അട്ടക്കുളങ്ങര സ്‌കൂളിനെ ഹരിതവിദ്യലയമാക്കും – ഡോ. ടി.എന്‍. സീമ പരിസര കലണ്ടര്‍ പ്രകാശനം ചെയ്തു

പരിസരകലണ്ടര്‍ പ്രകാശനം ഹരിതകേരളം മിഷന്‍ വൈസ്‌ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍. സീമ നിര്‍വഹിക്കുന്നു.

ഡോ.ടി.എന്‍. സീമ നിര്‍വഹിക്കുന്നു.
അട്ടക്കുളങ്ങര : അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ സ്‌കൂളിനെ ഹരിതവിദ്യാലയമാക്കി മാറ്റുന്നതില്‍ ഹരിതകേരള മിഷന്റെ എല്ലാവിധ സഹായ സഹകരണങ്ങളും ലഭ്യമാക്കുമെന്ന് മിഷന്‍ വൈസ്‌ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ പ്രസ്താവിച്ചു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ പരിസര കലണ്ടര്‍ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. ജലസംരക്ഷണവും, ജലവിനിയോഗരീതികളും പരിശീലിക്കുന്നതിന് സഹായകമായ തരത്തില്‍ കലണ്ടര്‍ രൂപകല്‍പ്പന ചെയ്ത പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അവര്‍ സൂചിപ്പിച്ചു. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കലണ്ടര്‍ നല്‌കി. ഹരിതകേരള മിഷന്റെ വിവിധ പ്രവര്‍ത്തനത്തിലൂടെ സ്‌കൂള്‍ ഭൂമിയെ മികച്ച ജൈവവൈവിധ്യപാര്‍ക്കായി മാറ്റുന്നതിന് ശ്രമിക്കുമെന്ന് അവര്‍ പറഞ്ഞു. പരിഷത്ത് തിരുവനന്തപുരം മേഖലാ പ്രസിഡണ്ട് ടി പി സുധാകരന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അട്ടക്കുളങ്ങര സ്‌കൂളിനെ അതിന്റെ പഴയ പ്രൗഢിയില്‍ തിരിച്ചുകൊണ്ടുവരുന്ന തരത്തില്‍ അക്കാദമിക മികവിനായി പരിഷത്തിന്റെ സഹകരണം ഉണ്ടാവുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
സ്‌കൂളിലെ ഏറ്റവും നല്ല വായനക്കാരനായ ഫയാസ് എന്ന വിദ്യാര്‍ഥിക്ക് ഡോ. ജോര്‍ജ് ഓണക്കൂര്‍ പ്രത്യേക അഭിനന്ദനമായി നല്‌കിയ പുസ്തകം ഡോ. സീമ ചടങ്ങില്‍ സമ്മാനിച്ചു. ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍കുള്ള ക്യാഷ് അവാര്‍ഡുകളും, വിജയികള്‍ക്ക് പരിഷത്ത് പുസ്തകങ്ങളും സ്‌കൂള്‍ സംരക്ഷണസമിതി അദ്ധ്യക്ഷ ഇ.എം രാധ നല്‌കി. ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ സിജി, പരിഷത്ത് ജില്ലാകമ്മറ്റിയംഗം പി. ഗിരീശന്‍, മേഖലാ സെക്രട്ടറി പ്രദീപ് ഓര്‍ക്കാട്ടേരി, എം.പി. അനില്‌കുമാര്‍,ജി.എസ്. ഹരീഷ്‌കൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്‌കൂള്‍ ഹെഡ് മിസ്ട്രസ് കല സ്വാഗതവും സ്റ്റാഫ് സെക്രട്ടരി അരുണ്‍ നന്ദിയും പറഞ്ഞു.