തിരുവനന്തപുരത്ത് കർഷകർക്ക് ഐക്യദാർഢ്യധര്‍ണ

0

തിരുവനന്തപുരം: കാര്‍ഷികമേഖലയെ കുത്തക മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കുന്നതിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക മാര്‍ച്ചിന് ജില്ലയിലെ വിവിധ യൂണിറ്റുകേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യധര്‍ണ സംഘടിപ്പിച്ചു. കര്‍ഷകപ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചും കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ചിന് പിന്തുണ അറിയിച്ചും ജില്ലയിലാകെ സംഘടിപ്പിച്ച ധര്‍ണയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളായി. തിരുവനന്തപുരം ജനറല്‍ പോസ്‌റ്റോഫീസിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗം അംശു വാമദേവന്‍ ഉദ്ഘാടനം ചെയ്തു.
കര്‍ഷകവിരുദ്ധ നിയമങ്ങള്‍ ജനാധിപത്യവിരുദ്ധമായി പാസാക്കിയെടുത്ത കേന്ദ്ര സര്‍ക്കാറിന്റെ ചര്‍ച്ചകള്‍ രാജ്യദ്രോഹപരമാണെന്നും കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ അന്നം പണയപ്പെടുത്തിയിരിക്കുകയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്രത്തില്‍ ഇന്നുവരെ കാണാനാകാത്തവിധം പ്രതിഷേധങ്ങളാണ് ഇന്ന് രാജ്യം കാണുന്നത്. കോവിഡ് മാഹാമാരിയുടെയും അതിശൈത്യത്തിന്റെയും പ്രയാസങ്ങളെ കണക്കിലെടുക്കാതെ ലക്ഷക്കണക്കിന് കര്‍ഷകര്‍ ജീവിക്കാന്‍ വേണ്ടി നടത്തുന്ന സമരമാണിതെന്നും പരിഷത്ത് പോലുള്ള പ്രസ്ഥാനങ്ങള്‍ ഇത്തരം സമരങ്ങള്‍ക്ക് ഐക്യപ്പെട്ടുകൊണ്ടുനടത്തുന്ന പ്രതിഷേധങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അംശുവാമദേവന്‍ പറഞ്ഞു. അഡ്വ. കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി.
തിരുവനന്തപുരം മേഖലയിലെ പേരൂര്‍ക്കട, ഭവന്‍, ആനയറ, നെടുങ്കാട്, കാലടി, ശ്രീകാര്യം, കുടപ്പനക്കുന്ന് യൂണിറ്റുകളും നെടുമെങ്ങാട് മേഖലയിലെ വെമ്പായം, കളത്തറ, വര്‍ക്കല മേഖലയിലെ മണമ്പൂര്‍, ചെറുന്നിയൂര്‍ യൂണിറ്റുകളും നെയ്യാറ്റിന്‍കര മേഖലയിലെ നെയ്യാറ്റിന്‍കര, കിടാരക്കുഴി യൂണിറ്റുകളും പാറശാല മേഖലയിലെ ചെങ്കല്‍ എന്നിവിടങ്ങളിലും ഐക്യധാര്‍ഢ്യ ധര്‍ണ സംഘടിപ്പിച്ചു. പെരുങ്കടവിള മേഖലയിലെ നടന്ന ധര്‍ണ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീലാകുമാരി ഉദ്ഘാടനം ചെയ്തു.
കഴക്കൂട്ടം മേഖലയിലെ കാട്ടായിക്കോണത്ത് നടന്ന ധര്‍ണ മുന്‍ ജില്ലാ സെക്രട്ടറി എസ് ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലയിലെ എഫ്.സി.ഐ., മേനംകുളം, കാര്യവട്ടം, കഠിനംകുളം, കുടവൂര്‍ എന്നീ യൂണിറ്റുകളിലും പരിപാടി സംഘടിപ്പിച്ചു. വെഞ്ഞാറമൂട് യൂണിറ്റില്‍ നടന്ന പരിപാടി ജില്ലാപഞ്ചായത്ത് അംഗം ഷീലാകുമാരി ഉദ്ഘാടനം ചെയ്തു. കല്ലറ, വെഞ്ഞാറമൂട്, പിരപ്പിന്‍കോട്, കോലിയക്കോട്, പന്തപ്ലാവിക്കോണം, പാലംകോണം എന്നീ യൂണിറ്റുകളാണ് വെഞ്ഞാറമൂട് മേഖലയില്‍ ധര്‍ണ സംഘടിപ്പിച്ചത്.
നേമംമേഖലയിലെ നേമം മേഖലയുടെ ആഭിമുഖ്യത്തില്‍ തച്ചോട്ടുകാവ് ജംങഷനില്‍ നടന്ന കര്‍ഷകസമര ഐക്യദാര്‍ഢ്യ ധര്‍ണ്ണ ജില്ലാ ജന്റര്‍ വിഷയസമിതി കണ്‍വീനര്‍ ഷിബു എ.എസ് ഉദ്ഘാടനം ചെയ്തു. വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തംഗം തങ്കമണി ടീച്ചര്‍, മലയിന്‍കീഴ് ഗ്രാമപഞ്ചായത്തംഗം ഗോപകുമാര്‍ എന്നിവര്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്തു. കല്ലിയൂര്‍, പ്രാവച്ചമ്പലം, ബാലരാമപുരം, വെടിവെച്ചാന്‍കോവില്‍ തുടങ്ങിയ യൂണിറ്റുകളും പരിപാടി സംഘടിപ്പിച്ചു.
കല്ലിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഊക്കോട്ട് ഐക്യദാർഢ്യ ധർണ്ണ. യുണിറ്റ് പ്രസിഡന്റ് എൻ കുമരേശന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച പരിപാടി, പുതിയ കാർഷിക നിയമം ഉണ്ടാക്കാൻ പോകുന്ന സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾ വിശദീകരിച്ചുകൊണ്ട് യുണിറ്റ് അംഗം സി എസ്സ് രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. കാർഷിക നിയമത്തിന്റെ ഭരണഘടനാ സാധുതയെക്കുറിച്ചും മറ്റു നിയമവശങ്ങളെക്കുറിച്ചും ഗീഥികാ ശിവനും സാമൂഹിക വശങ്ങളെക്കുറിച്ച് ജി അരവിന്ദും സംസാരിച്ചു. വി ശശിധരൻ നായർ ധർണ്ണക്ക് അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. സുനിൽകുമാർ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *