കെ.എ.എസ്. പരീക്ഷ ഇംഗ്ലീഷില്‍ മാത്രം നടത്താനുള്ള തീരുമാനം തിരുത്തണം

0

പാലക്കാട്: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷ ഇംഗ്ലീഷില്‍ മാത്രം നടത്താനുള്ള തീരുമാനം തിരുത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. പാലക്കാട് മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ വെച്ച് നവംബര്‍ 9,10 തിയ്യതികളില്‍ നടന്ന ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യം ഉന്നയിച്ചത്. പി.എസ്.സി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചതിലൂടെ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രി സമൂഹത്തിന് നല്‍കിയ ഉറപ്പില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. മൂന്നാഴ്ചയോളം നീണ്ട നിരാഹാര സമരത്തിന്റേയും തിരുവോണനാളിലടക്കം കേരളമൊന്നാകെ നടത്തിയ ഉപവാസ സമരത്തിന്റെയും പശ്ചാത്തലത്തിലാണ് കെ.എ.എസ് ഉള്‍പ്പെടെയുള്ള പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലും നടത്തുമെന്ന് മുഖ്യമന്ത്രി സെപ്തംബര്‍ 16ന് പ്രഖ്യാപിച്ചത്. ഈ ആവശ്യം പി.എസ്.സി യുടെ മുമ്പില്‍ ഉന്നയിച്ചിട്ടുണ്ടെന്നും അത് പരിഗണിക്കാമെന്ന് പി.എസ്.സി സമ്മതിച്ചിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ജനകീയ പ്രതിഷേധത്തെയും മുഖ്യമന്ത്രിയുടെ ഉറപ്പിനേയും തൃണവത്ഗണിച്ചുകൊണ്ട് കെ.എ.എസ് പരീക്ഷയുടെ ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ മാത്രമായിരിക്കുമെന്ന് പി.എസ്.സി വിജ്ഞാപനമിറക്കിയിരിക്കുന്നു. ഈ ജനവിരുദ്ധതയ്ക്ക് കേരളപ്പിറവി ദിനം തന്നെ തെരഞ്ഞെടുത്തതിനെ സാംസ്‌കാരിക കേരളത്തോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാവൂ.
മലയാളത്തിലും ഉത്തരമെഴുതാമെന്ന ഔദാര്യമല്ല ജനങ്ങള്‍ ആവശ്യപ്പെട്ടത്. മലയാളത്തിലും കൂടിയുള്ള പരീക്ഷയാണ്. ഈ സാഹചര്യത്തില്‍ പി.എസ്.സി ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന വിജ്ഞാപനം അടിയന്തിരമായി പിന്‍വലിച്ച്, പരീക്ഷകള്‍ മലയാളത്തിലും നടത്തുന്ന വിധത്തില്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് പരിഷത്തിന്റെ പ്രമേയം പി.എസ്.സിയോട് ആവശ്യപ്പെട്ടു. പി.എസ്.സി യുടെ തീരുമാനം തിരുത്തിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തി സാംസ്‌കാരിക കേരളത്തിന് നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് മുഖ്യമന്ത്രിയോടും അഭ്യര്‍ത്ഥിക്കുന്നതായി പരിഷത്ത് പ്രമേയത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *