ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി 14-ാം വാര്‍ഷിക സമ്മേളനം

0

ശാസ്ത്രബോധം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം

അബുദാബി: ശാസ്ത്ര പഠനത്തോടൊപ്പം ശാസ്ത്രബോധവും പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ഫ്രണ്ട്സ്‌ ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പതിനാലാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജൂൺ 21നു അബുദാബി കേരള സോഷ്യൽ സെന്ററിൽ നടന്ന സമ്മേളനം ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ ടി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യം വെച്ചുകൊണ്ട് ഡോ. എം.എ ഖാദർ ചെയർമാനായുള്ള വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരിഷത്ത് സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഏതൊരു വിദ്യാഭ്യാസപദ്ധതിയെയും ആത്യന്തികമായി വിലയിരുത്തേണ്ടത് ഗുണഭോക്താവിന്റെ പക്ഷത്ത് നിന്നുകൊണ്ടായിരിക്കണം. പ്രീസ്കൂൾ ഘട്ടം മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാഭ്യാസത്തെ സമഗ്രമായി നോക്കിക്കാണാൻ റിപ്പോർട്ടിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്ര മാനവവിഭവശേഷി വകുപ്പിനു സമർപ്പിച്ചിരിക്കുന്ന കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ കരടിൽ കാതലായ മാറ്റം വരുത്തേണ്ടതുണ്ട്. പുതിയ നയം നവലിബറൽ തത്വങ്ങൾ മാത്രമാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഭരണഘടനയിൽ ഊന്നിയുള്ളതായിരിക്കണം.
പ്രസിഡന്റ് ശ്രീകുമാരി ആന്റണി അധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻകുട്ടി, അബുദാബി ശക്‌തി തീയറ്റേഴ്‌സ് വൈസ് പ്രസിഡന്റ് മധു പറവൂർ എന്നിവർ സംസാരിച്ചു. അബുദാബി ചാപ്ടർ കോർഡിനേറ്റർ സ്മിത ധനേഷ് സ്വാഗതവും ശ്യാം നന്ദിയും പറഞ്ഞു. പ്രശാന്തൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടർന്നു നടന്ന പ്രതിനിധി സമ്മേളനത്തിൽ കോ ഓർഡിനേറ്റർ ഹരിദാസ് പ്രവര്‍ത്തന റിപ്പോർട്ടും ഡോ. അനുഷ വരവു ചെലവു കണക്കും അവതരിപ്പിച്ചു. കെ ടി രാധാകൃഷ്ണൻ ആണ് സംഘടനാരേഖ അവതരിപ്പിച്ചത്. ചർച്ചയിൽ ഉയർന്നുവന്ന ചോദ്യങ്ങളോട് കെ ടി ആറും ഹരിദാസും പ്രതികരിച്ചു.
ധനേഷ് (പ്രസിഡന്റ്), ഡോ.സിനി അച്യുതൻ (വൈസ് പ്രസിഡന്റ്), മുരളി ഐ. പി (കോ-ഓർഡിനേറ്റർ), ശ്യാം (ജോ. കോ-ഓർഡിനേറ്റർ), കെ.ആർ. അരുൺ (ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഡോ. കെ പി ഉണ്ണികൃഷ്ണൻ, ഈദ് കമൽ എന്നിവർ സമ്മേളനത്തെ വിലയിരുത്തി സംസാരിച്ചു. സംഘടനയിലെ കലാകാരന്മാരുടെയും കെ ടി ആറിന്റെയും ഹൃദ്യമായ പരിഷത് ഗാനാലാപനം സമ്മേളനത്തിൽ ഏറെ ആവേശകരമായി.

Leave a Reply

Your email address will not be published. Required fields are marked *