പ്രവര്‍ത്തകര്‍ക്കായി മാധ്യമ പരിശീലനശിൽപശാല

0
മാധ്യമ പരിശീലന ശില്‍പശാലയില്‍ ആര്‍ രാധാകൃഷ്ണന്‍ സംസാരിക്കുന്നു

തൃശ്ശൂര്‍: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിഷത്ത് പ്രവർത്തകർക്കായി മാധ്യമപരിശീലന ശിൽപശാല സംഘടിപ്പിച്ചു. പരിഷദ് വാർത്ത ഉൾപ്പെടെയുള്ള പത്രമാധ്യമങ്ങളിലും വാട്സാപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം എന്നീ സമൂഹമാധ്യമങ്ങളിലും പരിഷത്ത് പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ സാങ്കേതികവശങ്ങൾ പരിചയപ്പെടുത്തുകയായിരുന്നു ശിൽ പശാലയുടെ ലക്ഷ്യം.
സംഘടനാറിപ്പോർട്ടിങ്ങ് എന്ത്? എന്തിന്? എങ്ങനെ എന്ന വിഷയമവതരിപ്പിച്ച് പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് ആർ.രാധാകൃഷ്ണൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. ആളുകളുമായുള്ള ആത്മബന്ധം ആശയ വിനിമയത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പരിഷത്ത് സെമിനാറുകളിൽ സംസാരിക്കുന്നവരുടെ പ്രസംഗങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ പരിഷത്തിന്റെ നിലപാടിന് വിരുദ്ധമാകാതിരിക്കാൻ റിപ്പോർട്ട് ചെയ്യുന്നയാൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വാർത്ത റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനകാര്യങ്ങൾ (5W +1H ; Inverted Pyramid, lead, Head line, Dead line, etc) അദ്ദേഹം വിവരിച്ചു.
സമൂഹമാധ്യമങ്ങളുടെ സാധ്യതകളും പരിമിതികളും എന്ന വിഷയത്തിൽ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം കെ.എസ്.സുധീർ സംസാരിച്ചു. മാധ്യമരംഗത്തുണ്ടായ വിപ്ലവകരമായ മാറ്റം ഫോട്ടോഗ്രാഫിയിൽ ആണെന്ന് സുധീർ പറഞ്ഞു. പണ്ട് അപൂർവം ചിലരിൽ മാത്രമാണ് കാമറ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് എല്ലാവരുടെ കയ്യിലും കാമറയും ഇന്റർനെറ്റുമുള്ള മൊബൈൽ ഫോണുണ്ട്. ഏത് പ്രവർത്തനത്തിന്റെയും ചിത്രമെടുത്ത് നിമിഷങ്ങൾക്കകം ലോകം മുഴുവൻ എത്തിക്കാൻ ഇന്ന് നമുക്ക് കഴിയും..! സമൂഹമാധ്യമങ്ങളുടെ സാധ്യത വളരെ വലുതാണെങ്കിലും അതിലൂടെയുള്ള പ്രചാരണം സമാന ചിന്താഗതിക്കാരിലേക്ക് മാത്രമായി അത് പരിമിതപ്പെടുത്തും. ഇത് മറികടക്കാൻ മറ്റ് വഴികൾ തേടണം. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുമ്പോൾ പരിഷത്ത് പ്രവർത്തകരല്ലാത്ത സുഹൃത്തുക്കളെ ടാഗ് ചെയ്യാൻ ഓർക്കണം. നമുക്ക് വിയോജിപ്പുള്ളവരുമായും ‘സൗഹൃദം’ പുലർത്തണം. അവരുടെ പോസ്റ്റുകൾ കൂടി ലൈക്ക് ചെയ്യുകയോ കമന്റ് ചെയ്യുകയൊ വേണം. നാം പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന സന്ദേശങ്ങൾ10 വാചകങ്ങൾക്കുള്ളിൽ ഒതുക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ Read more ന് മുമ്പ് സന്ദേശത്തിന്റെ കാതൽ അവതരിപ്പിച്ചിട്ടുണ്ടാകണം. ജിജ്ഞാസ ഉണർത്തുന്നതും വായിക്കാൻ പ്രേരിപ്പിക്കുന്നതുമാകണം ഒരു സ്റ്റോറിയുടെ ലീഡ്.
“വിമാനമുണ്ടാക്കുന്ന മുനിയെ ആരാണ് തട്ടിക്കൊണ്ടുപോയത് ?” എന്നാണ് പരിഷത്ത് ഓൺലൈൻ മാസിക ലൂക്കയിൽ ഈയടുത്ത് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. പരിഷത്ത് വിക്കിയിൽ ലേഖനമെഴുതുന്നതും Full Resolution- ൽ പരിഷത്ത് പ്രവർത്തനങ്ങളുടെ പടങ്ങൾ എടുത്ത് പോസ്റ്റ് ചെയ്യുന്നതും പ്രവർത്തകർ ശീലമാക്കണം.
പരിഷത്തും മാധ്യമങ്ങളും എന്ന വിഷയമവതരിപ്പിച്ച് പരിഷത്ത് പ്രവർത്തകയും ജേണലിസം അധ്യാപികയുമായ എസ്.സിന്ധു സംസാരിച്ചു. മാധ്യമപ്രവർത്തകർക്ക് ശാസ്ത്രജ്ഞാനം പകർന്നു കൊടുക്കുന്നവരായി (Knowledge providers) പരിഷത്ത് പ്രവർത്തകർ മാറണമെന്ന് അവർ നിർദേശിച്ചു. പത്രക്കാർ നമ്മളെ കാലിക സംഭവങ്ങളുടെ ആധികാരിക വിജ്ഞാനസ്രോതസ് ആയി പരിഗണിക്കാനുള്ള സാഹചര്യമൊരുക്കണം. അങ്ങനെ വന്നാൽ അവർക്ക് നമ്മെ അവഗണിക്കാനാവില്ല.! പ്രധാന ലിങ്കുകൾ ഷെയർ ചെയ്യുകയും ഫോർവേഡ് ചെയ്യുകയും വേണം. ഗൂഗിൾ ലെൻസും ഗൂഗിൾ അസിസ്റ്റന്റും ഉപയോഗിച്ച് ഷെയർ ചെയ്യുന്നവ വ്യാജമല്ലെന്ന് (Hoax) ഉറപ്പു വരുത്തണം. ഓഡിയൊ ക്ലിപ്പുകൾ അയക്കുന്നത് വലിയ സാധ്യതയാണ്. വാട്സാപ്പ് റേഡിയൊ തുടങ്ങാവുന്നതാണ്. പരിഷത്തിന്റെ ദൃശ്യത സമൂഹത്തിൽ വർധിപ്പിക്കുന്നതിനുള്ള വിവിധ നിർദ്ദേശങ്ങൾ അവർ പരിശീലനാർത്ഥികൾക്ക് പങ്കുവെച്ചു.
ഇന്ത്യയിലെ സുപ്രധാന വാർത്താ ഏജൻസികളിലൊന്നായ UNlയുടെ ബ്യൂറോ ചീഫ് ആയി വിരമിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ പി.മോഹൻദാസ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. ശ്രീലങ്കയിലെ LTTE കലാപം റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴും പാർലമെന്റ് വ്യവഹാരങ്ങൾ റിപ്പോർട്ട് ചെയ്തപ്പോഴുമുള്ള അനുഭവങ്ങൾ അദ്ദേഹം വിവരിച്ചു. തങ്ങളുടെ നിക്ഷിപ്തതാൽപര്യത്തിനും രാഷ്ട്രീയത്തിനും അനുസൃതമായാണ് ഭൂരിഭാഗം പത്രങ്ങളും പ്രവർത്തിക്കുന്നതെന്നും അതിൽ വായനക്കാരന്റെയും വാർത്ത നൽകുന്ന പരിഷത്ത് പോലുള്ള സംഘടനകളുടെയും താൽപര്യങ്ങൾക്ക് വലിയ വില നൽകാറില്ലെന്നും അദ്ദേഹം പറഞ്ഞു. മൂലധന താൽപര്യ ങ്ങൾക്കാണ് എന്നും മുൻഗണയെന്ന് മോഹൻദാസ് ചൂണ്ടിക്കാട്ടി. പരിഷത്ത് ജില്ലാസെക്രട്ടറി ടി. സത്യനാരായണൻ മോഡറേറ്ററായി. സി. വിമല, കെ.വി.ആന്റണി , ടി.എ.ഷിഹാബുദീൻ, ടി.വി.രാജു, ശശികുമാർ പള്ളിയിൽ, വി.ഡി.നിയാഷ് , എം.ഡി. ദിനകരൻ, സ്ഥാണുനാഥൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *