കർഷകർക്കൊപ്പം ജനാധിപത്യത്തിനായ് പോരാടാം

0

സുഹൃത്തേ,
കാർഷിക മേഖലയാകെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന കാര്‍ഷിക നിയമ ഭേദഗതികൾക്ക് എതിരെ ഇന്ത്യന്‍ കര്‍ഷകർ ഐതിഹാസിക സമരത്തിലാണ്. ഭരണഘടനയും അതിന്റെ അന്തസത്തയായ ഫെഡറലിസവും ജനാധിപത്യവും അട്ടിമറിക്കുന്ന കേന്ദ്ര ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയസമീപനത്തിന്റെ ഭാഗമാണ് കര്‍ഷകരെയും സാധാരണക്കാരെയും കോര്‍പ്പറേറ്റു താല്‍പ്പര്യങ്ങളുടെ നിസ്സഹായരായ ഇരകളാക്കി മാറ്റാന്‍ ഇടയാക്കുന്ന ഈ നിയമ ഭേദഗതികളും എന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെ ജനാധിപത്യ സംരക്ഷണത്തിനായി കര്‍ഷകരോടും സാധാരണക്കാരോടും ഒപ്പം അണിചേരുക എന്നത് ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമെന്ന നിലയില്‍ നമ്മുടെ അടിയന്തിര ചുമതലയാണ്.
സമ്പത്ത് ഉണ്ടാക്കുന്നത് കോര്‍പ്പറേറ്റുകളാണെന്നും നിയന്ത്രണങ്ങളില്ലാത്ത വിപണി സൃഷ്ടിക്കുകയാണ് രാഷ്ട്രത്തിന്റെ വികസനത്തിനു വേണ്ടതെന്നും നിയമങ്ങളെല്ലാം അതിന് അനുകൂലമാക്കലാണ് സര്‍ക്കാറിന്റെ കടമ എന്നുമുള്ള കാഴ്ചപ്പാടാണ് ഭരണകര്‍ത്താക്കള്‍ പ്രചരിപ്പിക്കുന്നത്. ഇതിനെ യുക്തിയുടേയും മാനവികതയുടേയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കേണ്ടതുണ്ട്.
നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ സവിശേഷതയെ തമസ്ക്കരിച്ചു ഏകശിലാ രൂപത്തിലുള്ള അഖണ്ഡ ഭാരത സങ്കല്പം പ്രചരിപ്പിക്കാനുള്ള‍ ഗൂഡശ്രമമാണ് നടക്കുന്നത്. അതിന്റെ ഭാഗം തന്നെയാണ് ഒരൊറ്റ രാജ്യം, ഒരൊറ്റ കമ്പോളം, ഒരൊറ്റ സംസ്കാരം, ഒരൊറ്റ തെരഞ്ഞെടുപ്പ് …. എന്നീ പ്രചരണങ്ങളും‍. ഇവ തുറന്നു കാണിച്ചേ തീരൂ.
2020 ലെ ആഗോള പട്ടിണി സൂചിക പ്രകാരം 107 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 94 ആണ്. അയൽരാജ്യമായ ബംഗ്ലാദേശ് (75), മ്യാൻമർ (78), പാകിസ്ഥാൻ (88) എന്നിവ ഈ വർഷത്തെ പട്ടിണി സൂചികയിൽ ഇന്ത്യയേക്കാൾ ഉയർന്ന സ്ഥാനത്താണ്. കഴിഞ്ഞ വർഷം 117 രാജ്യങ്ങളിൽ 102 ആയിരുന്നു ഇന്ത്യയുടെ റാങ്ക്. ഡോ. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കര്‍ഷകാനുകൂല നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായ നടപടികളാണ് കോര്‍പ്പറേറ്റു പ്രീണനത്തിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജനജീവിതം ദുസ്സഹമാക്കുന്ന ഈ നയസമീപനങ്ങള്‍ തുറന്നു കാട്ടുന്നതിനും ഭരണഘടനയും ഫെഡറലിസവും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ചയാക്കുന്നതിനുമുള്ള ഒരു കാമ്പയിന്‍ അനിവാര്യമാണ്.
ഇന്നു നിലനില്‍ക്കുന്ന ഇന്ത്യന്‍ യഥാര്‍ത്ഥ്യങ്ങള്‍ തുറന്നു കാണിച്ചു കൊണ്ട്, പലവിധ മാധ്യമ പ്രയോഗങ്ങള്‍ വഴി ഭരണ കൂടം നടത്തുന്ന നുണ പ്രചരണത്തിനെതിരെ ജനമനസ്സുകളില്‍ ശക്തമായ പ്രതിരോധം തീര്‍ക്കലാണ് പ്രധാനം. അതിനുതകുന്ന വിധത്തില്‍ പ്രാദേശിക കൂട്ടായ്മകള്‍ സൃഷ്ടിക്കുന്നതിനുള്ള സാംസ്കാരിക ഇടപെടലുകളാണ് വേണ്ടത്. സാംസ്കാരിക ഇടപെടലുകളെന്നാല്‍ സംസ്ക്കാരത്തിലുള്ള ഇടപെടലാണ്. അതിനുള്ള മാര്‍ഗമായാണ് ജനകീയ ശാസ്ത്രസാംസ്ക്കാരികോത്സവം നാം വിഭാവനം ചെയ്തിട്ടുള്ളത്.
സ്ത്രീകള്‍, യുവാക്കള്‍, കുട്ടികള്‍ അടക്കം എല്ലാ വിഭാഗം ആളുകളെയും ആകര്‍ഷിക്കാനും പങ്കാളികളാക്കാനും‍ ഉതകുന്ന വിധത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് മുഖാമുഖവും ഡിജിറ്റല്‍ രൂപത്തിലും നടത്താവുന്ന പുതിയ ശൈലിയിലും ഭാഷയിലുമുള്ള വ്യത്യസ്തങ്ങളായ പരിപാടികള്‍ ഇതിന്റെ ഭാഗമായി നമുക്ക് ആവിഷ്ക്കരിക്കാനാവണം.
അതുപോലെ വളരെ പ്രധാനപ്പെട്ടതാണ് ഇതിനൊപ്പമുള്ള സംഘടനയെ സഹായിക്കുക എന്ന പ്രത്യേക പുസ്തക പ്രചാരണം. പ്രതിസന്ധി ഘട്ടത്തിൽ സംഘടനയെ സഹായിക്കുക എന്നത് അതിലെ അംഗങ്ങളുടെ ഉത്തരവാദിത്തമാണല്ലോ. കോവിഡ് മൂലം സാധാരണ കാമ്പയിനുകളിലൂടെയുള്ള സാമ്പത്തിക സമാഹരണം നടക്കാത്ത സാഹചര്യത്തിൽ നമ്മുടെ അംഗങ്ങളിൽ സ്ഥിരവരുമാനമുള്ളവര്‍ എല്ലാവരും 2000രൂപയുടെയെങ്കിലും പുസ്തകം വാങ്ങി സംഘടനയെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

പാരിഷത്തികാഭിവാദനങ്ങളോടെ,

രാധന്‍ കെ
ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *