നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി ഓര്‍ഡിനന്‍സ് 2017 പിന്‍വലിക്കുക. കേരളത്തിന്റെ ജലസുരക്ഷയും ഭക്ഷ്യസുരക്ഷയും അട്ടിമറിക്കരുത്

0

സംസ്ഥാനത്ത് വയലുകളും തണ്ണീര്‍ത്തടങ്ങളും അനിയന്ത്രിതമായി രൂപാന്തരപ്പെടുത്തുകയും വന്‍തോതില്‍ പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുളളതിനാലും നെല്‍വയലുകള്‍ പരിവര്‍ത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നത് ഫലപ്രദമായി നിയന്ത്രിക്കുന്നതിനുളള യാതൊരു നിയമവും നിലവിലില്ലാത്തതിനാലും സംസ്ഥാനത്തെ കാര്‍ഷിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും പാരിസ്ഥിതിക വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നതിനുവേണ്ടി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുകയും അവ പരിവര്‍ത്തനപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നത് നിയന്ത്രിക്കുന്നതിന് വ്യവസ്ഥ ചെയ്യേണ്ടത് പൊതുതാല്‍പര്യാര്‍ത്ഥം യുക്തമായിരിക്കുമെന്ന് സര്‍ക്കാരിന് ബോധ്യം വന്നതിനാലും 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ആക്ട് എന്ന നിയമം നിര്‍മ്മിക്കുന്നു.
മേല്‍ എഴുതിയിരിക്കുന്നത് 2008 ലെ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ ആക്ടിലെ പീഠികയാണ്. കേരളത്തിലെ നെല്‍വയലുകളുടെ വിസ്തൃതി 1975-76ല്‍ 8.85 ലക്ഷം ഹെക്ടര്‍ ആയിരുന്നത് 2008 ലെത്തിയപ്പോള്‍ 2.28 ലക്ഷം ഹെക്ടറായി ചുരുങ്ങിയ സന്ദര്‍ഭത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നിയമം നിര്‍മിക്കാന്‍ നിര്‍ബന്ധിതമായത.് 1973-ലെ ലാന്‍ഡ് യൂട്ടിലൈസേഷന്‍ ഓര്‍ഡര്‍ പ്രകാരം ഭൂമി പരിവര്‍ത്തനം ചെയ്യാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കെയാണ് ഇത്രയധികം ഭൂമി പരിവര്‍ത്തനം ചെയ്യപ്പെട്ടു പോയത് എന്ന് നാം മനസിലാക്കണം. 1975-76ല്‍ കേരളത്തിലെ നെല്ലുല്‍പ്പാദനം 13.65 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു. ഉത്പാദനക്ഷമതയാകട്ടെ ഹെക്ടറിന് 1542 കിലോഗ്രാമും. എന്നാല്‍ ഇന്ന് അങ്ങനെയല്ല സ്ഥിതി. കേരളത്തിലെ ഉല്‍പാദനക്ഷമത വര്‍ദ്ധിച്ച് ഇന്ന് ഒരു ഹെക്ടറിന് 2790 കിലോഗ്രാം നെല്ല് ഉത്പാദിപ്പിക്കാന്‍ നമുക്ക് കഴിയുന്നുണ്ട് എന്നാല്‍ ഉല്‍പാദനം 5.49 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു 1.97 ലക്ഷം ഹെക്ടറിലാണ് കൃഷിയിറക്കുന്നത്. മനുഷ്യനിര്‍മിതമായ ഈ പരിവര്‍ത്തനം പലവിധത്തിലാണ് കേരളത്തെ ബാധിച്ചുകൊണ്ടിരിക്കുന്നത്. ഇടനാട്ടിലേക്കും തീരദേശത്തേക്കും പശ്ചിമഘട്ടത്തിലെ മലകളെ ഇടിച്ച് ഇറക്കുകയാണ്. ആറു ലക്ഷം ഹെക്ടര്‍ കൃഷിഭൂമി കാര്‍ഷിക യോഗ്യമല്ലാതാക്കി തീര്‍ത്തിട്ടുണ്ട.് കേരളത്തെപ്പോലെ അതിലോലമായ പാരിസ്ഥിതിക വ്യവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്ത് വലിയ പഠനങ്ങളൊന്നും നടത്തിയതിന്റെ ഭാഗമായല്ല ഇത്രയും വലിയ പരിവര്‍ത്തനം നടത്തിയിട്ടുള്ളത്. ഇതു മൂലം മറ്റ് കാര്‍ഷിക ഉല്‍പാദനം വര്‍ദ്ധിച്ചു എന്ന് പറയാനും കഴിയില്ല. എന്നാല്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വന്നുകൊണ്ടിരിക്കുന്ന കുറവ് , വേനല്‍ക്കാലത്തെ ജലദൗര്‍ലഭ്യം, വെള്ളത്തിന്റെ ഗുണനിലവാരത്തില്‍ വന്ന മാറ്റം, ഓരുകയറ്റ ഭീഷണി, എന്നിവ നമ്മള്‍ നേരിട്ടു് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ഭൂപരിവര്‍ത്തനങ്ങള്‍ ശക്തമായ നിയമങ്ങളിലൂടെ നിയന്ത്രണ വിധേയമാക്കണമെന്ന അധികാരികള്‍ക്ക് ബോധ്യപ്പെടുന്നതും നിയമം നിര്‍മ്മിക്കുന്നതും.
എന്നാല്‍ നിയമം നിര്‍മ്മിച്ച് 10 വര്‍ഷമായിട്ടും നിയമം വേണ്ടവിധം നടപ്പിലാക്കാന്‍ മാറി വന്ന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. 2008ലെ അനിയന്ത്രിതമായ പരിവര്‍ത്തനം നിര്‍ത്തലാക്കുന്നതിന് പകരം കുറുക്കുവഴികളിലൂടെ നിയമലംഘനം നടത്താനാണ് അധികാരികള്‍ പലപ്പോഴും പ്രോത്സാഹനം നല്‍കിയിട്ടുള്ളത.് ഇതുവരെ നിയമത്തില്‍ പറയുന്ന രീതിയിലുള്ള കുറ്റമറ്റ ഡാറ്റാബാങ്ക് നിര്‍മിക്കാന്‍ നമുക്ക് ആയിട്ടില്ല. നിയമം നിര്‍മിച്ച് ആറുമാസത്തിനകം ഡാറ്റാബാങ്ക് ഉണ്ടാക്കണമെന്ന് നിയമത്തില്‍ തന്നെ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. 10 വര്‍ഷം കഴിഞ്ഞിട്ടും ഡാറ്റാബാങ്ക് ഉണ്ടായിട്ടില്ല. കൃഷിയോഗ്യമായ ഭൂമിയും തണ്ണീര്‍ത്തടങ്ങളും പൂര്‍ണമായും ഡാറ്റാബാങ്കില്‍ വന്നു എന്ന് ഉറപ്പായാലെ കേരളത്തില്‍ ഇനിയെങ്കിലും സംരക്ഷിക്കാന്‍ കഴിയുന്ന കൃഷിഭൂമി എത്രയുണ്ട് എന്ന് അറിയാന്‍ കഴിയുകയുള്ളൂ. ഭൂപരിവര്‍ത്തനത്തിന്റെ രൂക്ഷത ബോധ്യപ്പെട്ട് ഉണ്ടാക്കപ്പെട്ട നിയമമായിട്ടു കൂടി അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനുപകരം നിയമത്തെ ദുര്‍ബലപ്പെടുത്താനുളള ഭേദഗതി നടപ്പിലാക്കുന്നതിനാണ് സര്‍ക്കാരുകള്‍ ശ്രമിച്ചത്. 2015ല്‍, 2008ന് മുമ്പ് പരിവര്‍ത്തന വിധേയമാക്കിയ ഭൂമി ഫെയര്‍ വാല്യുവിന്റെ 25% തുക അടച്ചാല്‍ നിയമവിധേയമാക്കി നല്‍കാം എന്ന് ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. പരിസ്ഥിതി പ്രവര്‍ത്തകരും ഇന്നത്തെ ഭരണപക്ഷവും ഇതിനെതിരെ ശക്തമായി രംഗത്തുവന്ന സാഹചര്യത്തില്‍ ഭേദഗതി നടപ്പില്‍ വരുത്താന്‍ സാധിച്ചില്ല.
2016 ലെ തെരഞ്ഞെടുപ്പില്‍എല്‍.ഡി.എഫ്ന്റെ പ്രകടനപത്രിക ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും. നെല്‍കൃഷി 3ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കും, അതിനായി അരിശ്രീ എന്ന പദ്ധതി കൊണ്ടുവരും.
നെല്ലുല്‍പ്പാദനം 10 ലക്ഷം ടണ്‍ ആക്കി ഉയര്‍ത്തും. ഉപഗ്രഹപടത്തിന്റെ സഹായത്തോടെ ഡാറ്റാബാങ്ക് ഉണ്ടാക്കി ആറുമാസത്തിനകം പ്രസിദ്ധീകരിക്കും. ഇത് ജനകീയ ചര്‍ച്ചകള്‍ക്ക് വിധേയമാക്കി ഒരു വര്‍ഷത്തിനകം കുറ്റമറ്റ ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കും.
ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നുഎല്‍.ഡി.എഫ് ന് പ്രകടനപത്രിക. ജനങ്ങള്‍ വോട്ടു ചെയ്യുന്നതും പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ക്കും വിശ്വാസ്യതയ്ക്കും ആണല്ലോ. എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന് ജനങ്ങള്‍ വിശ്വസിച്ചു. എന്നാല്‍ പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങളിലും വിശ്വാസങ്ങളിലും പോറലേല്‍പിച്ചുകൊണ്ടാണ് 2017 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നത്. പുതിയ ഓര്‍ഡിനന്‍സ് പ്രകാരം ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത പ്രദേശം പരിവര്‍ത്തന വിധേയമാക്കാം, ഫെയര്‍വാല്യുവിന്റെ 50% തുക അടച്ചാല്‍ മതി. പ്രകടനപത്രികയില്‍ പറയുന്ന വിധത്തില്‍ ഉപഗ്രഹഭൂപടത്തിന്റെ സഹായത്തോടെ കുറ്റമറ്റ രീതിയില്‍ ഉള്ള ഡാറ്റാബാങ്ക് നിലവില്‍ വന്നിട്ടില്ല. മാത്രവുമല്ല കുറ്റമറ്റരീതിയില്‍ ഡാറ്റാബാങ്ക് പുറത്തിറക്കുന്നത് സംബന്ധിച്ച് ഒരു കാര്യവും പുതിയ ഭേദഗതിയില്‍ ഇല്ല. ഈ സാഹചര്യത്തില്‍ നിയമപ്രകാരം തന്നെ പരിവര്‍ത്തനം നടത്താന്‍ അനുവാദം നല്‍കി എന്നതാകും സ്ഥിതി. 3 ലക്ഷം ഹെക്ടര്‍ എന്ന ലക്ഷ്യം ഒന്നര ലക്ഷം ഹെക്ടറായി ചുരുങ്ങി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഇഡ വിലായിരുന്ന രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി എന്നതുപോലെയുള്ള സാഹചര്യത്തിലേക്ക് ആയിരിക്കും കൊണ്ടെത്തിക്കുക. ഒരുഭാഗത്ത് ജലസുരക്ഷയും ഭക്ഷ്യസുരക്ഷയും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മറുഭാഗത്ത് അതിനു കടകവിരുദ്ധമായി നിയമം കൊണ്ടുവരികയും ചെയ്യുന്നത് ജനവിരുദ്ധമാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടേ വികസനം സാധ്യമാക്കാന്‍ കഴിയൂ. അടിസ്ഥാന ആവശ്യമായ ശുദ്ധവായു, ശുദ്ധജലം, നല്ലഭക്ഷണം എന്നിവയില്ലാതെ വികസനം ഇപ്പോഴെ പാരിസ്ഥിതികമായി ദുര്‍ബലമായ കേരളത്തെ അതീവ ഗുരുതര സാഹചര്യത്തിലേക്കു കൊണ്ടെത്തിക്കും. പൊതു ആവശ്യങ്ങള്‍ക്ക് നെല്‍വയല്‍ പരിവര്‍ത്തന വിധേയമാക്കാം എന്ന് നിയമത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പൊതുആവശ്യം എന്ന നിര്‍വചനം ദുര്‍ബലമാണ്. ഗവണ്‍മെന്റ് നിശ്ചയിക്കുന്ന ഏതുകാര്യവും പൊതു ആവശ്യമായി നിര്‍വചിക്കാന്‍ കഴിയും. ഡാറ്റാബാങ്കില്‍ വന്നാല്‍ തന്നെയും പൊതു ആവശ്യപ്രകാരം കേരളത്തിലെ ജലസംരക്ഷണം ഉപാധികളായ നെല്‍വയലുകള്‍ ഇല്ലാതാക്കുന്ന സാഹചര്യം ഉണ്ടാകും. 2008ലെ നിയമത്തിലെ പീഠികയില്‍ പറയുന്ന പ്രസ്താവനയോട് ആണ് സര്‍ക്കാരിന് കൂറ് എങ്കില്‍ നിയമം ഈ രീതിയില്‍ അല്ല ഭേദഗതി ചെയ്യേണ്ടിയിരുന്നത്. കേരളത്തിന്റെ പ്രകൃതിയേയും ആവാസവ്യവസ്ഥയേയും സംരക്ഷിക്കുന്നതിനാണ് മുന്‍ഗണന എങ്കില്‍ കേരളത്തില്‍ ഇനിയുള്ള നെല്‍വയലുകളില്‍ തണ്ണീര്‍ത്തടങ്ങളെയും ജലസംരക്ഷണ ഉപാധികളും സംരക്ഷിക്കുന്നതിന് ആകണം പ്രധാന പരിഗണന. വികസനപ്രവര്‍ത്തനങ്ങള്‍ അതുകഴിഞ്ഞേ വരൂ എന്നു തീരുമാനിക്കണം. നിലവിലെ ഓര്‍ഡിനന്‍സിന്റെ അപകടങ്ങള്‍ മനസ്സിലാക്കി അത് പിന്‍വലിക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിച്ചു താഴെ പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭേദഗതികള്‍ കൊണ്ടുവരണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.
1. 2008 ലെ ഭൂമിയുടെ സ്ഥിതി ഗൂഗിള്‍ മാപ്പ് സൗകര്യങ്ങളുപയോഗിച്ച് പരിശോധിച്ച് കുറ്റമറ്റ രീതിയില്‍ ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുക.
2. 2008ന് ശേഷമുള്ള നികത്തലുകളെല്ലാം പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള നടപടികള്‍ നിയമത്തില്‍ സ്വീകരിക്കുക.
3. മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കരഭൂമി ലഭ്യമാകാത്ത സാഹചര്യത്തില്‍ മാത്രം നികത്തല്‍ അനുവദിക്കുക.
4. സാങ്കേതികവിദ്യകളുടെ സഹായത്തോടെ 2008ന് മുമ്പാണ് പരിവര്‍ത്തനം ചെയ്തതെന്ന് ഉറപ്പുവരുത്തിയ സ്ഥലങ്ങള്‍ മാത്രം ഫെയര്‍ വാല്യുവിന്റെ 50 ശതമാനം തുക കൈപറ്റി ക്രമപ്പെടുത്തി ഈടാക്കി നല്‍കുക.
5. 2008ന് ശേഷമുള്ള നെല്‍വയല്‍ തണ്ണീര്‍ത്തട പരിവര്‍ത്തനം നൂറുശതമാനവും നിയമവിരുദ്ധം ആക്കുക
6. നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതികള്‍ മാത്രം നടപ്പിലാക്കുക
7. പുതിയ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഉണ്ടാക്കുന്നതിന് പ്രോത്സാഹനപദ്ധതികള്‍ ഉറപ്പുവരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *