ടി.ആര്‍.ചന്ദ്രദത്ത് കര്‍മോത്സുകതയുടെയും ഇച്ഛാശക്തിയുടെയും ആള്‍രൂപം

0

മര്‍ത്യവീര്യം അദ്രിയെ വെല്ലുമെന്ന് പ്രഖ്യാപിച്ച മഹാകവിതന്നെയാണല്ലോ വിജിഗീഷുവായ മൃത്യുവിനുപോലും ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താനാവില്ലെന്ന് എഴുതിയതും. മാരകമായ രോഗത്തിന് കീഴ്പെട്ടിട്ടും അത്യസാധാരണമായ മനോബലം കൊണ്ടും കര്‍മനിരതത്വം കൊണ്ടും മരണത്തെപ്പോലും മാറ്റിനിര്‍ത്തി താന്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ലോകത്തോട് വിടപറഞ്ഞ ടി.ആര്‍.ചന്ദ്രദത്ത് ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരു പാഠവും മാതൃകയുമാണ്.
2018 മാര്‍ച്ച് 20 നാണ് 75-ാമത്തെ വയസ്സില്‍ ദത്ത് മാഷ് നിര്യാതനായത്. ഓരോ മണല്‍തരിയിലും ഇടതുപക്ഷ പ്രസ്ഥാനത്തിന് ആഴത്തില്‍ വേരോട്ടമുള്ള മണപ്പുറമാണ് ദത്ത് മാഷെ സൃഷ്ടിച്ചത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊന്നാനി താലൂക്ക് സെക്രട്ടറിയായിരുന്ന ടി.കെ.രാമന്റെ മകനാണ് ദത്ത് മാഷ്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചു. വിമോചനസമരത്തിനെതിരെ വിദ്യാര്‍ഥികളെ സംഘടിപ്പിക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കി. 1972 ല്‍ തൃപ്രയാര്‍ ഗവണ്‍മെന്റ് പോളി ടെക്നിക്കില്‍ അധ്യാപകനായി. സര്‍വീസ് സംഘടനാരംഗത്തും സജീവമായി പ്രവര്‍ത്തിച്ചു.
1996 ല്‍ നാവില്‍ ക്യാന്‍സര്‍ ബാധിച്ച് ശസ്ത്രക്രിയക്ക് വിധേയനായ ദത്ത് മാഷിന്റെ നാവും താടിയെല്ലും കഴുത്തിലെ എല്ലും നീക്കം ചെയ്യേണ്ടിവന്നു. പിന്നീട് ദ്രാവകരൂപത്തിലുള്ള ഭക്ഷണം മാത്രം കഴിച്ചാണ് അദ്ദേഹം ജീവിച്ചത്. ശസ്ത്രക്രിയയില്‍ നാവിന്റെ ഭാഗത്ത് വച്ചുപിടിപ്പിച്ച മാംസഭാഗം കൊണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് അവ്യക്തമായ രീതിയിലെങ്കിലും സംസാരിക്കാനായത്. എന്നാല്‍ ഈ പരാധീനതകളൊന്നും കൂസാതെ പ്രസംഗവേദികളിലും ചര്‍ച്ചാസദസ്സുകളിലും മാഷ് സജീവമായി നിലകൊണ്ടിരുന്നു.
ലാറി ബേക്കറില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചെലവ് കുറഞ്ഞ കെട്ടിടങ്ങളുടെ നിര്‍മാണത്തിനും പ്രചാരണത്തിനുമായി കോസ്റ്റ്ഫോര്‍ഡ് എന്ന സ്ഥാപനം തുടങ്ങിയകാലം മുതല്‍ അതിന്റെ ഡയറക്ടര്‍ മാഷായിരുന്നു. നിരവധി സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയും ആഴമേറിയ ആശയസംവാദങ്ങളുടെയും കേന്ദ്രമായി കോസ്റ്റ്ഫോര്‍ഡിനെ മാറ്റാന്‍ ദത്ത് മാഷിന് സാധിച്ചു.
തന്റെ ജന്മനാടായ തളിക്കുളത്തിന്റെ സമഗ്രവികസനത്തിനുവേണ്ടിയാണ് വികാസ് ട്രസ്റ്റ് ആരംഭിച്ചത്. അതിന്റെ ആരംഭകാലം മുതല്‍ക്കേ മാഷാണ് ചെയര്‍മാന്‍. തളിക്കുളത്തെ തൊഴില്‍ പരിശീലനം, സ്ത്രീശാക്തീകരണം, വയോജനസംരക്ഷണം തുടങ്ങിയ മേഖലകളിലെല്ലാം ട്രസ്റ്റ് ഇടപെടുന്നുണ്ട്.
ഇ.എം.എസ്സിന്റെ മരണത്തെത്തുടര്‍ന്ന് എല്ലാ വര്‍ഷവും തൃശ്ശൂരില്‍ നടന്നുവരുന്ന ഇ.എം.എസ് സ്മൃതി എന്ന പേരിലുള്ള സംവാദവേദി ദത്തുമാഷുടെ മറ്റൊരു വലിയ സംഭാവനയാണ്. കഴിഞ്ഞ 19 വര്‍ഷവും ഈ പരിപാടി മുടങ്ങാതെ നടന്നിട്ടുണ്ട്. അതാത് കാലത്ത് ഏറ്റവും പ്രസക്തമായ വിഷയങ്ങള്‍ അതാത് മേഖലകളിലെ ഏറ്റവും പ്രഗത്ഭരായ പണ്ഡിതന്മാരെത്തന്നെ പങ്കെടുപ്പിച്ചുകൊണ്ട് ആഴത്തിലും പരപ്പിലും ചര്‍ച്ച ചെയ്യുന്ന ഇ.എം.എസ് സ്മൃതി ഇപ്പോള്‍ കേരളത്തിലെ മുഖ്യ സാംസ്കാരിക സംഭവങ്ങളിലൊന്നായി മാറിയിട്ടുണ്ട്. കേരളത്തിന് പുറത്തുനിന്നുപോലും നിരവധി വിദ്യാര്‍ഥികളും യുവജനങ്ങളും ഈ പരിപാടിയില്‍ പങ്കെടുത്തുവരുന്നുണ്ട്.
വളരെ വ്യക്തവും നിശിതവുമായ രാഷ്ട്രീയനിലപാട് അദ്ദേഹത്തിനുണ്ടായിരുന്നു. അചഞ്ചലമായിരുന്നു അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രതിബദ്ധത. കാര്യങ്ങള്‍ വളരെ ചിട്ടയായി ആസൂത്രണം ചെയ്യാനും നടപ്പാക്കാനും അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് അനിതരസാധാരണമായിരുന്നു. ഏതൊരു യോഗത്തില്‍ പങ്കെടുക്കുമ്പോഴും അദ്ദേഹം നോട്ടുകള്‍ തയ്യാറാക്കിയാണ് വരിക. ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും മുന്നൊരുക്കത്തോടെത്തന്നെ. നിരന്തരവും അഗാധവുമായ വായനയിലൂടെ ലോകമെമ്പാടും ശാസ്ത്രസാങ്കേതിക രാഷ്ട്രീയ മേഖലകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചെറു ചലനങ്ങളെപ്പോലും അദ്ദേഹം സ്വാംശീകരിച്ചു. അതെല്ലാം ചര്‍ച്ച ചെയ്യാനുള്ള വേദികള്‍ തുടര്‍ച്ചയായി സൃഷ്ടിച്ചു. യുവജനങ്ങളോട് പ്രത്യേകം മമത അദ്ദേഹം വച്ചുപുല‍ര്‍ത്തിയിരുന്നു. അവരുടെ രാഷ്ട്രീയജാഗ്രതയില്‍ വരുന്ന കുറവിനെക്കുറിച്ച് ഉത്കണ്ഠപ്പെടുകയും അവരുടെ ആശയതലം വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളൊരുക്കി അവരെ അതില്‍ പങ്കാളികളാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.
അവസാനകാലത്ത് മാഷ് ശ്രദ്ധിച്ചത് വയോജനക്ഷേമത്തിലായിരുന്നു. കേരളജനസംഖ്യയില്‍ വര്‍ധിച്ചുവരുന്ന വയോജനങ്ങളുടെ പ്രശ്നങ്ങള്‍ പൊതുസമൂഹത്തിന്റെയും അധികാരികളുടെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് അദ്ദേഹം വിവിധരൂപത്തില്‍ ശ്രമിച്ചുകൊണ്ടിരുന്നു.
ദത്തുമാഷുടെ ആശയവ്യക്തതയും രാഷ്ട്രീ യപ്രതിബദ്ധതയും ആസൂത്രണവൈദഗ്ധ്യവും സംഘാടനവൈഭവവും തിളങ്ങിനിന്ന സന്ദര്‍ഭമായിരുന്നു തൃശ്ശൂരില്‍ നടന്ന സി.പി.ഐ.എമ്മിന്റെ സംസ്ഥാന സമ്മേളനം. ഭക്ഷണം പോലും കഴിക്കാതെ രണ്ട് മാസത്തോളം ദിവസം 16-18 മണിക്കൂറുകള്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ആരോഗ്യത്തില്‍ ശ്രദ്ധിക്കണമെന്ന സുഹൃത്തുക്കളുടെ ഉപദേശം അദ്ദേഹം ചെവിക്കൊണ്ടില്ല. വലിയൊരു പരിപാടിയില്‍ ഉണ്ടാകാവുന്ന നിസാരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ചിലര്‍ വിമര്‍ശിക്കുമ്പോഴും, ഒന്നും പറയാതെ ഒരു ചെറു ചിരിയോടെ അദ്ദേഹം കേട്ടുനിന്നു ; ഒരു പരിഭവമോ പരാതിയോ ഇല്ലാതെ.
ഈ വര്‍ഷത്തെ ഇ.എം.എസ് സ്മൃതിയെക്കുറിച്ചുള്ള കരട് കുറിപ്പ് തയ്യാറാക്കി സുഹൃത്തുക്കള്‍ക്കയച്ചാണ് അദ്ദേഹം സര്‍ജറിക്ക് തയ്യാറായി അമൃതയിലേക്ക് പോയത്. ആസ്ത്പത്രിയിലേക്ക് പോകുന്നതിന് മുമ്പ് സര്‍ജറിയുടെ വിവരങ്ങളും സുഹൃത്തുക്കളെ അറിയിച്ചിരുന്നു. 8-9 മണിക്കൂര്‍ നീണ്ടുനിന്ന സര്‍ജറി വിജയമായിരുന്നു എന്നറിഞ്ഞ് സന്തോഷിച്ചിരിക്കവേയാണ് മരണവാര്‍ത്തയെത്തുന്നത്.
ശാസ്ത്രസാങ്കേതികവിദ്യകള്‍ സമൂഹത്തിന് വേണ്ടി പ്രയോജനപ്പെടുത്തുന്നതിന് ജീവിതം മാറ്റിവച്ച ദത്ത് മാഷിന് ആദരാഞ്ജലികള്‍.

Leave a Reply

Your email address will not be published. Required fields are marked *

You may have missed