കടുങ്ങല്ലൂർ പഞ്ചായത്ത് സുസ്ഥിരവികസന രേഖ ജനപ്രതിനിനിധികളുമായി സംവാദം തുടരുന്നു

0

എറണാകുളം: പഞ്ചായത്തു പ്രദേശത്തെ വിവിധ മേഖലകളിലെ വിദഗ്ദ്ധർ ചേർന്നു 25 വിഷയ മേഖലകളിലായി തയ്യാറാക്കിയ കടുങ്ങല്ലൂർ പഞ്ചായത്ത് വികസനരേഖ സുസ്ഥിര വികസനത്തിലൂന്നിയ നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടു വക്കുന്നു. ആലുവ മേഖല കമ്മറ്റിയും റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ എഡ്രാക്ക് പഞ്ചായത്ത് കമ്മറ്റിയും ചേർന്ന് രൂപീകരിച്ച ഗ്രാമവികസന സമിതിയുടെ ആഭിമുഖ്യത്തിലാണ് വികസനരേഖ തയ്യാറാക്കിയത്
ഡിസംബർ 25 ന് 5 ഗ്രൂപ്പുകളായി തിരിഞ്ഞു പഞ്ചായത്തിലെ 21 വാർഡുകളിലെ ജനപ്രതിനിധികളെ സന്ദർശിച്ചു വികസനരേഖ കൈമാറുകയും വികസന നിർദ്ദേശങ്ങളെ പറ്റി ചർച്ച നടത്തുകയും ചെയ്തു . ഗ്രാമ വികസന സമിതി ചെയർമാൻ എം പി ഉദയൻ, കൺവീനർ സി ഐ വർഗീസ്, റിസോഴ്‌സ് ഗ്രൂപ് കൺവീനർ പി കെ അരവിന്ദാക്ഷൻ, പ്രൊഫ. ഇ എസ് സതീശൻ, എസ് എസ് മധു, എം കെ രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി
ഡിസംബർ 20 നു വൈകിട്ട് കടുങ്ങല്ലൂർ യൂണിറ്റും, റെസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ എഡ്രാക്കും ചേർന്ന് ഒന്ന്, പത്ത്, ഇരുപത്തി ഒന്ന് വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ സുരേഷ് മുട്ടത്തിൽ, മുഹമ്മദ്‌ അൻവർ, ഓമന ശിവശങ്കരൻ എന്നിവർക്ക് സ്വീകരണം നൽകി. പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ നടന്ന പരിപാടിയിൽ പി കെ അരവിന്ദാക്ഷൻ മോഡറേറ്ററായിരുന്നു. കടുങ്ങല്ലൂർ വികസനം- ചർച്ചകളുടെ ആമുഖം പ്രൊഫ. ഇ എസ് സതീശൻ അവതരിപ്പിച്ചു. ജനപ്രതിനിധികളായി തെരെഞ്ഞെടുക്കപ്പെട്ടവർ നിർദ്ദേശങ്ങൾക്ക് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തു . വികസന രേഖയിൽ പറയുന്ന സുസ്ഥിര വികസനം സംബന്ധിച്ച നിർദേശങ്ങൾ നടപ്പാക്കാൻ പരമാവധി ശ്രമം തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് അവർ ഉറപ്പ് നൽകി. മുൻ പഞ്ചായത്ത്‌ അംഗങ്ങളായ ഇന്ദിര കുന്നക്കാല, ഗീത സലിംകുമാർ, ജ്യോതി ഗോപകുമാർ, വിവിധ റെസിഡൻസ് അസോസിയേഷനുകളെ പ്രതിനിധീകരിച്ചു രവീന്ദ്രനാഥ്, പ്രകാശൻ, മംഗളോദയം ലൈബ്രറി സെക്രട്ടറി രാധാകൃഷ്ണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കാളികളായി. മേഖലാ പ്രസിഡന്റ് രാധാകൃഷ്ണൻ സ്വാഗതവും, യൂണിറ്റ് സെക്രട്ടറി ബി കെ അബ്ദുൽ റഹ്മാൻ കൃതജ്ഞതയും പറഞ്ഞു
ഡിസംബര്‍ 20 നു തന്നെ കടയപ്പിള്ളിയിൽ വച്ചു നടന്ന യോഗത്തിൽ ബഹു ബ്ലോക്ക് പഞ്ചായത്ത്‌ അംഗം എം അനിൽകുമാർ, ഗ്രാമപഞ്ചായത്ത് വാർഡ് 3,4 അംഗങ്ങളായ സജിത അശോകൻ, ഷാഹിന ബീരാൻ എന്നിവർക്ക് സ്വീകരണം നൽകി. എം പി ഉദയകുമാർ അദ്ധ്യക്ഷനായിരുന്നു. സി ഐ വർഗീസ് വികസന ലക്ഷ്യങ്ങൾ അവതരിപ്പിച്ചു. രമേശ് ബാബു, യാമിനി, ഗണേശ് ബോബി തോമസ്, ശങ്കർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ടി കെ ജയൻ സ്വാഗതവും അമൃത പ്രീതം നന്ദിയും പറഞ്ഞു
ഡിസംബർ 25 നു വൈകിട്ട് എടയാറിൽ നടന്ന യോഗത്തിൽ വച്ച് വാർഡ് 18 മെമ്പർ സുനിതകുമാരിക്കു സ്വീകരണം നൽകി. എം കെ രാജേന്ദ്രൻ വിഷയാവതരണം നടത്തി. പി കെ അരവിന്ദാക്ഷൻ മോഡറേറ്ററായിരുന്നു
ഡിസംബർ 26 നു വൈകിട്ട് മുപ്പത്തടം പൊന്നാരം കവലയിൽ നടന്ന യോഗത്തിൽ വച്ച് വാർഡ് 15 അംഗം ആർ പ്രജിതക്ക് സ്വീകരണം നൽകി. കൂടൽ ശോഭൻ അധ്യക്ഷനായിരുന്നു. എം പി ജയൻ വിഷയാവതരണം നടത്തി. മുൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ ബാലകൃഷ്ണപിള്ള, സി ജി വേണുഗോപാൽ, എം എം ആന്റണി, റസിഡന്റ്‌സ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ബിജു, ഗോപാല കൃഷ്ണൻ, എ ഡി എസ് ചെയർപേഴ്‌സൺ വത്സല തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് എൻ വി വിശ്വംഭരൻ സ്വാഗതവും എൻ സി വിനോദ് നന്ദിയും പറഞ്ഞു
ഡിസംബർ 27 നു കിഴക്കേ കടുങ്ങല്ലൂരിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽ കുമാർ ആർ, വാർഡ് 5 അംഗം മീര ആർ എന്നിവർക്ക് സ്വീകരണം നൽകി. പി കെ അരവിന്ദാക്ഷൻ മോഡറേറ്ററായിരുന്നു. പ്രൊഫ. ഇ എസ് സതീശൻ ആമുഖം പറഞ്ഞു .
എരമം സൗത്ത് ബാലവാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പി എ അബുബക്കർ, വാർഡ് 19 അംഗം ജമാൽ ടി ബി എന്നിവർക്ക് സ്വീകരണം നൽകി. പി ആർ ഉണ്ണികൃഷ്ണൻ മോഡറേറ്ററായിരുന്ന യോഗത്തിൽ സി ഐ വർഗീസ് ആമുഖം അവതരിപ്പിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് അംഗം പി എ ജയലാൽ സംസാരിച്ചു പി കെ ശിവൻ സ്വാഗതവും ആമിന ബീവി നന്ദിയും പറഞ്ഞു.
കാരോത്തുകുന്നിൽ ലക്ഷ്മി വാസുവിന്റെ വീട്ടുമുറ്റത്തു വച്ച് നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി, ബ്‌ളോക്ക് പഞ്ചായത്ത് അംഗം ട്രീസ മോളി, ഗ്രാമ പഞ്ചായത്ത് അംഗം ആർ രാജലക്ഷ്മി എന്നിവർക്ക് സ്വീകരണം നൽകി. കൃഷ്ണകുമാർ ആമുഖാവതരണം നടത്തി. പ്രൊഫ. ഇ എസ് സതീശൻ മോഡറേറ്ററായിരുന്നു. വി എം പ്രഭാകരൻ സ്വാഗതവും ലക്ഷ്മിവാസു നന്ദിയും പറഞ്ഞു.
പ്പത്തടം യുവജന സമാജം വായനശാലയിൽ വച്ച് വാർഡ് 12 അംഗം വി കെ ശിവനു സ്വീകരണം നൽകി. സി ഐ വർഗീസ് മോഡറേറ്ററായിരുന്ന യോഗത്തിൽ കൃഷ്ണ കുമാർ വിഷയാവതരണം നടത്തി. വായന ശാല കമ്മറ്റി അംഗം എച്ച് കെ രാജു സ്വാഗതവും സെക്രട്ടറി എൻ സി വിനോദ് നന്ദിയും പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി തയ്യാറാക്കിയ സുസ്ഥിര വികസന രേഖ മത്സരിച്ച 82 സ്ഥാനാർത്ഥികൾക്കും നൽകുകയും വിവിധ വാർഡുകളിലായി സംഘടിപ്പിച്ച വികസന സംവാദത്തിൽ 52 സ്ഥാനാർത്ഥികൾ പങ്കെടുത്തു പ്രതികരണം അറിയിച്ചു. ഗ്രാമ വികസനസമിതിയുടെ ചെയർമാനായി എം പി ഉദയനും കൺവീനറായി സി ഐ വർഗീസും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. അലിഗഡ് സർവകലാശാല മുൻ രജിസ്ട്രാർ ഡോ വി കെ അബ്ദുൾ ജലീൽ ചെയർമാനും പി കെ അരവിന്ദാക്ഷൻ കൺവീനറുമായ റിസോഴ്‌സ് ഗ്രൂപ്പും പ്രവർത്തിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *