ഉല്‍ക്കയില്‍ ഒളിഞ്ഞിരിക്കുന്ന ജൈവരാസികങ്ങള്‍

0

 

ബാഹ്യാന്തരീക്ഷത്തില്‍ നിന്ന് ഭൗമാന്തരീക്ഷത്തിലേക്ക് പതിക്കുന്ന ഖരവസ്തുക്കളാണ് ഉല്‍ക്കകള്‍. ഗുരുത്വാകര്‍ഷണഫലമായി വലിയ വേഗതയോട് കൂടി പതിക്കുന്നതിനാല്‍ ഇവ അന്തരീക്ഷവുമായുള്ള ഘര്‍ഷണം മൂലം ചൂട് പിടിക്കുകയും കത്തുകയും ചെയ്യുന്നു. ഇങ്ങനെ കത്തുന്നതാണ് കൊള്ളിമീനായി കാണുന്നത്. അപൂര്‍വം ചില ഉല്‍ക്കകള്‍ മാത്രം ഉല്‍ക്കശിലകളായി ഭൂമിയില്‍ പതിക്കുന്നു. രണ്ട് ഉള്‍ക്കശിലകളുടെ ഉള്ളില്‍ പതിച്ചുവച്ച രൂപത്തില്‍ കണ്ട ചെറു ക്രിസ്റ്റലുകളില്‍ ജലാംശവും ചില കാര്‍ബണിക രാസികങ്ങളും കണ്ടിരിക്കുന്നു. ജീവന്‍ തുടിക്കുന്നതിന് ആവശ്യമായ ഘടകങ്ങളാണിവ. നാസയുടെ ടെക്സാസ് ജോണ്‍സണ്‍സ് സ്പേസ് സെന്ററില്‍ സൂക്ഷിച്ചിരിക്കുന്ന രണ്ട് ഉല്‍ക്കാശിലകള്‍ക്ക് മോനാഹാന്‍സ്, സാഗ് എന്നും പേരുകള്‍ നല്‍കിയിരിക്കുന്നു. ഇവയില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ വളരെയധികം പണിപ്പെട്ട് ചെറു ക്രിസ്റ്റലുകള്‍ വേര്‍ത്തിരിച്ചെടുത്തത്. 1998 മാര്‍ച്ചിലും ആഗസ്റ്റിലുമാണ് യഥാക്രമം മോനാഹാന്‍സും സാഗും ഭൂമിയില്‍ പതിച്ചത്. അന്ന് മുതല്‍ അവ നാസയുടെ സംരക്ഷണത്തിലാണ്. അത്യന്താധുമിക എക്സ് രശ്മി സ്കാന്‍ ഉപയോഗിച്ച് ക്രിസ്റ്റലുകളെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അവയില്‍ കാര്‍ബണ്‍, ഓക്സിജന്‍, നൈട്രജന്‍, കൗശികങ്ങളുടെയും അമിനോ അമ്ലങ്ങളുടെയും സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു. അമിനോ അമ്ലങ്ങളില്‍ നിന്നാണല്ലോ പ്രോട്ടീനുകള്‍ നിര്‍മിക്കപ്പെടുന്നത്. സൗരയൂഥത്തിന്റെ ശൈശവകാലത്ത് ഏതാണ്ട് നാനൂറ്റമ്പത് കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ ക്രിസ്റ്റലുകളില്‍ കുടുങ്ങിപ്പോയതെന്ന് കരുതപ്പെടുന്ന ജലത്തിന്റെ സൂക്ഷ്മാംശങ്ങളും തിരിച്ചറിയപ്പെട്ടു. ബഹിരാകാശത്ത് കാര്‍ബണിക കൗശികങ്ങളും ജലവും രൂപപ്പെട്ടിരിക്കാമെന്നതിനുള്ള തെളിവാണിത്. അപ്പോള്‍ ജീവരേണുക്കളുടെ ഉല്‍പ്പത്തി ബഹിരാകാശത്തിലായിരുന്നു എന്ന സംശയത്തിന് ബലം പകരുന്നതാണീ കണ്ടുപിടുത്തം. നീല നിറത്തിലും മാന്തളിര്‍ നിറത്തിലും കണ്ട ഈ ചെറു ക്രിസ്റ്റലുകളുടെ രസതന്ത്രം വിശദമായി പഠിച്ചപ്പോള്‍ കടുതല്‍ വിവരങ്ങള്‍ ലഭിക്കാനിടയായി. ഛിന്നഗ്രഹങ്ങളില്‍വച്ച് ഏറ്റവും വലുതായ സെറസ്സില്‍ ഉണ്ടായ അഗ്നിപര്‍വത സ്ഫോടനത്തില്‍ നിന്നായിരിക്കാം കാര്‍ബണിക രാസികങ്ങളുടെ പിറവി എന്നതിന് ചില തെളിവുകള്‍ ലഭിച്ചു. ടെക്സാസ് ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ ഡോ. ക്യൂനി ചാന്‍ ആണ് ഈ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ ഉദ്ധരിക്കാം. “ജീവന്റെ ഉല്‍പ്പത്തി അങ്ങകലെ മറ്റെവിടെയായിരിക്കാന്‍ സാധ്യതയുണ്ടെന്നുള്ള സൂചനകളാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ഉല്‍ക്കാശിലകളില്‍ ഒട്ടേറെ കാര്‍ബണിക രാസികങ്ങളുടെ സാന്നിധ്യം വ്യക്തമായിട്ടുണ്ട്. അവയില്‍ സങ്കീര്‍ണമായ ചിലതുമുണ്ട്. സൗരയൂഥത്തിന്റെ തുടക്കകാലത്ത് ഉണ്ടായിരുന്ന ജൈവഘടനയെ പ്രതിനിധീകരിക്കുന്നതാണ് ഈ ഉല്‍ക്കാശിലകള്‍.

Leave a Reply

Your email address will not be published. Required fields are marked *