കാലാവസ്ഥാവ്യതിയാനത്തിനെതിരെ പ്രാദേശിക പ്രതിരോധം

0

സു.ബത്തേരി : കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടം അടുക്കളയില്‍ നിന്നും തുടങ്ങണമെന്ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് റിസോഴ്‌സ് സെന്ററില്‍ സമാപിച്ച ഏകദിന ശില്‍പ്പശാല അഭിപ്രായപ്പെട്ടു. ഊര്‍ജ്ജസംരക്ഷണത്തിന് അടുക്കളയില്‍ ഉപയോഗിക്കുന്ന ചൂടാറാപ്പെട്ടിക്ക് ഒരു വര്‍ഷം രണ്ട് സിലിണ്ടര്‍ വരെ ഗ്യാസ് ലാഭിക്കാനുള്ള ശേഷിയുണ്ട്. പാചകസമയം കുറക്കുന്നതു വഴി ഇന്ധനം ലാഭിക്കുക മാത്രമല്ല അതുമൂലം ഉണ്ടാകുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ് നിര്‍ഗമനം കുറക്കാനും കഴിയുന്നു.
അടുക്കളയില്‍ വച്ചുതന്നെ ജൈവമാലിന്യം സംസ്‌കരിക്കാന്‍ കഴിയുന്ന ബയോബിന്‍ ഉപയോഗിക്കുന്നതുവഴി അടുക്കള മാലിന്യങ്ങള്‍ അഴുകിഅതില്‍ നിന്ന് മീതൈന്‍ വാതകം ഉണ്ടാവുന്നത് തടയുകയും ജൈവവളം ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും. അക്കാദമിക്ക് – സാങ്കേതിക വിദഗ്ധരും സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്ത ശില്‍പ്പശാലയ്ക്ക് സംസ്ഥാന നിര്‍വാഹകസമിതിയംഗം വി.മനോജ്കുമാര്‍ നേതൃത്വം നല്‍കി. സോപ്പ് നിര്‍മ്മാണം, മാലിന്യ പരിപാലനം, ഊര്‍ജ്ജസംരക്ഷണം എന്നീ വിഷയങ്ങളില്‍ ഡെമോണ്‍സ്റ്റ്‌റേഷന്‍ നടത്തി. വയനാട്ടിലെ എല്ലാ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി സ്‌കൂള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവിടങ്ങളില്‍ ആഗസ്റ്റ് രണ്ടാം വാരത്തില്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പരിഷത്ത് പ്രൊഡക്ഷന്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്‍പ്പശാല നടത്തിയത്.
ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ സുധീര്‍കൃഷ്ണന്‍ ശില്‍പ്പശാല ഉദഘാടനം ചെയ്തു. പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് മാഗി ടീച്ചര്‍ അധ്യക്ഷയായി. പ്രൊഫ.കെ. ബാലഗോപാലന്‍, പി.ആര്‍ മധുസൂധനന്‍, കെ.ടി. ശ്രീവത്സന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *