എസ്.പി.എൻ. അനുസ്മരണം- മലപ്പുറത്ത് പരിസ്ഥിതി സെമിനാര്‍

0
മഞ്ചേരിയിൽ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറിൽ ടി ഗംഗാധരൻ വിഷയാവതരണം നടത്തുന്നു.

മലപ്പുറം: കവി, പ്രഭാഷകൻ, അധ്യാപകൻ, ശാസ്ത്ര പ്രചാരകൻ, പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിലെല്ലാം സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ച എസ് പ്രഭാകരൻ നായര്‍ മലപ്പുറം ജില്ലയിലും സംസ്ഥാനത്തും കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ ജനകീയമാക്കുന്നതിന് യത്നിച്ച മുൻനിര പ്രവർത്തകനായിരുന്നു. എസ് പി എൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അദ്ദേഹത്തെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി മഞ്ചേരിയില്‍ ഏകദിന പരിസ്ഥിതി സെമിനാര്‍ സംഘടിപ്പിച്ചു.
തുടര്‍ച്ചയായി രണ്ടു വർഷങ്ങളിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തങ്ങളാവർത്തിക്കാതിരിക്കുന്നതിനും പ്രളയാനന്തര പ്രവർത്തനങ്ങൾക്ക് ദിശ കാണിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമെന്ന നിലയിൽ സംഘടിപ്പിച്ച “പ്രളയവും അതിജീവനവും- നവകേരളം പ്രതീക്ഷയും പ്രതിസന്ധിയും ” എന്ന പരിസ്ഥിതി സെമിനാറിൽ പ്രളയപാഠങ്ങൾ, പ്രളയാനന്തര പുനർനിർമാണവും പ്രാദേശിക ഇടപെടൽ സാധ്യതകളും, കാർഷിക മേഖലയും തൊഴിൽ സാധ്യതകളും, ഉരുൾപൊട്ടൽ- അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മലപ്പുറത്തിന്റെ അനുഭവപാഠങ്ങൾ എന്നീ അവതരണങ്ങൾ നടന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വികസനത്തിൽ പരിഗണിക്കപ്പെടേണ്ട പരിസ്ഥിതി പാഠങ്ങൾ മുഴുവൻ പഞ്ചായത്തുകളിലും അജണ്ടയാകണമെന്നും പഞ്ചായത്തുതല പ്രകൃതി ദുരന്തനിവാരണ വർക്കിങ് ഗ്രൂപ്പ്‌ പ്രവർത്തിക്കണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
ടി ഗംഗാധരൻ, ടി പി കുഞ്ഞിക്കണ്ണൻ, ജി ഗോപിനാഥൻ, ഡോ. വി കെ ബ്രിജേഷ് എന്നിവർ ക്ലാസുകൾക്ക്‌ നേതൃത്വം നൽകി. എം എസ് മോഹനൻ എസ് പി എൻ അനുസ്മരണവും ജില്ലാ പ്രസിഡന്റ് വി വിനോദ് ആമുഖാവതരണവും നടത്തി. ഡോ. പി മുഹമ്മദ് ഷാഫി അധ്യക്ഷനായിരുന്ന സെമിനാറില്‍‍ പ്രളയാനന്തര പ്രവർത്തനങ്ങൾക്കുള്ള ഭാവിരേഖയുടെ അവതരണം കെ കെ പുരുഷോത്തമനും എസ്.പി.എൻ. എൻഡോവ്മെന്റ് പ്രഖ്യാപനം ജില്ലാ സെക്രട്ടറി സി എൻ സുനിലും നടത്തി. സ്വാഗതസംഘം ചെയർമാൻ റഷീദ് ആശംസകളർപ്പിച്ചു. ഷിനോദ്, ലിനിഷ് എന്നിവർ ശാസ്ത്രഗാനങ്ങളും എൻ എൻ സുരേന്ദ്രൻ പ്രളയ കവിതയും അവതരിപ്പിച്ചു.

ഹരിതവിദ്യാലയങ്ങൾക്ക് എസ്.പി.എൻ എൻഡോവ്മെന്റ്

എസ്. പ്രഭാകരൻ നായരുടെ ഓർമയ്ക്കായി മലപ്പുറം ജില്ലാകമ്മിറ്റി എസ്.പി.എൻ എൻഡോവ്മെന്റ് ഏര്‍പ്പെടുത്തി. “മാലിന്യപരിപാലനം വിദ്യാലയങ്ങളിൽ” എന്നതാണ് എസ്.പി.എൻ എൻഡോവ്മെന്റിനായി പരിഗണിക്കുന്ന വിഷയം. മാതൃകാപരമായ മാലിന്യപരിപാലന പ്രവർത്തനങ്ങൾ നടത്തുന്ന ജില്ലയിലെ ഒരു വിദ്യാലയത്തിന് പതിനായിരം രൂപയുടെ ശാസ്ത്രപുസ്തകങ്ങള്‍ എൻഡോവ്മെന്റ് ആയി നൽകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *