ജനോത്സവങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

0

ജനോത്സവം തിരുവനന്തപുരം മേഖലാതല ഉദ്ഘാടനം ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് നിര്‍വഹിക്കുന്നു.

തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ബഹുജനക്യാമ്പയിന്‍ പരിപാടിയായ ജനോത്സവത്തിന് ആവേശകരമായ തുടക്കം. തിരുവനന്തപുരത്ത് ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യവും മതനിരപേക്ഷതയും മാനവികതയും വിറങ്ങലിച്ചു നില്‍ക്കുന്ന ഇരുണ്ടകാലത്ത് ജനകീയകലകളുടെ പ്രതിരോധത്തിനുമുന്നില്‍ ഫാസിസ്റ്റ് രീതികള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന് നേമം പുഷ്പരാജ് അഭിപ്രായപ്പെട്ടു. ആശയാവിഷ്‌കാരവും അഭിപ്രായസ്വാതന്ത്ര്യവും ആര്‍ക്കും അടിയറ വയ്ക്കാനില്ലെന്ന് രാജ്യത്തിന്റെ സര്‍വകോണുകളില്‍നിന്നും പ്രതിരോധത്തിന്റെ ശബ്ദമുയര്‍ത്താന്‍ ജനോത്സവങ്ങളിലൂടെ കഴിയട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലണ്ടര്‍ രൂപത്തില്‍ തയ്യാറാക്കിയ ഭരണഘടനാ ആമുഖം പ്രശസ്ത ചിത്രകാരന്‍ വേണു തെക്കേമഠത്തിനു നല്‍കി അദ്ദേഹം പ്രകാശനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി.പി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ടി. രാധാമണി ആമുഖം പ്രതിജ്ഞ ചൊല്ലി. അഡ്വ. വി.കെ. നന്ദനന്‍ ജനോത്സവം ആമുഖാവതരണം നടത്തി. ആര്‍. ഗിരീഷ്‌കുമാര്‍, എ. ഹസീന, പി ഗിരീശന്‍, എന്‍. സുഖ്ദേവ് തുടങ്ങിയവര്‍ സംബന്ധിച്ചു. മേഖലാസെക്രട്ടറി പി. പ്രദീപ് സ്വാഗതവും ജനോത്സവം കണ്‍വീനര്‍ കെ. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
പരിപാടിയുടെ മുന്നോടിയായി സംഘടിപ്പിച്ച സമതോത്സവം നഗരസഭാ കൗണ്‍സിലര്‍ എസ്. പുഷ്പലത ഉദ്ഘാടനം ചെയ്തു. ലിംഗസമത്വം എന്ന വിഷയത്തില്‍ കെഎസ്ഇബിഒഎ ജില്ലാ വനിതാ ചെയര്‍പേഴ്സണ്‍ ജാസ്മിന്‍ ബാനു ക്ലാസ്സെടുത്തു. ടി. ജെസ്സിയമ്മ അധ്യക്ഷത വഹിച്ചു. ബിജു ജി.ആര്‍. നാഥ് സ്വാഗതവും സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. മാനവീയം വീഥിയില്‍ സംഘടിപ്പിച്ച ഉത്സവക്കൊടിയേറ്റം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍നായര്‍ നിര്‍വഹിച്ചു. ഭരണഘടന ആമുഖം ബാനറെഴുത്തിന് ലളിതകലാ അക്കാദമി വൈസ് ചെയര്‍മാന്‍ കാരയ്ക്കാമണ്ഡപം വിജയകുമാര്‍ തുടക്കം കുറിച്ചു. കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. പി.എസ്. രാജശേഖരന്‍ ഭരണഘടനാ ആമുഖം അവതരിപ്പിച്ചു.
ജില്ലയിലെ 13 മേഖലകളിലും ജനോത്സവം ഉദ്ഘാടനം നിര്‍വഹിച്ചു. നേമത്ത് ഐ.ബി.സതീഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, സാംസ്‌ക്കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 28 വരെ ജില്ലയില്‍ വിപുലമായ സാംസ്‌ക്കാരിക കലാ പരിപാടികളും, കലാജാഥയും, പ്രഭാഷണങ്ങളും ക്ലാസുകളും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *