തുരുത്തിക്കര ഹരിതബിനാലെ

0

കലാകാരന്മാരൂടെ ബിനാലെ കാണുന്നതിലും കൂടുതൽ ആവേശകരമായിരിന്നു മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെ ബിനാലെ കണ്ടപ്പോൾ. ഡോ.ടി.എൻ.സീമ തുരുത്തിക്കര ജനകീയ കൂട്ടായ്മയിൽ രൂപപ്പെടുത്തിയ കേരള വികസനരംഗത്തെ പുത്തൻ മാതൃകകൾ കാണിച്ചുകൊണ്ടുള്ള ഹരിത ബിനാലെ കൗതുകകരവും ആവേശകരവും ആയിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റ്, യുവസമിതി, സമതാവേദി എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിക്കപെട്ട ജനകീയ കൂട്ടായ്മ നടത്തിവരുന്ന ഊര്‍ജ നിര്‍മല ഹരിത ഗ്രാമം പരിപാടിയുടെ ഭാഗമായിട്ടാണ് ഹരിത ബിനാലെ സംഘടിപ്പിച്ചത്. നിര്‍മലഭവനത്തിൽ നിന്നും ആരംഭിച്ച ശുചിത്വഭവനം, ഊര്‍ജ ഭവനം, ജലഭവനം, ജലപരിശോധനാ ഭവനം, സഞ്ചി വീട്, വാഴഭവനം, എൽ.ഇ.ഡി ക്ലിനിക്, ഹരിത വിദ്യാലയം, വാഴ തോട്ടം എന്നിവ കടന്ന് ഹരിത ഭവനത്തിൽ വരെ നീളുന്നു ഹരിത ബിനാലെയുടെ കാഴ്ചകൾ. ഹരിത ഗ്രാമത്തിലെ ഈ ജനകീയ മാതൃകകകൾ കാണുന്നതിനും അടുത്തറിയുന്നതിനും രാവിലെ മുതൽ എത്തിയത് ആയിരക്കണക്കിന് പേർ. നിര്‍മലഭവനത്തിൽ മാലിന്യ സംസ്കരണത്തിലെ വിവിധ രീതികളായ കിച്ചൺ ബിൻ, ബയോ ഡൈജസ്റ്റർ ബിൻ, മണ്ണിര ഭരണി, പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ പ്രദർശിപ്പിച്ചിരുന്നു, പൂർണമായും എൽ ഇ ഡി ബൾബുകൾ ആക്കിയ വീടായിരുന്നു ഊര്‍ജഭവനം കൂടാതെ ചൂടാറാപ്പെട്ടി, പോർട്ടബിൾ അടുപ്പ്, പരിഷദ് അടുപ്പു എന്നിങ്ങനെ നീളുന്നു അവിടത്തെ കാഴ്ച്ചകൾ. നിര്‍മല ഭവനത്തിൽ സോപ്പ് നിര്‍മാണം, മറ്റ് സമത ഉല്പന്നങ്ങളുടെ പ്രദർശനം, നിര്‍മാണരീതികൾ എന്നിവ ഒരുക്കിയിരുന്നു. ജലഭവനത്തിൽ മാതൃകപരമായി പ്രവർത്തിക്കുന്ന കിണർ റീചാർജിങ് സംവിധാനം പരിചയപ്പെടുത്തി നിര്‍മാണ രീതികൾ പറഞ്ഞുകൊടുക്കുകയും വീഡിയോ പ്രദർശനവും ഒരുക്കിയിരുന്നു. ജലപരിശോധനാ ഭവനത്തിൽ കിണർ ജല പരിശോധന നടത്തുന്നതിനുള്ള മിനി ലാബായിരിന്നു ഉണ്ടായിരുന്നത്. വാഴഭവനത്തിൽ വിവിധതരം വാഴകളെ പരിചയപെടുത്തി. ഊര്‍ജ സംരക്ഷണ പ്രവർത്തങ്ങളിലൂടെ പുതിയ മാതൃകയായ എൽ ഇ ഡി ക്ലിനിക് സന്ദർശകർക്ക് വ്യത്യസ്ത അനുഭവം ആയിരിന്നു കേടായ എൽ ഇ ഡി ബൾബുകൾ മാറ്റുക, പുതിയവ നിര്‍മിക്കുന്നതിനുള്ള പരിശീലനം എന്നിവ. പാർട്സുകൾ എല്ലാം ഇവിടെ ലഭ്യമായിരുന്നു. വാർഡിലെ ഏക വിദ്യാഭാസ സ്ഥാപനമായ തുരുത്തിക്കര ടെക്നിക്കൽ സ്കൂൾ ഹരിത വിദ്യാലമായി മാറിയിരുന്നു. ശാസ്ത്രീയ കൃഷിയിലൂടെ പച്ചക്കറി, എൽ.ഇ.ഡി ബൾബ്, ട്യൂബ് നിര്‍മാണം, അങ്ങനെ നീളുന്നു അവിടുത്തെ കാഴ്ച്ചകൾ. വിവിധതരം വിത്തുകൾ, തൈകൾ, ജൈവവള നിര്‍മാണം – പ്രദര്‍ശനം – വിൽപ്പന, ഗ്രോ ബാഗുകൾ, കീടനാശിനികൾ, പച്ചക്കറി തോട്ടം എന്നിവയാണ് ഹാരിത ഭവനത്തിൽ ഒരുക്കിയിരുന്നത്. എല്ലാ വീടുകളിലും സന്ദർശകർക്കായി അതാതു വിഷയങ്ങളുമായി ബന്ധപെട്ട ബ്രോഷർ, ബുക്‌ലെറ്റുകൾ, ലഘുഭക്ഷണം എന്നിവ തയ്യാറാക്കിയിരുന്നു. സന്ദർശകരെ കയറ്റി ഓരോ വീടുകളിലും എത്തിക്കാൻ സൗകര്യം ഒരുക്കിയിരുന്നു. സമീപ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ബിനാലെ കാണാൻ രാവിലെ മുതൽ എത്തിയിരുന്നു. ഗ്രാമപഞ്ചായത്തു മെമ്പർ നിജി ബിജു അധ്യക്ഷത വഹിച്ച ബിനാലെ കേരള ശാസ്ത്രസാഹിത്യ പരിഷത് സംസഥാന വൈസ് പ്രസിഡണ്ട് ഡോ. ബി രമേശ് ഉദ്ഘാടനം ചെയിതു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രഞ്ജി കുരിയൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധാ രാജേന്ദ്രൻ, മുൻ എ.ഡി.എം പ്രകാശൻ, എട്ടാം വാർഡ് മെമ്പർ വി.കെ.വേണു, വ്യപാരി വ്യവസായി ഏകോപന സമിതി സെകട്ടറി കെ.സി. ജോഷി എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *