അക്ഷയ ഊർജ അവാർഡ് ഐ.ആർ.ടി.സി ഏറ്റുവാങ്ങി
തിരുവനന്തപുരം: ഐ.ആർ.ടി.സിക്ക് ലഭിച്ച സംസ്ഥാന സർക്കാരിന്റെ അക്ഷയ ഊർജ അവാർഡ് (2018) കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഡയറക്ടർ ഡോ. എസ് ശ്രീകുമാർ, രജിസ്ട്രാർ കെ കെ ജനാർദ്ദനൻ, പ്രൊഫ. ബി എം മുസ്തഫ എന്നിവർ ഏറ്റുവാങ്ങി. ഒക്ടോബർ 10 ന് തിരുവനന്തപുരം മജസ്റ്റിക് ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത് എംഎല്‍എ, അനർട്ട് ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
ഊർജരംഗത്ത് ഫലപ്രദമായി പ്രവർത്തിക്കുന്ന വ്യക്തികളേയും സ്ഥാപനങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതാണ് അക്ഷയ ഊർജ അവാർഡ്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുള്ള അവാർഡാണ് ഐ.ആർ.ടി.സിക്ക് ലഭിച്ചത്. സോളാർ പവർ പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, ചെറുകിട ജലവൈദ്യുത പദ്ധതികൾ, ചൂടാറാപ്പെട്ടി മുതലായവ കേരളത്തിൽ ഉടനീളം സഥാപിച്ചു നൽകുന്നതിൽ ഐ. ആർ. ടി. സി. വഹിച്ച പങ്ക് കണക്കിലെടുത്താണ് ഈ അംഗീകാരം.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രതിദിനം 2600 കിലോഗ്രാം ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റ്, പാലക്കാട് ജില്ലയിലെ 60 സ്കൂളുകളിൽ 100 കിലോഗ്രാം വീതം മാലിന്യ സംസ്കരണ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റ്, 16, 000 ത്തോളം ചൂടാറാപ്പെട്ടികളുടെ വിതരണം എന്നിവ കൂടാതെ വിവിധ സ്ഥാപനങ്ങളിലായി ആകെ 92kWp ശേഷിയുള്ള സൗരോർജ്ജ വൈദ്യുതി നിലങ്ങളും സ്ഥാപിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.