ബാലവേദി കൂട്ടുകാരുടെ ഡിസംബർ മാസത്തെ ഒത്തുകൂടൽ

0
ബാലവേദി കൂട്ടുകാരും പ്രവർത്തകരും കോവിഡ് 19 മാനദണ്ഢങ്ങൾ പാലിച്ചു കൊണ്ട് ഒത്തുകൂടിയപ്പോള്‍

എറണാകുളം: പെരുമ്പിള്ളി യുറീക്ക ബാലവേദി കൂട്ടുകാരുടെ ഡിസംബർ മാസത്തെ ഒത്തുകൂടൽ ബാലവേദി പ്രസിഡന്റ് മാധവ് എം.പി. യുടെ അധ്യക്ഷതയിൽ ചേർന്നു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസങ്ങളിൽ പരസ്പരം നേരിൽ കാണാതെ ഓൺലൈൻ സംവിധാനത്തിലൂടെ കൂടിയിരുന്നതിൽ നിന്നും വ്യത്യസ്തമായി ഓഫ് ലൈനായി കൂട്ടുകാരെല്ലാം ഒത്തുകൂടി എന്ന ഒരു പ്രത്യേകതയും ഇത്തവണത്തെ കൂട്ടു ചേരലിന് ഉണ്ടായിരുന്നു.
17 ബാലവേദി കൂട്ടുകാരും പ്രവർത്തകരും കോവിഡ് 19 മാനദണ്ഢങ്ങൾ പാലിച്ചു കൊണ്ട് – മാസ്ക് ധരിച്ച്, സാമൂഹിക അകലം ഉറപ്പാക്കി പരീക്ഷണാടിസ്ഥാനത്തിൽ ഒരു വലിയ മരചുവട്ടിലാണ് കൂടിയത്.
ഈ കാലഘട്ടത്തിന്റെ പ്രത്യേകതകൾ, കൊറോണ വിശേഷങ്ങൾ & അനുഭവങ്ങൾ ഓരോ കുട്ടിയും സ്വതസിദ്ധമായ രീതിയിൽ കൂട്ടുകാരുമായി ചുരുങ്ങിയ വാക്കുകളിൽ പങ്കുവച്ചു. തുടർന്ന്, ശ്രദ്ധ എന്ന പ്രത്യേക വിഷയത്തെ അധികരിച്ച് രണ്ടുതരം കളികളും നടത്തുകയുണ്ടായി. കുട്ടികളായിരിക്കെ പഠനത്തിലും നിത്യജീവിതത്തിലും ശ്രദ്ധ എന്നത് വളരെ അവിഭാജ്യമാണെന്നും, അശ്രദ്ധമായി / അലസമായി കാര്യങ്ങളെ സമീപിച്ചാൽ ഉണ്ടായേക്കാവുന്ന ഏതാനും ഭവിഷത്തുകൾ കളികളിലൂടെ കുട്ടികൾ മനസിലാക്കുവാനും, അവ കളികൾക്കിടയിൽ വിശദീകരിക്കുക വഴി കളിയിൽ അൽപം കാര്യം എന്നത് ഒരു പരിധി വരെ അന്വർത്ഥമായി.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുള്ളതിനാൽ തങ്ങൾ ആഗ്രഹിക്കുന്ന കളികളിലേർപ്പെടാൻ കഴിയാത്തതിൽ ഏതാനും കൂട്ടുകാർക്ക് വ്യസനമുണ്ടായെങ്കിലും അതെല്ലാം പിന്നീടാവാമെന്ന പക്വതയോടെയുള്ള സമാശ്വാസവാക്കുകൾ കൂട്ടുകാർ പരസ്പരം പറയുന്നത് കേട്ടപ്പോൾ സന്തോഷം തോന്നി.
തൊപ്പി നിർമ്മാണ പ്രവർത്തനവും നടത്തി. കടലാസ് ഉപയോഗിച്ച് വിവിധ തരത്തിൽ തൊപ്പികൾ പത്രതാളുകൾ കൊണ്ട് കുട്ടികൾ ഉണ്ടാക്കി, തലയിൽ വച്ചു. കൂട്ടുകാർ തയ്യാറാക്കി വന്നിരുന്ന പലഹാരങ്ങൾ പങ്കു വച്ച് കഴിക്കുക കൂടി ആയപ്പോൾ ബഹുകേമം, കൂട്ടുചേരൽ കൂടുതൽ ഉഷാറായി.
ഒത്തുചേർന്ന പരിസരം വൃത്തിയാക്കിയതിനുശേഷം കൂട്ടുകാരെല്ലാവരുടെയും ആർപ്പുവിളിയോടെ 6.30 ന് ഒത്തുചേരൽ അവസാനിച്ചു. നിരഞ്ജന ശിവരാജൻ സ്വാഗതവും ഏഞ്ചൽ ക്ലെയർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *