പുതുമയാർന്ന സമുദ്രദിനാചരണം

0

തിരുവനന്തപുരം: കടലിനെ ലോകത്തിന്റെ ചവറ്റുകുട്ടയും മാനിന്യസംഭരണിയുമാക്കി മനുഷ്യര്‍ മാറ്റുന്നുവെന്ന് കേരള യൂണിവേഴ്‌സിറ്റി അക്വാട്ടിക് ബയോളജി വിഭാഗം മേധാവി ഡോ. എ. ബിജുകുമാര്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ വേളി വിനോദ സഞ്ചാരകേന്ദ്രത്തില്‍ ജൂണ്‍ എട്ട് അന്താരാഷ്ട്ര സമുദ്രദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനിയന്ത്രിതമായി മത്സ്യസമ്പത്ത് കൊള്ളയടിച്ചും കടലിനടിയിലെ അടിസ്ഥാന ആവാസ കേന്ദ്രങ്ങളെ നശിപ്പിച്ചും കടലിന്റെ സ്വാഭാവിക ഉത്പാദനക്ഷമത ഇല്ലാതാക്കുന്നതായും അദ്ദേഹം പറഞ്ഞു. സമുദ്രങ്ങളില്‍ എത്തുന്ന മാലിന്യങ്ങളുടെ 80 ശതമാനവും മനുഷ്യർ കരയില്‍ നിന്നു പുറന്തള്ളുന്നവയാണ്. പ്രതിവര്‍ഷം ഏതാണ്ട് 80 ലക്ഷം മുതല്‍ 130 ലക്ഷം ടണ്‍ വരെ പ്ലാസ്റ്റിക് കടലിലെത്തുന്നു.
സമുദ്രപരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവൽക്കരണം മാത്രമല്ല, കടൽത്തീര ശുചീകരണവും നടത്തിയാണ് പ്രവർത്തകര്‍ പിരിഞ്ഞത്. 500 കിലോയോളം വരുന്ന മാലിന്യങ്ങൾ സമുദ്രതീരത്തു നിന്ന് ശേഖരിച്ച് വൃത്തിയാക്കി കോർപ്പറേഷൻ ശുചീകരണ വിഭാഗം തൊഴിലാളികളെ ഏൽപ്പിച്ചു. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയിലെ അംഗങ്ങളും സര്‍വകലാശാല അക്വാട്ടിക് വിഭാഗം വിദ്യാര്‍ത്ഥികളുമടക്കം നൂറിലധികം സന്നദ്ധ പ്രവർത്തകർ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു. ദൃശ്യമാധ്യമങ്ങളും പത്രങ്ങളും വളരെ പ്രാധാന്യത്തോടുകൂടി പ്രസ്തുത പരിപാടി റിപ്പോർട്ട് ചെയ്തു. അവിടെ എത്തിയ സഞ്ചാരികളിൽ അഞ്ചു പേർ വ്യത്യസ്തമായ ഈ പരിപാടിയിൽ ആകൃഷ്ടരായി പരിഷത്തിൽ അംഗത്വം വേണമെന്ന് ആവശ്യപ്പെട്ടത് പ്രവർത്തകരില്‍ ആവേശമുണര്‍ത്തി. ഈ പരിപാടി കവർ ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർ യുറീക്കയുടെയും ശാസ്ത്രകേരളത്തിന്റേയും വരിക്കാരാകാനുള്ള സന്നദ്ധതയും അറിയിച്ചു. പരിപാടികളിലുടനീളം സ്ത്രീകളുടെ വലിയ പങ്കാളിത്തം ഉണ്ടായിരുന്നു. ജില്ലാ പ്രസിഡന്റ് ബി പ്രഭാകരൻ, ടി പി സുധാകരൻ, പരിസ്ഥിതി കണ്‍വീനര്‍ പട്ടം പ്രസാദ്, ചെയര്‍മാന്‍ ഡോ. എ ബിജുകുമാര്‍, മേഖല പ്രസിഡന്റ് പ്രദീപ്, സെക്രട്ടറി ജയചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *