നാടെങ്ങും ചന്ദ്രോത്സവങ്ങള്‍

0

ഒരു ചെറിയ കാല്‍വെപ്പിന്റെ അന്‍പതാണ്ടുകള്‍

ചാന്ദ്രമനുഷ്യനും കുട്ടികളും

തിരുവനന്തപുരം: കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത്‌ കഴക്കൂട്ടം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച്‌ മേഖലയിലെ ഒൻപത്‌ സ്കൂളുക ള്‍ രണ്ട്‌ ദിവസങ്ങളിലായി ചാന്ദ്രമനുഷ്യൻ സന്ദർശിച്ചു. വിനോദത്തോടൊപ്പം അറിവ്‌ പകർന്ന് നൽകാനും ചില തെറ്റായ ധാരണകളെ ഇല്ലാതാക്കി ശാസ്ത്രീയ സമീപനം കുട്ടികളിലേയ്ക്ക്‌ എത്തിക്കാനും യാത്രയ്ക്ക്‌ സാധിച്ചു. സ്കൂളുകൾ സന്ദർശിച്ച ചാന്ദ്രമനുഷ്യനോട് കുട്ടികള്‍ ചോദ്യങ്ങളും സംശയങ്ങളും പങ്കുവെച്ചു.
ചന്ദ്രമനുഷ്യന്‌ ചുറ്റും കൂടിയ കുട്ടികൾക്ക്‌ എന്തോരം സംശയങ്ങളാണ്‌! എന്തുകൊണ്ടെന്തുകൊണ്ടെന്നുള്ള ചോദ്യങ്ങൾ അവസാനിക്കുന്നതേയില്ലായിരുന്നു. ചന്ദ്രനെകുറിച്ചും ചന്ദ്രയാൻ മിഷനെ കുറിച്ചും അറിയാവുന്ന കാര്യങ്ങൾ ഇങ്ങോട്ട്‌ പറഞ്ഞും അവർ ആവേശത്തോടെ ചാന്ദ്രദിനാഘോഷങ്ങളുടെ ഭാഗമായി.കാര്യവട്ടം യു പി എസിൽ നിന്ന് ആരംഭിച്ച്‌ ചേങ്കോട്ടുകോണം എൽ പി എസ്‌, കാട്ടായിക്കോണം എൽ പി എസ്‌, കൊയ്ത്തൂർക്കോണം ഇ വി യു പി എസ്‌, മണലകം എൽ പി എസ്‌, തോന്നയ്ക്കൽ എൽ പി എസ്‌, തോന്നയ്ക്കൽ എച്ച്‌ എസ് എസ്‌, പാട്ടത്തിൽ എൽ പി എസ്‌, കോരാണി എൽ പി എസ്‌ എന്നിവിടങ്ങളിൽ‌ ആദ്യ ഘട്ടത്തിൽ ചാന്ദ്രമനുഷ്യൻ എത്തി. ചന്ദ്രനിൽ നിന്ന് എത്തിയ ചാന്ദ്രമനുഷ്യൻ എന്ന സാങ്കൽപിക കഥാപാത്രം കുട്ടികളുടെ സംശയങ്ങൾക്ക്‌ മറുപടി പറയുന്ന രീതിയിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. കൗതുകമുണർത്തുന്ന ചാന്ദ്രമനുഷ്യന്റെ ഭാഷ പരിഭാഷപ്പെടുത്താൻ പരിഭാഷകനും ഒപ്പമുണ്ടായിരുന്നു.
ആഗസ്റ്റ്‌ ഒന്നിനാരംഭിച്ച്‌ രണ്ടിന്‌ അവസാനിച്ച ആദ്യഘട്ട യാത്രയിൽ രാജേഷ്‌ പെരുങ്കുഴി ചാന്ദ്രമനുഷ്യനായി വേഷമിട്ടു. വിഷ്ണു പരിഭാഷകനായി. പരിഷത്ത്‌ പ്രവർത്തകരുടെ സാന്നിധ്യവും നേതൃത്വവും സംഘാടനം മികവുറ്റതാക്കി. ചന്ദ്രയാൻ മിഷൻ വിഷയമാക്കിയ കുട്ടിക്കൂട്ടുകാരുടെ വഞ്ചിപ്പാട്ടും വ്യത്യസ്ഥങ്ങളായ സ്വീകരണങ്ങളും ഏറെ ഹൃദ്യമായ അനുഭവങ്ങളായി.
പരിഷത്ത്‌ ആനുകാലികങ്ങളും വിജ്ഞാനോത്സവവും പരിചയപ്പെടുത്തിയാണ്‌ ചാന്ദ്രമനുഷ്യൻ ഓരോ സ്കൂളിൽ നിന്നും യാത്ര പറഞ്ഞിറങ്ങിയത്‌. ചന്ദ്രനിൽ നിന്നെത്തിയ മനുഷ്യൻ എന്ന കൗതുകം, സാങ്കൽപ്പിക കഥാപാത്രമാണതെന്ന യാഥാർത്ഥ്യത്തിന്‌ വഴിമാറിയിട്ടും കുട്ടികളുടെ സംശയങ്ങൾക്‌ അവസാനമില്ലായിരുന്നു. അവർ ആവേശത്തോടെ സംശയങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *