ജനറല്‍ സെക്രട്ടറിയുടെ കത്ത്

0

സുഹൃത്തുക്കളേ,

കേരളം മുഴുവന്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുകയാണ്. അഭൂതപൂര്‍വമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപൊക്കവുമാണ് കേരള ജനത നേരിട്ടുകൊണ്ടിരിക്കുന്നത്. ആലപ്പുഴയിലും വയനാട്ടിലും ഇടുക്കിയിലുമെല്ലാം സ്ഥിതിഗതികള്‍ വിവരണാതീതമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ഈ ജില്ലകള്‍ ജനവാസയോഗ്യമാകാന്‍ മാസങ്ങള്‍തന്നെ വേണ്ടിവരും. എത്ര മനുഷ്യജീവന്‍ നഷ്ടപ്പെട്ടുവെന്ന് നമുക്കറിയാം. എന്നാല്‍ എത്ര ജീവികള്‍, എത്ര മൃഗങ്ങള്‍, എത്ര സസ്യജാലങ്ങള്‍ നഷ്ട്ടപ്പെട്ടുപ്പോയി എന്നത് കണക്കുകള്‍ക്കതീതമാണ്. പൂര്‍ണമായോ ഭാഗികമായോ നഷ്ട്ടപ്പെട്ടുപോയ ആവാസകേന്ദ്രങ്ങളുടെ കണക്കുകള്‍ ഇനിയും തിട്ടപ്പെടുത്തേണ്ടിയിരിക്കുന്നു.
ആലപ്പുഴയില്‍ തീരവും കായലും വേര്‍തിരിക്കാന്‍ കഴിയാത്തവിധം ഒന്നായെങ്കില്‍ വയനാട്ടിലും, ഇടുക്കിയിലും മണ്ണിടിഞ്ഞ് നദികള്‍ വരെ മാറിയൊഴുകുന്ന സ്ഥിതിയിലായി. ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ 33 ഡാമുകള്‍ ഒരേ സമയം തുറന്നിടേണ്ട സാഹചര്യം ഉണ്ടായിട്ടുള്ളത്. 25-40 സെന്റി മീറ്റര്‍ മഴ ഒരുമിച്ച് പെയ്യുമ്പോള്‍ അത്രയും വെള്ളം ഉള്‍ക്കൊള്ളാന്‍ നമ്മുടെ കേരളപരിസ്ഥിതിക്ക് കഴിയുന്നില്ല എന്നതാണ് ഈ പ്രളയം നമ്മെ പഠിപ്പിക്കുന്നത്. ദുരന്താഘാതങ്ങള്‍ മുന്‍കൂട്ടികാണാതെ സ്വന്തം ലാഭത്തിനുവേണ്ടി ഭൂമി പരിവര്‍ത്തനപ്പെടുത്തിയതും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനിയന്ത്രിതമായി നടത്തിയതുമാണ് ആഘാതം വര്‍ധിപ്പിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ടുവരുന്ന റോഡുകളും അനുബന്ധപ്രവര്‍ത്തനങ്ങളും ആഘതത്തിന്റെ തോത് വര്‍ധിപ്പിക്കുന്നു.
കേരളത്തിലെ ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഒക്കെ സെസ്സ് അടയാളപ്പെടുത്തിവച്ചിട്ടുണ്ട്. 25% കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളില്‍ നിര്‍മാണം പാടില്ല എന്ന് അറിവുള്ളവരൊക്കെ പറഞ്ഞ് തന്നിട്ടുണ്ട്. നദിയോരങ്ങള്‍ സംരക്ഷിക്കണമെന്നും അതിന്റെ ഓരങ്ങളില്‍ നിര്‍മാണം പാടില്ല എന്നും ശാസ്ത്രസമൂഹം മുന്നറിയിപ്പ് തന്നിട്ടുണ്ട്. നിലവിലുള്ള തണ്ണീര്‍തടങ്ങളും വയലുകളും സംരക്ഷിക്കാന്‍ നിയമങ്ങളുണ്ട്. പക്ഷെ ഇതെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ ഇങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ നമ്മുടെ നിയമനിര്‍വഹണരംഗത്തെ പാളിച്ചകള്‍ മറ കൂടാതെ പരിശോധിക്കാനുള്ള അവസരമായി ഈ ദുരന്തത്തെ കാണണം. എത്രകോടി നാശം എന്ന് കൃത്യം കൃത്യമായി കണക്കാക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അതെത്രയായാലും വലിയൊരു വിഭാഗം ജനങ്ങള്‍ അവരുടെ ജീവിതം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പത്താണ് ഒറ്റ ദിവസം കൊണ്ട് ഒലിച്ചുപോയത്. നഷ്ട്ടപ്പെട്ടവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് എല്ലാവിധത്തിലും കൈതാങ്ങായി നില്‍ക്കുക എന്നത് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ഉത്തരവാദിത്തമാണ്. അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട് എന്നതും ശ്ലാഘനീയമാണ്.
പ്രളയജലം ഒഴുകിപോയതിനുശേഷം നാം അഭിമുഖീകരിക്കാന്‍ പോകുന്ന മറ്റൊരു ദുരന്തം പകര്‍ച്ച വ്യാധികളാണ്. അതിനാല്‍ പ്രളയം കഴിഞ്ഞ് വരുന്ന കാലഘട്ടം കൂടുതല്‍ സങ്കീര്‍ണമാക്കാതെ മുന്നോട്ട് പോകണമെങ്കില്‍ ആരോഗ്യ, ശുചിത്വ, കുടിവെള്ള പ്രശ്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. പരിഷത്തിന്‍റെ ജില്ലാ നേതൃത്വം ദുരന്തബാധിത ജില്ലകളിലെ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ആവശ്യമായ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തണം. ആള്‍ശേഷി ആവശ്യമുള്ള ജില്ലകളിലേക്ക് സന്നദ്ധതയുള്ള പ്രവര്‍ത്തകരെ കണ്ടെത്തി അയക്കണം. അവശ്യസാധനങ്ങള്‍ എന്തെങ്കിലും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെങ്കില്‍ കഴിയാവുന്നത്ര സമാഹരിച്ച് കൊടുക്കണം. ആവശ്യമായ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പരിഷത്ത് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പരിഷത്ത് പ്രവര്‍ത്തകര്‍ക്ക് കൂടുതലായി ഇടപെടാന്‍ കഴിയും. അതിനായി എല്ലാവരും സന്നദ്ധരായി ഇറങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.

പാരിഷത്തികാഭിവാദ്യങ്ങളോടെ,
ടി.കെ.മീരാഭായ്
ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *