പ്രൊഫ. യശ്പാല്‍ അനുസ്മരണം

0

കലാകൗമുദിയില്‍ കെ.കെ.കൃഷ്ണകുമാര്‍ എഴുതിയ ലേഖനം

പ്രൊഫസർ യശ്പാലിന്റെ നിര്യാണത്തോടെ ഇന്ത്യൻ ശാസ്ത്രരംഗത്തെ ഏറ്റവും സൗമ്യവും ജനകീയവുമായ മുഖം ആണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച 90 വർഷം നീണ്ട, തികച്ചും അർത്ഥപൂർണ്ണമായ ജീവിതത്തോട് അദ്ദേഹം വിടപറഞ്ഞു.
തൊട്ടതെല്ലാം ജനകീയമാക്കാൻ കഴിഞ്ഞ ശാസ്ത്രജ്ഞൻ, പ്രഗത്ഭനായ ശാസ്ത്രപ്രചാരകൻ, കാന്തദർശിയായ വിദ്യാഭ്യാസ വിദഗ്ധൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാൻ യശ്പാലിന് കഴിഞ്ഞു.
പ്രശസ്ത സംവിധായകനും നടനുമായ ഗിരീഷ് കർണാട് സംവിധാനം ചെയ്ത് ദൂരദർശൻ സംപ്രേഷണം ചെയ്ത ടേണിംഗ് പോയിന്റ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ, പ്രത്യേകിച്ചും വിദ്യാർത്ഥികളുടെയും യുവാക്കളുടെയും മനസ്സിൽ ശാസ്ത്രബോധത്തിന്റെ വിത്തുകൾ വിതറാൻ കഴിഞ്ഞു എന്നതായിരിക്കും ഒരു പക്ഷെ അദ്ദേഹത്തിന് ജനമനസ്സുകളിൽ ചിരപ്രതിഷ്ഠ നല്കുന്ന പ്രവർത്തനം. ഗഹനമായ ശാസ്ത്രവിഷയങ്ങൾ കൊച്ചു കുട്ടികൾക്കു പോലും മനസ്സിലാവുംവിധം അയത്നലളിതമായി പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ രീതി ശാസ്ത്രപ്രചാ രകരുടെ ഒരു ക്ലാസ്സിക് പാഠപുസ്തകം തന്നെയാകുന്നു. അവിഭക്തഭാരതത്തിലെ കിഴക്കൻ പഞ്ചാബിൽ (ഇപ്പോൾ പാകിസ്ഥാനിൽ) പെട്ട ജാങ്ങിലാണ് അദ്ദേഹം ജനിച്ചത്. 1926 നവംബർ 26 ന് പിതാവ് രാം പ്യാരേലാൽ ലാഹോറിൽ സർക്കാർ സർവീസിൽ ആയിരുന്നു. അമ്മ ലക്ഷ്മീ ദേവി. ആര്യസമാജ് വിശ്വാസികളായിരുന്ന യശ്പാലിന്റെ കുടുംബം ജാതിപരമായ ഭേദഭാവങ്ങളിൽ ഒട്ടും വിശ്വസിച്ചിരുന്നില്ല.
അച്ഛൻ സർക്കാർ ജീവനക്കാരനായിരുന്നതിനാൽ ഇന്ത്യയുടെ പലഭാഗങ്ങളിലേക്കും സ്ഥലം മാറിപ്പോകേണ്ടിയിരുന്നു. അതുകൊ ണ്ടുതന്നെ യശ്പാലിന്റെ ബാല്യവും വിദ്യാഭ്യാസവും മുന്നേറിയത് അവിഭക്ത ഇന്ത്യയുടെ പല ഭാഗങ്ങളിലായിട്ടാണ്. ജന്മസ്ഥലമായ ജാങ്ങ്, ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റ്, മധ്യപ്രദേശിലെ ജബൽപൂർ, പിന്നെ ഡെൽഹി. 1935ൽ കറ്റയിലുണ്ടായ ഭയാനകമായ ഭൂകമ്പം യശ്പാലിന്റെ കുടുംബവീട്ടക്കം അനേകം വീടുകൾ പിഴുതെറിഞ്ഞു. അഭയാർത്ഥികളായി കഴിയേണ്ടിവന്ന ആ ബാല്യകാലം അദ്ദേഹം ഇടക്കിടെ ഓർമ്മിക്കുമായിരുന്നു.
1947 ആഗസ്ത് 15നു ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന സമയത്ത് യശ്പാൽ പിതാവിനോടൊപ്പം ദൽഹിയിലായിരുന്നു. പൂർവ പഞ്ചാബ് സർവകലാശാലയിൽ ഭൗതികശാസ്ത്ര ബിരുദധാരിയായിരുന്ന അദ്ദേഹം അച്ഛനോടൊപ്പം ഒഴിവുദിവസങ്ങൾ ചെലവഴിക്കെയാണ് വിഭജനത്തിന്റെ വേദനയിലും രക്തത്തിലും കുതിർന്ന് സ്വാതന്ത്ര്യം യാഥാർത്ഥ്യമാവുന്നത്. ഡൽഹിയെ കീഴ്മേൽ മറിച്ച ആ അഭയാർത്ഥിപ്രവാഹം യശ്പാലിനെ സംബന്ധിച്ചിടത്തോളം ഒരു കുടുംബ ദുരന്തകഥകൂടിയായിരുന്നു. കാരണം പാക്കിസ്ഥാനിൽ നിന്ന് എല്ലാം വെടിഞ്ഞ് ഒഴുകിയെത്തിയ അനേകമനേകം അഭയാർത്ഥികളിൽ അദ്ദേഹത്തിന്റെ അടുത്ത ബന്ധക്കളും അയൽക്കാരും സുഹൃത്തുക്കളും എല്ലാമുണ്ടായിരുന്നു. യശ്പാലും അദ്ദേഹത്തിന്റെസുഹൃത്തുക്കളും ചേർന്ന് അഭയാർത്ഥി ക്യാമ്പുകളിൽ വളണ്ടിയർമാരായി രാപ്പകൽ പ്രവർത്തിച്ചു. ഗാന്ധിജി, നെഹ്റു, സർദാർ പട്ടേൽ എന്നിവരടക്കമുള്ള ദേശീയ നേതാക്കളുടെ സന്ദർശനവേളയിൽ ഡൽഹിയിലെ അഭയാർത്ഥി ക്യാമ്പുകളിൽ താൻകണ്ട കാഴ്ചകൾ അദ്ദേഹം പല അഭിമുഖങ്ങളിലും ഓർമ്മിക്കുക പതിവായിരുന്നു.
വിഭജനത്തോടും സ്വാതന്ത്ര്യത്തോടും കൂടി അനിശ്ചിതാ വസ്ഥയിലായ യശ്പാലിന്റെ ബിരുദപഠനം തുടരാൻ വേണ്ട പ്രേരണയും പിന്തുണയും പ്രദാനംചെയ്തത് അക്കാലത്ത് ഡൽഹി സർവ്വകലാശാലയിൽ ഫിസിക്സ് പ്രൊഫസർ ആയിരുന്ന ഡി.എസ്. കോത്താരി (പ്രശസ്തമായ കോത്താരി കമ്മീഷൻ അധ്യക്ഷൻ) ആണ്. യശ്പാൽ അടക്കമുള്ള വിദ്യാർത്ഥികളുടെ പഠനം തുടരാൻ ഡൽഹി സർവ്വകലാശാലയിൽ എല്ലാസൗകര്യങ്ങളും ചെയ്തതുകൊടുത്തു. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന്പ്രഗൽഭമായ രീതിയില്‍ ഭൗതിക ശാസ്ത്രത്തിൽ ബി.എസ്.സി ഓണേഴ്സ് പൂർത്തിയാക്കിയ ശേഷം അദ്ദേഹം അവിടെത്തന്നെ എം.എസ്സിക്ക്ചേർന്നു. എം.എസ്സിരണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കെ ആണ്ബോംബെ ടി.ഐ.എഫ്.ആറിൽ (ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്ഒഫ് ഫണ്ടമെന്റൽ റിസർച്ച്) ഗവേഷകനായി ജോലിചെയ്യാൻ അദ്ദേഹത്തിന് അവസരം ലഭിച്ചത്. 30 വർഷത്തോളം നീണ്ട യശ്പാലിന്റെ ശാസ്ത്രഗവേഷണ പ്രവർത്തനത്തിനു തുടക്കം കുറിച്ചത്അവിടെ നിന്നായിരുന്നു. 1950 മുതൽ 1973 വരെ ടി.ഐ.എഫ്.ആറിൽ തുടർന്ന അദ്ദേഹം കോസ്മിക് രശ്മികളെക്കുറിച്ചുള്ള അന്തർദേശീയ പ്രാധാന്യംനേടിയ ഒട്ടേറെ പഠനങ്ങൾക്ക് നേതൃത്വം നൽകി. ടി.ഐ.എഫ്.ആറിൽ ജോലിചെയ്തതുകൊണ്ടിരിക്കെ പ്രശസ്ത അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ ബെർണർ പീറ്റേഴ്സിനെ പോലുള്ളവരുടെ കൂടെ ഗവേഷണത്തിൽ ഏർപ്പെടാൻ അദ്ദേഹത്തിനു അവസരമുണ്ടായി. ബ്രുണോ റോസ്സി എന്ന പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹത്തിന്റെ ഹൈഡ്. ഇതിനിടയിൽ അമേരിക്കയിലെ പ്രശസ്തമായ മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അദ്ദേഹം പിഎച്ച്ഡി ബിരുദം നേടി. അന്തർദേശീയതല ത്തിലുള്ള ശാസ്ത്ര ഗവേഷണ പ്രവർത്തന മേഖ ലകളുമായി നേരിട്ട് ഇടപഴകാനും ഒട്ടേറെ പ്രഗത്ഭ ശാസ്ത്രഗവേഷകരുമായി ബന്ധം സ്ഥാപിക്കാനും അമേരിക്കയിലെ പഠനം അദ്ദേഹത്തിനു അവസരം നല്കി. വിദേശത്ത് പഠനവും ഗവേഷണവും തുടരാൻ ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നിട്ടും ഗവേഷണം പൂർത്തിയാക്കിയ ഉടൻ 1958ൽ അദ്ദേഹം ഇന്ത്യയിൽ മടങ്ങി എത്തി ടി.ഐ.എഫ്.ആറിൽ ഗവേഷണ പ്രവർത്തനം തുടർന്നു. ഇക്കാലത്താണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബലൂണുകൾ ഉപയോഗിച്ചുള്ള കോസ്മിക് രശ്മി പഠനം വിജയകരമായി സംഘടിപ്പിക്കപ്പെട്ടത്. ശാസ്ത്രരംഗത്തെ പ്രായോഗിക പരീക്ഷണങ്ങളും സൈദ്ധാന്തിക പഠനങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള തന്റെ ഗവേഷണ പ്രവർത്തനം അത്യന്തം ആസ്വാദ്യകരമായ, ഗഹനമായ അനുഭവമായിരുന്നു എന്ന് അദ്ദേഹം ഓർമ്മിക്കുന്നുണ്ട്.
1973ൽ അന്നത്തെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ പ്രവർത്തനത്തിനു നേതൃത്വം നല്കിയിരുന്ന പ്രൊഫ. സതീഷ് ധവാന്റെ നിർദേശ പ്രകാരമാണ് പ്രൊഫ. യശ്പാൽ ബഹിരാകാശ ഗവേഷണ രംഗവുമായി ബന്ധപ്പെടുന്നത്. അഹമ്മദാബാദിൽ പ്രവർത്തനം ആരംഭിക്കുന്ന സാറ്റലൈറ്റ് ആപ്ലിക്കേഷൻ സെന്ററിന്റെ ഡയറക്ടറായി അദ്ദേഹം നിയമിതനായി. ബഹിരാകാശത്തിന്റെ പ്രത്യേകിച്ച് കൃത്രിമ ഉപഗ്രഹങ്ങളുടെ സമാധാനപരമായ ഉപയോഗങ്ങളെക്കുറിച്ചു മാതൃകാപരമായ ഗവേഷണ പരീക്ഷണങ്ങൾ സംഘടിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപി ക്കപ്പെട്ടതാണ് സെന്റർ. ഇന്ന് ആശയവിനിമയരംഗത്ത് കൊടികുത്തി വാഴുന്ന വാർത്താവിനിമയ ഉപ്രഗ്രഹങ്ങൾ സംബന്ധിച്ചുള്ള സുപ്രധാനമായ ഗവേഷണ പ്രവത്തനങ്ങ ൾക്കാണ് പ്രൊഫസർ യശ്പാലും അദ്ദേഹത്തിന്റെ ഊർജസ്വലരായ സഹപ്രവർത്തകരും ഇവിടെ തുടക്കം കുറിച്ചത്. വാർത്താ വിനിമയ ഉപ്രഗ്രഹങ്ങൾ ഉപയോഗിച്ച് ഗ്രാമീണ ഭാരതത്തിൽ വിപുലമായ വിദ്യാഭ്യാസ ബോധവല്ക്കരണ പ്രവർത്തനങ്ങൾ എങ്ങനെ നടത്താം എന്നത് സംബനസന്ധിച്ചുള്ള സൈറ്റ് (സാറ്റലൈറ്റ് ഇൻസ്ടക്ഷണൽ ടെലിവിഷൻ എക്സിപിരിമെന്റ്) പരീക്ഷണത്തിന് നേതൃത്വം നല്കിയത് പ്രൊഫ യശ്പാലും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും തന്നെയാണ്. ഇന്ത്യയിലെ വാർത്താവിനിമയ ചരിത്രത്തിൽ നിർണായകമായ സ്ഥാനമാണ് ഗുജറാത്തിലെ ഒരു കൊച്ചുഗ്രാമത്തെ കേന്ദ്രീകരിച്ചു നടത്തിയ ഈ പരീക്ഷണത്തിന് ഉള്ളത്.
മികച്ച ശാസ്ത്രഗവേഷകൻ മാത്രമല്ല. ദീർഘവീ ക്ഷണമുള്ള ഒരു ശാസ്ത്രസംഘാടകൻ കൂടിയാണ് താൻ എന്ന് ഈ ഘട്ടമായപ്പോഴേക്കും അദ്ദേഹം തെളിയിച്ചു കഴിഞ്ഞിരുന്നു. ഉപ്രഗ്രഹ വാർത്താവിനിമയ പരീക്ഷണങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ അമേരിക്കയെപ്പോലുള്ള വികസിത രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടതില്ല എന്നും അവ നമ്മുടെ ശാസ്ത്രജ്ഞന്മാർക്ക് സ്വയം നിർമ്മിക്കാൻ ആവുമെന്നും തെളിയിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വം ഏറെ സഹായകമായി. ഇന്ന് ഉപഗ്രഹ വാർത്താ വിനിമയരംഗത്ത് നമ്മുടെ രാജ്യം കൈവരിച്ചിട്ടുള്ള അഭിമാനാവഹമായ നേട്ടങ്ങളുടെ അടിത്തറ പണിയുന്നതിൽ പ്രൊഫ. യശ്പലിനെപ്പോലുള്ളവർ വഹിച്ച പങ്കു കൃതജ്ഞതാപൂർവ്വം ഓർക്കേണ്ടതുണ്ട്. ബഹിരാകാശ ത്തിന്റെ സമാധാനപരമായ ഉപയോഗ സാധ്യതകളെ മുൻ നിർത്തിയുള്ള പ്രൊഫ. യശ്പാലിന്റെ വിലപ്പെട്ട സംഭാവനകളെ മുൻനിർത്തി ഐക്യരാഷ്ട്രസഭയുടെ രണ്ടാമത് യുണിസ്പേസ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
1983ല പ്രൊഫ. യശ്പാൽ ദേശീയ പ്ലാനിംഗ് കമ്മീഷനിൽ മുഖ്യ ഉപദേഷ്ടാവായി നിയമിതനായി. നമ്മുടെ ആസൂത്രണ പ്രക്രിയയെ കൂടുതൽ ശാസ്ത്രതീയമാക്കുന്നതിനും രാജ്യത്തെ ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്താനും ഇക്കാലത്ത് അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. ഇന്ത്യയുടെ ഒന്നാമത്തെ ആശയവിനിമയ ഉപ്രഗ്രഹമായ ഇൻസാറ്റ്-1 വിക്ഷേപണം ചെയ്യപ്പെട്ടത് ഇക്കാലത്താണ്. തുടർന്നു. ശാസ്ത്രസാങ്കേതിക വകുപ്പിന്റെ സെക്രട്ടറി എന്ന നിലയിലും അദ്ദേഹം തന്റെ വ്യക്തിമുദ്രപതിപ്പിക്കുകയുണ്ടായി. അദ്ദേ ഹത്തിന്റെ നേതൃത്വത്തിൽ ശാസ്ത്രഗവേഷണരംഗത്തും ശാസ്ത്രപ്രചാരണരംഗത്തും വലിയ നേട്ടങ്ങൾ കൈവരിക്കാൻ ശാസ്ത്രസാങ്കേതിക വകുപ്പിന് സാധ്യമായി. ‌
പ്രൊഫ. യശ്പാൽ സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ച മറ്റൊരു മേഖല വിദ്യാഭ്യാസ രംഗമാണ്. 1986-91 കാലഘട്ടത്തിൽ അദ്ദേഹം യു ജി സി ചെയർമാനായി സേവനമനുഷ്ഠിക്കുകയുണ്ടായി. നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്തെ ചലനോന്മുഖമാക്കാൻ സഹായകമായ ഒട്ടേറെ മാറ്റങ്ങൾക്കു തുടക്കം കുറിക്കാൻ അദ്ദേഹം യത്നിച്ചു. സർവകലാശാലകളും ശാസ്ത്രഗവേഷണ സ്ഥാപനങ്ങളും സഹകരിച്ചുകൊണ്ടുള്ള അന്തർസർവകലാശാലാ ഗവേഷണ കേന്ദ്രങ്ങൾ അദ്ദേഹത്തിന്റെ പ്രതിഭയിൽ നിന്ന് ഉദിച്ച ആശയമായിരുന്നു. പില്ക്കാ ലത്ത് ഇന്ത്യൻ ഉന്നത വിദ്യഭ്യാസരംഗത്ത് ദൂരവ്യാപകമായ മാറ്റങ്ങൾ ശുപാർശ ചെയ്തതുകൊണ്ടുള്ള യശ്പാൽ കമ്മറ്റിക്ക് നേതൃത്വം നല്കിയതും അദ്ദേഹം തന്നെ.
ഉന്നത വിദ്യാഭ്യാസ രംഗത്തെന്നപോലെ, സ്കൾ വിദ്യാഭ്യാസ രംഗത്തെയും അദ്ദേഹം തന്റെ ഈടുറ്റ സംഭാവനകൾ കൊണ്ട് സമ്പന്നമാക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിനുള്ള സൃഷ്ടിപരമായ അനേകം നിർദ്ദേശങ്ങൾ ഉൾക്കൊ ള്ളുന്ന ലേണിംഗ് വിത്തൗട്ട് ബർഡൻ എന്ന പ്രശസ്തമായ റിപ്പോർട്ട് ഇതിനു ഉത്തമോദാഹരണമാണ്. അതുപോലെതന്നെ 2005 ൽ എൻ.സി.ഇ.ആർ.ടി.യു ടെ നേതൃത്വത്തിൽ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പുനരാവിഷ്ക്കരിക്കാൻ തീരുമാനിച്ചപ്പോൾ അതിനു ചുക്കാൻ പിടിച്ചതും പ്രൊഫ. യശ്പാൽ തന്നെയായിരുന്നു.
മഹാനായ ഈ ശാസ്ത്രജ്ഞൻ കുട്ടികൾക്കും സാധാരണക്കാർക്കും ഏറ്റവും പ്രിയപ്പെട്ട ശാസ്ത്രപ്രചാരകൻ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ടേണിംഗ് പോയിന്റ് എന്ന പ്രശസ്ത പരിപാടിക്ക് ലഭിച്ച ജനപിന്തുണ ഇതിനു ഉത്തമോദാ ഹരണമായിരുന്നു. ഇതിനു പുറമേ 1995, 1999 എന്നീ വർഷങ്ങളിൽ പൂർണ സൂര്യഗ്രഹണ വേളയിൽ ഗ്രഹണത്തിന്റെ ശാസ്ത്രം സാധാരണക്കാർക്കായി അവതരിപ്പിക്കുന്ന തൽസമയ സംപ്രേഷണത്തിനു നേതൃത്വം നൽകിയതും അദ്ദേഹം തന്നെ. അനേകം ബഹുമതികളും അവാർഡുകളും ഈ മഹാനായ ശാസ്ത്രകാരനെ തേടിയെത്തുകയുണ്ടായി. രാഷ്ട്രം പത്മവിഭൂഷൺ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു. മികച്ച എൻ.സി.എസ്.ടി.സി. അവാർഡ്, പ്രശസ്തമായ മാക്രോണി ഫെല്ലോഷിപ്പ്, ആർതർ സി. ക്ലർക്ക് അവാർഡ് എന്നിവയ്ക്കും അദ്ദേഹം അർഹനായി. ശാസ്ത്രവിജ്ഞാനവും ശാസ്ത്രബോധവും രാഷ്ട്രനിർമ്മാണത്തിനും ജനാധിപത്യ പ്രക്രിയയിലും സുപ്രധാനമായ പങ്കുവഹിക്കുന്നു എന്ന് ആത്മാർത്ഥമായി വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഒരു മഹാപ്രതിഭാശാലിയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ശാസ്ത്രവും ശാസ്ത്രബോധവും അസാധാരണമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ നഷ്ടം നമ്മെ കൂടുതൽ നിസ്സഹായരാക്കും.

Leave a Reply

Your email address will not be published. Required fields are marked *