പഴം- പച്ചക്കറി വർഷത്തിൽ പ്രത്യേകപദ്ധതി

0
യുറീക്ക ദ്വൈവാരികയുടെ പ്രത്യേക പതിപ്പ് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പ്രകാശനം ചെയ്യുന്നു.

തൃശ്ശൂർ: ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനമനുസരിച്ച് അന്താരാഷ്ട്ര പഴം – പച്ചക്കറി വർഷം (international year of fruits & vegetables) ആയി ആചരിക്കുന്ന 2021ൽ അതിന് വേണ്ടി പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കി തുടങ്ങിയെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. സംസ്ഥാന ബജറ്റിൽ പഴം – പച്ചക്കറി ഉൽപാദനവർധനവിന് വേണ്ടി പ്രത്യേകമായി തുക വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുറീക്കയുടെ പഴം- പച്ചക്കറി സ്പെഷൽ പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശ്ശൂർ പട്ടണത്തിൽ നടത്തുന്ന സുഭിക്ഷനഗരം പദ്ധതിയിൽ പഴം- പച്ചക്കറി പ്രത്യേക ഘടകമായി മാറ്റിക്കൊണ്ട് അന്യംനിന്നു പോകുന്ന പഴം- പച്ചക്കറി ഇനങ്ങളെ തിരിച്ചു കൊണ്ടുവരാനും അവയുടെ പ്രാധാന്യത്തെ പറ്റി വീട്ടമ്മമാർക്ക് ബോധവൽക്കരണം നൽകുന്നതിന് പ്രത്യേക പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുറീക്കയുടെ ഈ വർഷത്തെ ഓരോ ലക്കത്തിലും പഴം – പച്ചക്കറിയുടെ പ്രാധാന്യം, പോഷക ഗുണം, ഔഷധ മൂല്യം തുടങ്ങിയവയെ പറ്റി വിദഗ്ദരുടെ ലേഖനങ്ങൾ ഉൾപ്പെടുത്താനുള്ള പത്രാധിപസമിതിയുടെ തീരുമാനം ശ്ലാഘനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുറീക്ക എഡിറ്റർ ടി കെ മീരാഭായ് അധ്യക്ഷത വഹിച്ചു. പ്രസിദ്ധീകരണ സമിതി ചെയർമാൻ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ജില്ലാസെക്രട്ടറി ടി സത്യനാരായണൻ, ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ കെ എസ് ജയ, ഇ ജിനൻ, പ്രൊഫ. സി വിമല, സന്തോഷ് മങ്കുഴി, പ്രൊഫ. ആർ ബിന്ദു എന്നിവരും കുട്ടികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *