പരിഷത്ത് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ പത്രപ്രസ്താവന

0

റേഷൻ ജനകീയ വിജിലൻസ് കമ്മിറ്റി രൂപീകരണം സ്വാഗതാർഹം

തൃശ്ശൂർ: കേരളത്തിലെ റേഷൻകടകളുടെ പ്രവർത്തനം നിരീക്ഷിക്കാനും വിലയിരുത്താനും ക്രമക്കേട് ഒഴിവാക്കാനും ലക്ഷ്യമിട്ട് ജനകീയ പങ്കാളിത്തത്തോടെ വിജിലൻസ് കമ്മിറ്റി രൂപീകരിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. റേഷൻ ഉപഭോക്താക്കൾക്ക് അർഹമായതും ഗുണമേന്മയുള്ളതുമായ വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇതിനകം സർക്കാർ കൈക്കൊണ്ട നടപടികളിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് വിജിലൻസ് കമ്മിറ്റി രൂപീകരണം സംബന്ധിച്ച തീരുമാനം. തൃശ്ശൂർ ജില്ലയിൽ പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂർ പ്രദേശത്ത് 5 റേഷൻകടകൾ കേന്ദ്രീകരിച്ച് പരിഷത്ത് 2016 ജൂലൈയിൽ നടത്തിയ പഠനം വ്യാപകമായ ക്രമക്കേട് പുറത്തുകൊണ്ടുവന്നിരുന്നു. ഭക്ഷ്യധാന്യങ്ങൾ വൻതോതിൽ കരിഞ്ചന്തയിലേക്ക് പോകുന്നതായി പഠനം കണ്ടെത്തി. അതിൽ 70% ഭക്ഷ്യധാന്യങ്ങളും അന്ത്യോദയ – മുൻഗണനാ വിഭാഗം ഉപഭോക്താക്കളുടേതായിരുന്നു. 2016 ഒക്ടോബറിൽ ഭക്ഷ്യസുരക്ഷാനിയമം കേരളത്തിൽ നടപ്പിലായതിനെതുടർന്ന് വിതരണത്തിലെ ക്രമക്കേട് ഇല്ലാതാക്കാൻ, മൊത്തവിതരണക്കാരെ ഒഴിവാക്കി വാതിൽപ്പടി റേഷൻ വിതരണവും ഈപോസ് മെഷീൻ സ്ഥാപനവും സർക്കാർ നടപ്പാക്കി. ഇതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നുണ്ടോയെന്നും റേഷൻവിതരണം മെച്ചപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കാൻ 2017 ജൂലൈയിൽ ദുർബലവിഭാഗങ്ങൾക്കിടയിൽ പരിഷത്ത് ജില്ലാകമ്മിറ്റി വീണ്ടും പഠനം നടത്തി. പട്ടികജാതി, പട്ടികവർഗ്ഗം, മത്സ്യത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ എന്നിവർക്കിടയിൽ നടത്തിയ പഠനം, സ്ഥിതി ഇനിയും മെച്ചപ്പെടാനുണ്ടെന്ന് കണ്ടെത്തി. അന്നത്തെ പഠനത്തിൽ റേഷൻ വിഹിതം ലഭിക്കാത്തവരുടെ സ്ഥിതി വിവരക്കണക്ക് (ശതമാനത്തിൽ) താഴെ പറയും പ്രകാരമായിരുന്നു:
(1). പട്ടികജാതി അന്ത്യോദയ അരി – 23%, ഗോതമ്പ് -73% (2). മുൻഗണനാ വിഭാഗം – അരി – 13%, ഗോതമ്പ് -58% (3). പട്ടികവർഗ്ഗം – അന്ത്യോദയ അരി – 23%, ഗോതമ്പ് – 34%, (4). മുൻഗണനാ വിഭാഗം, അരി 58% ഗോതമ്പ് 46% (5). മത്സ്യത്തൊഴിലാളി – അരി – 30%, ഗോതമ്പ് -45% (6). തോട്ടം തൊഴിലാളി-അന്ത്യോദയ മുൻഗണന-അരി – 28%, ഗോതമ്പ് – 26%
ഈയൊരു പശ്ചാത്തലത്തിൽ റേഷൻ വിതരണം കൃത്യമായി നിരീക്ഷിക്കാൻ വിജിലൻസ് കമ്മിറ്റി രൂപീകരിക്കാനുള്ള സർക്കാർ തീരുമാനം അഭിനന്ദനാർഹമാണ്. എന്നാൽ കമ്മറ്റി രൂപീകരിക്കുന്നതിന് മുമ്പ്, പ്രദേശത്തെ ജനങ്ങളെ അറിയിക്കുകയും പ്രവർത്തനം സുതാര്യവും ജനാധിപത്യപരവും ആണെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് പരിഷത്ത് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *