പ്രളയാനന്തരകേരളം നിർമാണങ്ങളിൽ നിയന്ത്രണം അനിവാര്യം : പരിഷത്ത് സെമിനാർ

0

ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സെമിനാർ പ്രൊഫ.പി.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

തൃശ്ശൂർ : പ്രളയാനന്തരം പുതിയ കേരളം കെട്ടിപ്പടുക്കുമ്പോൾ നിർമ്മാണ പ്രവർത്തനങ്ങളിലും പ്രകൃതിവിഭവ വിനിയോഗത്തിലും കർശനമായ നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹകസമിതിയംഗവും മുൻ സംസ്ഥാന പ്രസിഡണ്ടുമായ പ്രൊഫ. പി.കെ. രവീന്ദ്രൻ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഭൂവിനിയോഗവും കേരള വികസനവും’ എന്ന സെമിനാർ സാഹിത്യ അക്കാദമി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെട്ടിടങ്ങളും മാളുകളും വില്ലകളും മുതൽ കലുങ്കും മതിലും ഉൾപ്പെടെയുള്ളവയുടെ നിർമ്മാണത്തിൽ വരെ ജാഗ്രത വേണം. ജലനിർഗമന നാളികൾ അടച്ചതും പുഴകളുടെയും തോടുകളുടെയും പുറമ്പോക്ക് കൈയേറിയതും നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തിയതും വ്യാപകമായ കരിങ്കൽ ഖനനവും മണൽവാരലും മറ്റുമാണ് പ്രളയാഘാതം രൂക്ഷമാകാൻ കാരണം. പ്രകൃതിക്ഷോഭം മൂലം സ്വാഭാവികമായി നികന്ന വയലുകളുടെ പൂർവ്വസ്ഥിതി പുന:സ്ഥാപിക്കണം. അപകടസാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള സക്രിയമായൊരു ഭൂവിനിയോഗ പദ്ധതിയാണ് കേരളത്തിന് വേണ്ടത്. നിലവിലെ ഭൂവിനിയോഗരീതി ഒട്ടേറെ തിരുത്തലുകൾ ആവശ്യപ്പെടുന്നുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂമിയുടെ ആവശ്യകത, ലഭ്യത, പ്രകൃതം എന്നിവയൊക്കെ പരിഗണിച്ച് വിവിധ ആവശ്യങ്ങൾക്കായി ഭൂമിയെ സോണുകളായി (Zonation) തിരിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വികസിതരാജ്യങ്ങളിൽ പിന്തുടരുന്ന ഇത്തരം ആസൂത്രണങ്ങൾ ഭൂവിസ്തൃതി കുറഞ്ഞതും ജനസാന്ദ്രത കൂടിയതുമായ കേരളത്തിന് അത്യാവശ്യമാണ്. ആൾതാമസമില്ലാത്ത 15 ലക്ഷത്തോളം വാസയോഗ്യമായ വീടുകളും ഫ്ലാറ്റുകളും വില്ലകളും (ഹൗസിംഗ് യൂണിറ്റുകൾ) ഇന്ന് കേരളത്തിലുണ്ട്. പ്രകൃതിവിഭവങ്ങൾ അമിതമായി ചൂഷണം ചെയ്ത് കെട്ടിടങ്ങളിൽ നിക്ഷേപമാക്കുന്ന റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾ കർശന നിയന്ത്രണത്തിന് വിധേയമാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജോൺ മത്തായി സെൻറർ ഡയറക്ടർ ഡോ.ഡി.ഷൈജൻ സെമിനാറിന്റെ മോഡറേറ്ററായി. നെൽവയലുകളും തണ്ണീർത്തടങ്ങളും ഭാവിതലമുറയ്ക്ക് കരുതി വെക്കേണ്ടതുണ്ട് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ കേരള കാർഷിക സർവകലാശാല അഗ്രോണമി വിഭാഗത്തിലെ ശാസ്ത്രജ്ഞ ഡോ.പി.പ്രമീള പറഞ്ഞു. നിത്യഹരിത വനത്തേക്കാൾ പാരിസ്ഥിതിക മൂല്യം നെൽവയലുകൾക്കാണ് എന്ന് അവർ പറഞ്ഞു. ഹരിതവനത്തിന് 2007 ഡോളർ മാത്രം മൂല്യം ഉള്ളപ്പോൾ നെൽവയലുകൾക്ക് 14000 ഡോളറാണ് പാരിസ്ഥിതിക മൂല്യമെന്ന് ലോകപ്രശസ്ത ശാസ്ത്ര ജേണലായ നേച്ചർ-നെ ഉദ്ധരിച്ച് അവർ പറഞ്ഞു. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.മീരാഭായി, ജില്ലാ പ്രസിഡണ്ട് കെ.എസ്.ജയ, തൃശ്ശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി പി.കൃഷ്ണകുമാർ, പരിഷത്ത് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.ടി.വി.രാജു, മേഖലാ പ്രസിഡണ്ട് പി.വി.മനോജ് കുമാർ എന്നിവർ സംസാരിച്ചു. രാജൻ നെല്ലായി ഭൂമിഗീതങ്ങൾ ആലപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *