പരിഷത്ത് ലഘുലേഖയും പോസ്റ്ററും മന്ത്രി പ്രകാശനം ചെയ്തു

0

കോവിഡ് പ്രതിരോധം

ബോധവൽക്കരണ പോസ്റ്റര്‍ മന്ത്രി എ സി മൊയ്തീൻ പ്രകാശനം ചെയ്യുന്നു

തൃശ്ശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച ബോധവൽക്കരണ ലഘുലേഖയും (കോവിഡുകാലത്തെ ജനജാഗ്രത) പോസ്റ്ററും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പ്രകാശനം ചെയ്തു. കോവിഡ് പ്രതിരോധത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രി നിർദേശിച്ചു. പരിഷത്ത് പുറത്തിറക്കിയ ലഘുലേഖയും പോസ്റ്ററും ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് രാസത്വരകമാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
കൊവിഡ് പ്രതിരോധ പ്രവർത്തനരംഗത്ത് സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും അംഗനവാടി ടീച്ചർമാർക്കും, പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും പൊതു പ്രവർത്തകർക്കും മാർഗദർശിയാവുക എന്ന ലക്ഷ്യത്തോടെയാണ് ലഘുലേഖ പ്രസിദ്ധീകരിച്ചിട്ടുള്ളത്. കോവിഡ് ഉൾപ്പെടെയുള്ള മഹാമാരികളുടെ ചരിത്ര വഴിയും പ്രതിരോധ മാർഗങ്ങളും വിവിധ പരിശോധനാ രീതികളും വാക്സിൻ നിർമ്മാണപുരോഗതിയും മറ്റുമാണ് ലഘുലേഖയിലെ ഉള്ളടക്കം. സാധാരണ ഉന്നയിച്ച് കേൾക്കാറുള്ള ജനങ്ങളുടെ സംശയങ്ങളും അവയ്ക്കുള്ള വിശദീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് ചികിത്സാസേവനത്തിന് ഉപയോഗിക്കാൻ റോബോട്ടുകൾ വികസിപ്പിച്ച തൃശ്ശൂർ ഗവ. എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി സംഘത്തിന് നേതൃത്വം നൽകിയ പരിഷത്ത് പ്രവർത്തകനായ പി എസ് സൗരവിനെയും ഡോക്ടറേറ്റ് നേടിയ തൃശ്ശൂർ ടൗൺ യൂണിറ്റ് സെക്രട്ടറി ടി എ ഫസീലയേയും മന്ത്രി അനുമോദിച്ചു.
പ്രൊഫ. കെ ആർ ജനാർദനൻ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ജില്ലാസെക്രട്ടറി ടി സത്യനാരായണൻ, ടി ബി വിനീത, പി എസ് സൗരവ്, ടി എ ഫസീല എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *