട്ടതിരിപ്പാട്, പ്രൊഫ എം ശിവശങ്കരന്‍, പ്രൊഫ കെ ശ്രീധരന്‍, പ്രൊഫ കെ പാപ്പുട്ടി, കെ ടി രാധാകൃഷ്ണന്‍, കെ ബി ജനാര്‍ദ്ദനന്‍, രാമകൃഷ്ണന്‍ കുമരനെല്ലൂര്‍, ഇ എന്‍ ഷീജ… തുടങ്ങിയവര്‍ വിവിധ അവസരങ്ങളില്‍ എ‍‍ഡിറ്റര്‍മാരായി പ്രവര്‍ത്തിച്ചു. സി എം മുരളീധരനാണ് ഇപ്പോഴത്തെ എഡിറ്റര്‍. എം ദിവാകരന്‍ മാനേജിങ്ങ് എ‍ഡിറ്ററും.
ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികളെയാണ് യുറീക്ക ലക്ഷ്യമിടുന്നതെങ്കിലും അതിലും മുതിര്‍ന്ന കുട്ടികളും യുറീക്കയുടെ വായനക്കാരായുണ്ട്. കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ ഇടം നല്‍കുന്ന പ്രസിദ്ധീകരണം യുറീക്കയാണ്. കുട്ടികളുടെ രചനകള്‍ക്കായുള്ള, ചുവടുകള്‍ എന്ന പംക്തി വര്‍ഷങ്ങളായി തുടരുന്നു. ചുവടുകളിലൂടെ എഴുതിത്തെളിഞ്ഞ് പിന്നീട് എഴുത്തുകാരായി മാറിയ നിരവധി കൂട്ടുകാര്‍ യുറീക്കയ്ക്കുണ്ട്. കുട്ടികള്‍ രചനയും ചിത്രീകരണവും എഡിറ്റിങ്ങും നിര്‍വഹിച്ച് തയ്യാറാക്കുന്ന പ്രത്യേക ലക്കങ്ങള്‍ യുറീക്കയുടെ സവിശേഷതയാണ്. ഇതിനകം പന്ത്രണ്ട് ലക്കങ്ങള്‍ ഇങ്ങനെ കുട്ടികളുടെ നേതൃത്വത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. സംവാദമൂല, രചനാമൂല, പ്രിയപ്പെട്ട യുറീക്കേ, യുറീക്കയോട് ചോദിക്കാം തുടങ്ങി നിരവധി പംക്തികളിലൂടെ കുട്ടികള്‍ക്ക് യുറീക്കയുമായി ഇടപഴകാന്‍ കഴിയുന്നു.
ശാസ്ത്രവര്‍ഷപ്പതിപ്പ്, ജൈവവൈവിധ്യപ്പതിപ്പ്, രസതന്ത്രപ്പതിപ്പ്, ജലപ്പതിപ്പ്, കൃഷിപ്പതിപ്പ്, സൂക്ഷ്മജീവിപ്പതിപ്പ്, പ്രകാശപ്പതിപ്പ് എന്നിങ്ങനെ ശ്രദ്ധേയമായ വാര്‍ഷിക പതിപ്പുകളും യുറീക്ക പുറത്തിറക്കിയിട്ടുണ്ട്. വര്‍ഷംതോറും യുറീക്കാ വിജ്ഞാനോത്സവത്തില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു.
2019 ജൂണ്‍ മുതല്‍ 2020 ജൂണ്‍ വരെയുള്ള ഒരു വര്‍ഷക്കാലം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. പിറന്ന മണ്ണായ തൃശ്ശൂരില്‍ വെച്ചാണ് അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സംസ്ഥാന വ്യാപകമായി നടക്കുന്ന യുറീക്കോത്സവങ്ങള്‍, യുറീക്ക പ്രവര്‍ത്തക സംഗമം, ഞാനൊരു യുറീക്കക്കുട്ടിയായിരുന്നു (യുറീക്കയിലൂടെ വളര്‍ന്നവരുടെ സംഗമങ്ങള്‍), വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍, അഖിലേന്ത്യാ ബാലോത്സവം, എഴുത്തുകാരുടെ ക്യാമ്പ്, ബാലസാഹിത്യ ശില്‍പ്പശാല, അധ്യാപക സംഗമങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആഘോഷ പരിപാടികളില്‍ പെടും.
യുക്തിചിന്തയും ശാസ്ത്രബോധവും വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമകാലീന അവസ്ഥയില്‍ കുട്ടികള്‍ക്കിടയിലുള്ള ശാസ്ത്രബോധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നു. യുറീക്കയുടെ അമ്പതാം വാര്‍ഷികാഘോഷ പരിപാടികള്‍ നാടിന്റെ മുക്കിലും മൂലയിലും എത്തിക്കാനും കുട്ടികളുടെ കൂട്ടായ്മകള്‍ക്ക് തുടക്കമിടാനും മുഴുവന്‍ പരിഷത്ത് അംഗങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *