ജനകീയ ശാസ്ത്രസാംസ്കാരികോത്സവത്തിലേക്ക്

0

കോഴിക്കോട്: കോർപ്പറേറ്റുവത്കരണ നയങ്ങളും ഫാസിസ്റ്റ് സമീപനവും വളരെ ആസൂത്രിതമായി നടപ്പാക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. കാർഷിക നിയമ ഭേദഗതികൾ അതിന്റെ ഏറ്റവും ഒടുവിലത്തെ പ്രകടമായ ഉദാഹരണമാണ്. ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും വലിയ ഭീഷണികൾ നേരിടുന്നു. അതിനെതിരെയുള്ള വലിയൊരു ചെറുത്തുനില്പായി മാറുകയാണ് കർഷക സമരം. വർഗീയ പ്രചരണങ്ങളിലൂടെയും മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയും ജനങ്ങളുടെ ശീലങ്ങളെയും മനോഭാവങ്ങളെയും വിദഗ്ധമായി സ്വാധീനിച്ച് പൊതുസമ്മതികൾ നിർമിച്ചെടുക്കുകയും അതിന്റെ മറവിൽ എല്ലാം വിറ്റഴിക്കുകയുമാണ്. ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കപ്പെടുകയും ഫാസിസ്റ്റ് നയങ്ങൾ നടപ്പിലാക്കപ്പെടുകയും ചെയ്യുന്ന ഈ സമകാലീന ഇന്ത്യൻ സാഹചര്യത്തിന്റെ അപകടകരമായ അവസ്ഥയെ കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ തുറന്നു കാട്ടുക എന്നതാവണം ഈ കാമ്പയിനിന്റെ മുഖ്യപ്രമേയം.
ഒരു ജനകീയശാസ്ത്ര പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടിൽ നിന്നു കൊണ്ട് ഇക്കാര്യങ്ങൾ അവതരിപ്പിക്കുകയും അതുവഴി സാംസ്കാരിക ഭീഷണികളെ ചെറുക്കാൻ ജനങ്ങൾക്കു കരുത്തു പകരാനും കാലാവസ്ഥാമാറ്റം പോലുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ശരിയായ വികസനത്തിന്റെ രാഷ്ട്രീയം കരുപ്പിടിപ്പിക്കാനും നമുക്കു കഴിയണം.
ജനങ്ങളുടെ ശീലങ്ങളെയും മനോഭാവങ്ങളെയും സ്വാധീനിക്കുന്നതിനും മാറ്റുന്നതിനും ലക്ഷ്യമിട്ടുള്ള കൂട്ടായ്മ സൃഷ്ടിക്കലാണ് പ്രാദേശികമായി സംസ്കാരത്തിൽ ഇടപെടുന്നതിന്റെ അടിത്തറ പ്രവർത്തനം. ഇതാണ് ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിലൂടെ നാം ലക്ഷ്യമിടുന്നത്.
യൂനിറ്റു പരിധിയിലെ 150 മുതൽ 300 വരെ കുടുംബങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രദേശത്തെയാണ് നാം ലക്ഷ്യം വയ്ക്കേണ്ടത്. അവിടെ പ്രാദേശിക സാധ്യതയ്ക്കനുസരിച്ചുള്ള ഒന്നോ രണ്ടോ പ്രവർത്തനങ്ങളിലൂടെ ഈ കുടുംബങ്ങളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കലാണ് മുഖ്യലക്ഷ്യം. പച്ചക്കറിക്കൃഷി, ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ, മാലിന്യസംസ്കരണം, പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കൽ, കാർബണ്‍ ബഹിർഗമനം കുറയ്ക്കൽ, പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്ന പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, ദുരന്തസാധ്യതകൾ മുൻകൂട്ടി തടയുന്നതിനുള്ള പ്രവർത്തനങ്ങൾ, പ്രാദേശിക ചെറുകിട ഉത്പാദനം, കൂട്ടനടത്തം പോലെ കായികക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, സ്ത്രീകളുടെ സാമൂഹികാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, പുസ്തകവായന, കലാസാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾ, പരിശീലനങ്ങൾ, പ്രാദേശികപഠനം തുടങ്ങിയവ പോലെ ഉചിതമായ ഏതു പ്രവർത്തനവും ആവിഷ്കരിക്കാം.
ഈ പ്രവർത്തനങ്ങളിൽ ഈ പ്രദേശത്തെ പരമാവധി കുടുംബങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കാനാവണം. കൂട്ടായ്മ, ജനാധിപത്യം, മതേതരത്വം, സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തൽ, കുട്ടികളുടെ അവകാശ സംരക്ഷണം, അന്ധവിശ്വാസങ്ങൾക്കും അശാസ്ത്രീയത കൾക്കും എതിരെയുള്ള അവബോധം, പരിസ്ഥിതി സൗഹൃദ ജീവിത ശൈലികൾ എന്നിവ സംബന്ധിച്ച കാഴ്ച്ചപ്പാടുകളും മനോഭാവങ്ങളും ജനങ്ങൾക്കിടയിൽ പകരാൻ കഴിയുംവിധമാവണം ഈ പ്രവർത്തനങ്ങൾ ആവിഷ്കരിക്കേണ്ടത്. ഈ കാഴ്ച്ചപ്പാടുകളും മനോഭാവങ്ങളും നേരിട്ടല്ലാതെ ഈ പ്രവർത്തനങ്ങളിലൂടെ വളരെ സ്വാഭാവികമായി ജനങ്ങൾക്കിടയിലേക്ക് പകരാനാണ് ശ്രമിക്കേണ്ടത്.
ഇത്തരത്തിൽ ഒരു പ്രാദേശിക കൂട്ടായ്മ 400 കേന്ദ്രങ്ങളിലെങ്കിലും രൂപീകരിച്ചെടുക്കുക എന്നതാണ് ജനകീയ ശാസ്ത്രസാംസ്കാരികോത്സവത്തിന്റെ ലക്ഷ്യം.
ഈ കേന്ദ്രങ്ങളിൽ സാംസ്കാരികോത്സവത്തിന്റെ ഒരു ദിവസം നമ്മുടെ കലാജാഥ സാധ്യമെങ്കിൽ നേരിട്ടോ അല്ലെങ്കിൽ ഡിജിറ്റൽ ആയോ  ആ പ്രദേശത്തെ നാലോ അഞ്ചോ കേന്ദ്രങ്ങളിലായി അവതരിപ്പിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അവയ്ക്കൊപ്പം നമ്മുടെ ഉത്പന്നങ്ങളുടെ പ്രചാരണം നടക്കണം.
ഈ പ്രവർത്തനങ്ങളെല്ലാം സംഘടിപ്പിക്കുന്നതിന് പ്രാദേശികമായ ഒരു സംഘാടക സമിതി ഉണ്ടാക്കണം. പ്രദേശത്തെ സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ, കുടുംബശ്രീ, ഹരിതകേരളം, ഗ്രന്ഥശാലാ സംഘം, സാക്ഷരതാ മിഷൻ തുടങ്ങിയവയുടെ പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷനുകൾ, സ്പോർട്സ് ആർട്സ് ക്ലബുകൾ, പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവരെയൊക്കെ ഈ സംഘാടക സമിതിയിൽ ഉൾപ്പെടുത്തണം.
ഓരോ കേന്ദ്രത്തിലും ശ്രദ്ധേയമായ വിധത്തില്‍ പുസ്തക പ്രചാരണം സംഘടിപ്പിക്കണം. 500 രൂപ മുതൽ മുകളിലോട്ട് പുസ്തകം വാങ്ങാൻ കഴിയുന്നവരെ പ്രാദേശികമായി ലിസ്റ്റ് ചെയ്ത് അവർക്ക് പുസ്തക കൂപ്പൺ നൽകണം. ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി പുസ്തകോത്സവവും സംഘടിപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *